തിരിച്ചെത്തിയ പ്രവാസികളില്‍ കൊവിഡ് ബാധിതര്‍ 1.83 ശതമാനം മാത്രം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: രോഗവ്യാപന സാധ്യത ചൂണ്ടിക്കാട്ടി നാട്ടിലേക്കു മടങ്ങുന്ന പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ 'പ്രവാസി ഭീതി' അസ്ഥാനത്തെന്ന് വ്യക്തമാക്കി ആരോഗ്യ വകുപ്പിന്റെ തന്നെ കണക്കുകള്‍. കേരളത്തിലേക്കു മടങ്ങിയെത്തിയ പ്രവാസി മലയാളികളില്‍ 1.83 ശതമാനം പേര്‍ക്കു മാത്രമാണ് കൊവിഡ്- 19 സ്ഥിരീകരിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മെയ് ഏഴു മുതലാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് മലയാളികള്‍ നാട്ടിലേക്കു തിരിച്ചെത്തിയത്.
അന്നു മുതല്‍ ശനിയാഴ്ച വരെയുള്ള കണക്കനുസരിച്ച് ആകെ 72,095 പേരാണ് തിരിച്ചെത്തിയത്. ഇവരില്‍ 1,321 പേര്‍ക്കു മാത്രമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
ഓരോ ദിവസവും സര്‍ക്കാര്‍ പുറത്തുവിടുന്ന കൊവിഡ് കേസുകളില്‍ വിദേശത്തു നിന്നെത്തിയ രോഗബാധിതരുടെ എണ്ണം പ്രത്യേകം എടുത്തുപറയുമ്പോള്‍ അതൊരു വലിയ സംഖ്യയാണെന്ന പ്രതീതിയുണ്ടാകുമെങ്കിലും നാട്ടിലേക്കു മടങ്ങിയെത്തുന്നവരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ അതു തീരെ കുറവാണെന്നതാണ് വസ്തുത. എന്നാല്‍ പ്രവാസികള്‍ക്കും തദ്ദേശവാസികള്‍ക്കും ഒരുപോലെ ആശ്വാസകരമായ ഈ വസ്തുത തുറന്നുപറയാന്‍ സര്‍ക്കാരോ ആരോഗ്യ വകുപ്പോ നോര്‍ക്കയോ ഇതുവരെയും തയാറായിട്ടില്ല.
കൊവിഡ് പരിശോധനയില്ലാതെ വിമാനത്തില്‍ വരുന്നത് അപകടമാണെന്ന് ആവര്‍ത്തിച്ചു പറയുന്ന സര്‍ക്കാര്‍, ഇതുവരെ നാട്ടിലെത്തിയവരില്‍ 98 ശതമാനത്തിലധികം പേര്‍ക്കും രോഗം ബാധിച്ചിട്ടില്ലെന്നത് മറച്ചുവയ്ക്കുകയാണ്. കഴിഞ്ഞ ദിവസം തിരികെയെത്തിയവരുടെ കണക്കുകള്‍ വിശദമാക്കിയ മുഖ്യമന്ത്രിയും ഇക്കാര്യം വെളിപ്പെടുത്തിയില്ല.
മെയ് ഏഴു മുതല്‍ ശനിയാഴ്ച വരെ പ്രവാസികളുമായി 401 വിമാനങ്ങളും മൂന്നു കപ്പലുകളുമാണ് കേരളത്തിലെത്തിയത്. വിമാനങ്ങളില്‍ 176 എണ്ണം വന്ദേഭാരത് മിഷന്റെ ഭാഗമായും 225 എണ്ണം ചാര്‍ട്ട് ചെയ്തും എത്തിയതാണ്.
സംസ്ഥാനത്തിനു പുറത്തുള്ള വിമാനത്താവളങ്ങളിലിറങ്ങിയ ശേഷം 137 പേരും കേരളത്തിലേക്കെത്തി. യു.എ.ഇയില്‍ നിന്ന് 154 വിമാനങ്ങളിലായി 28,114 പേരും കുവൈത്തില്‍ നിന്ന് 60 വിമാനങ്ങളിലായി 10,439 പേരും ഒമാനില്‍ നിന്ന് 50 വിമാനങ്ങളില്‍ നിന്നായി 8,707 പേരും ഖത്തറില്‍ നിന്ന് 36 വിമാനങ്ങളിലായി 6,005 പേരും ബഹ്‌റൈനില്‍ നിന്ന് 26 വിമാനങ്ങളിലായി 4,309 പേരും സഊദി അറേബ്യയില്‍ നിന്ന് 34 വിമാനങ്ങളിലായി 7,190 പേരും നാട്ടിലെത്തി. മറ്റു രാജ്യങ്ങളില്‍നിന്ന് 44 വിമാനങ്ങളിലായി 7,184 പേരും തിരിച്ചെത്തി.
കൂടുതല്‍ യു.എ.ഇയില്‍ നിന്നെത്തിയവര്‍
രോഗം സ്ഥിരീകരിച്ചതില്‍ ഏറ്റവും കൂടുതല്‍ യു.എ.ഇയില്‍ നിന്നെത്തിയവര്‍. കുവൈത്തില്‍ നിന്നെത്തിയവരാണ് തൊട്ടുപിറകില്‍. ഇരുരാജ്യങ്ങളില്‍ നിന്നും എത്തിയ 839 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. യു.എ.ഇയില്‍ നിന്നെത്തിയ 468 പേര്‍ക്കും കുവൈത്തില്‍ നിന്നെത്തിയ 371 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. യു.എ.ഇയില്‍ വിമാനത്താവളങ്ങളില്‍ റാപിഡ് ടെസ്റ്റ് നടത്തുന്നതിനാല്‍ അവിടെ നിന്ന് വരുന്നവരുടെ കാര്യത്തില്‍ പ്രത്യേകം പരിശോധനയുടെ പ്രശ്‌നം വരില്ലെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ റാപിഡ് ടെസ്റ്റും കഴിഞ്ഞെത്തിയ പലര്‍ക്കും പിന്നീട് രോഗം സ്ഥിരീകരിച്ചെന്നതാണ് വസ്തുത. കൊവിഡ് പരിശോധന വേണമെന്ന സര്‍ക്കാര്‍ വാദത്തെ തന്നെ ഇത് അപ്രസക്തമാക്കുകയാണ്. സര്‍ക്കാര്‍ ആവശ്യപ്പെടുന്ന ആന്റിബോഡി, ട്രൂനാറ്റ് പരിശോധന നടത്തിയാലും പെട്ടെന്ന് രോഗം സ്ഥിരീകരിക്കാനാവാത്ത സാഹചര്യമുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധരും വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."