'പാത്തുക്കുട്ടിയോടൊപ്പം ഒരു ബഷീര്‍ ഓര്‍മ്മ'
ഈരാറ്റുപേട്ട : മുസ്‌ലിം ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സാഫിന്റെ ആഭിമുഖ്യത്തില്‍ ബഷീര്‍ അനുസ്മരണം നടത്തി.
'പാത്തുക്കുട്ടിയോടൊപ്പം ഒരു ബഷീര്‍ ഓര്‍മ്മ' എന്ന പരിപാടിയില്‍ ബഷീറിന്റെ പാത്തുമ്മയുടെ ആട് എന്ന കഥയിലെ പാത്തുക്കുട്ടി എന്ന കഥാപാത്രം സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ബഷീറിന്റെ അനുജനായ അബ്ദുല്‍ഖാദറിന്റെ മൂത്തമകളായ പാത്തുക്കുട്ടി, കഥയിലെ ഒരു പ്രധാന കഥാപാത്രമാണ്. സ്‌കൂളിലെ ഇലഞ്ഞി മരച്ചുവട്ടില്‍ ഒരുക്കിയ വേദിയില്‍ ബഷീറിനൊപ്പം കുളിക്കാന്‍ പോയതും, ചാമ്പങ്ങ കച്ചവടം നടത്തിയതും ആടിനെ പിടിച്ചു നിര്‍ത്തുന്നതും ഒക്കെ വളരെ വിശദമായി പാത്തുക്കുട്ടി വിദ്യാര്‍ഥികളുമായി സംസാരിച്ചു.
5-ാം ക്ലാസ്സിലെ മലയാളം പാഠപുസ്തകത്തില്‍ ബഷീറിന്റെ ഈ കഥാഭാഗം കുട്ടികള്‍ക്ക് പഠിക്കാനുന്‍ട്. അതുപോലെ 10-ാം ക്ലാസ്സില്‍ ഇംഗ്ലീഷ് പാഠപുസ്തകത്തിലും ബഷീര്‍ കഥാ പാഠഭാഗമാണ്. കഥയിലെ കഥാപാത്രം നേരിട്ട് കുട്ടികളുടെ മുന്നിലെത്തി സംസാരിച്ചത് കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി. സാഫ് കണ്‍വീനര്‍ മുഹമ്മദ് ലൈസല്‍ പാത്തുക്കുട്ടിയെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി. ഹെഡ്മിസ്ട്രസ്സ് വി.എന്‍ ശ്രീദേവി പാത്തുക്കുട്ടിക്ക് ഉപഹാരം സമര്‍പ്പിച്ചു.
വിദ്യാരംഗം കലാസാഹിത്യ കണ്‍വീനര്‍ കെ. ജി രാജി പൊന്നാട അണിയിച്ചു. എം.എഫ് അബ്ദുല്‍ ഖാദര്‍, അന്‍സാര്‍ അലി, എം.പി ലീന, പി.ജി ജയന്‍, പി. എന്‍ ജവാദ് , ഷമീം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."