എന്നാണവര്‍ ഇസ്‌ലാമിന്റെ നന്മ തിരിച്ചറിയുക
'എന്റെ ഭാഷയുടെ വേരുകള്‍ യൂറോപ്പിലാണ്. യൂറോപ്യന്‍ സംസ്‌കാരമാണ് എന്റേത്. എന്റെ തത്വശാസ്ത്രം യൂറോപ്യനാണ്. സര്‍വോപരി എന്റെ രക്തം യുറോപ്യന്റേതാണ്. തുര്‍ക്കികളോ ഇന്ത്യക്കാരോ ആഫ്രിക്കക്കാരോ ആരുമാകട്ടെ അവര്‍ എപ്പോള്‍ ഈ രാജ്യത്തേയ്ക്കു വന്നവരായാലും നമ്മുടെ ആളുകളല്ലെങ്കില്‍ അവരെ വകവരുത്തണം. ആക്രമണങ്ങള്‍ കൊണ്ട് അവരുടെയിടയില്‍ ഭീതി ജനിപ്പിക്കണം. വെള്ളക്കാരുടെ വംശത്തിനു പകരം വയ്ക്കാനെത്തിയ കുടിയേറ്റക്കാരെയാണു കൊല്ലാന്‍ തിരഞ്ഞെടുക്കുന്നത്. കുടിയേറ്റക്കാരോടും ഇസ്‌ലാം മതത്തോടുമുള്ള വെറുപ്പാണ് എന്നെ ഈ ക്രൂരതയ്ക്കു പ്രേരിപ്പിക്കുന്നത്. ലോകത്ത് ഒരു രാജ്യവും സുരക്ഷിതമല്ലെന്നു കുടിയേറ്റക്കാര്‍ക്കു ബോധ്യപ്പെടുത്തിക്കൊടുക്കുകയാണ് എന്റെ ലക്ഷ്യം'.
ഈ വാചകങ്ങളെല്ലാമടങ്ങിയ ലഘുലേഖ കണ്ടെടുത്തത് ന്യൂസിലന്‍ഡില്‍ മുസ്‌ലിം പള്ളിയില്‍ കൂട്ടക്കൊല നടത്തിയ ആസ്‌ത്രേലിയക്കാരന്‍ ബ്രെന്റന്‍ ടൊറെന്റിന്റെ കൈയില്‍ നിന്നാണ്. ഡിലന്‍ തോമസിന്റെ പ്രശസ്തമായ ഉദ്ധരണിയില്‍ നിന്നാണ് ടൊറെന്റിന്റെ 'ദ ഗ്രേറ്റ് റീപ്ലേസ്‌മെന്റ് ' എന്ന 75 പേജുള്ള ലഘുലേഖ ആരംഭിക്കുന്നത്. കുടിയേറ്റ വിരുദ്ധതയും മുസ്‌ലിം വിദ്വേഷവും അതില്‍ നിറഞ്ഞിരിക്കുന്നു. കൊല്ലപ്പെടേണ്ടവരുടെ പട്ടികയും അയാള്‍ അതില്‍ തയാറാക്കി ചേര്‍ത്തിട്ടുണ്ട്.
മുമ്പെങ്ങുമില്ലാത്ത വിധം ഭീതിതമായ അവസ്ഥയിലൂടെയാണു ലോകത്തെങ്ങുമുള്ള കുടിയേറ്റ ജനത കടന്നുപോകുന്നത്. കുടിയേറ്റക്കാര്‍ നേരിടുന്ന ഒരുപാടു വെല്ലുവിളികളുണ്ട്. തൊഴില്‍ നിഷേധവും കുടിയിറക്കലും മാത്രമല്ല വംശീയവിവേചനവും ആക്രമണങ്ങളും അവര്‍ക്കു നേരിടേണ്ടി വരുന്നുണ്ട്. തോക്കുപയോഗിച്ചുള്ള ആക്രമണങ്ങളും കൊലപാതകങ്ങളും കൂടിക്കൂടി വരുന്നതു കുടിയേറ്റക്കാരെ ഭീതിയിലാഴ്ത്തുന്നുണ്ട്. എവിടെവച്ചും ഏതുനേരത്തും തോക്കിന് ഇരയായേക്കാമെന്ന ഭയാനകമായ അവസ്ഥയിലൂടെയാണ് അവരുടെ ഓരോ ദിനരാത്രവും കടന്നുപോകുന്നത്.
കുടിയേറ്റക്കാര്‍, പ്രത്യേകിച്ചു തൊലികറുത്തുപോയവര്‍, ബുദ്ധിപരമായും സാമ്പത്തികമായും തങ്ങളുടെ താഴെയാണെന്ന കാഴ്ചപ്പാടാണു നല്ലൊരു ശതമാനം പാശ്ചാത്യര്‍ക്കുമുള്ളത്. അതുകൊണ്ടാണ് ഈ രാജ്യങ്ങളില്‍ വംശീയത ഏറ്റവും കൂടുതലുള്ളത്. ഇത്തരം രാജ്യങ്ങളിലേയ്ക്കു പുതുതായി കുടിയേറ്റം നടത്തുന്നവര്‍ക്കാണു വംശീയവിവേചനം കൂടുതലായി അനുഭവപ്പെടുന്നത്. ഈ രാജ്യങ്ങളിലേയ്ക്കു പുതുതായി കുടിയേറുന്നവര്‍ എല്ലാ തരത്തിലും പിന്നാക്കം നില്‍ക്കുന്നവരാണെന്നും തങ്ങളുമായി വളരെയധികം സാംസ്‌കാരിക ഭിന്നതയുള്ളവരാണെന്നും പാശ്ചാത്യര്‍ കരുതുന്നു.
കുടിയേറ്റക്കാര്‍ തങ്ങളുടെ പവിത്രത നശിപ്പിക്കുമെന്നാണ് അവര്‍ ഭയക്കുന്നത്. ബ്രിട്ടനില്‍നിന്നും അയര്‍ലന്‍ഡില്‍നിന്നും കുടിയേറിയവരുടെ പിന്‍ തലമുറക്കാരാണ് ഇത്തരം രാജ്യങ്ങളില്‍ നല്ലൊരു ശതമാനവും. അടുത്തകാലത്തായി വംശീയ വിവേചനങ്ങളും അതിനെത്തുടര്‍ന്നുള്ള ആക്രമണങ്ങളും കൂടിക്കൂടി വരുന്നതായി പഠനങള്‍ തെളിയിക്കുന്നു. കുടിയേറ്റക്കാര്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ ബ്രിട്ടനിലും അമേരിക്കയിലും ഫ്രാന്‍സിലും ഇറ്റലിയിലും ആസ്‌ത്രേലിയയിലുമെല്ലാം പലതവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആസ്‌ത്രേലിയയില്‍ വംശീയവെറിമൂലം അടുത്തകാലത്താണ് ഒരു ഇന്ത്യക്കാരനെ പട്ടാപ്പകല്‍ ചുട്ടുകൊന്നത്.
ഇങ്ങനെ വംശീയവെറി പേറി നടക്കുന്ന ആളുകളുള്ള സമൂഹത്തില്‍ തോക്കുപയോഗിച്ചുള്ള കൂട്ടക്കുരുതികള്‍ കൂടാന്‍കാരണം ഒരു പരിധിവരെയെങ്കിലും തോക്കിന്റെ ലഭ്യതയാണ്. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ തോക്കുനിര്‍മാണം സര്‍ക്കാര്‍ മേഖലയിലാണ്. തോക്കിന്റെ പരസ്യവിപണനത്തില്‍ നിയന്ത്രണങ്ങളുമുണ്ട്. പല പാശ്ചാത്യ രാജ്യങ്ങളിലും നേര്‍വിപരീതമാണ്. അറുനൂറോ എഴുനൂറോ ഡോളര്‍ ചെലവഴിച്ചാല്‍ നല്ലൊരു തോക്ക് ആര്‍ക്കും ലഭിക്കും.
ആയുധങ്ങള്‍ ഭീഷണിയുയര്‍ത്തുന്ന ഇന്നത്തെ കാലത്ത് ആയുധനിയന്ത്രണ നിയമം പൊളിച്ചെഴുതേണ്ടത് ആവശ്യമാണെന്നു പാശ്ചാത്യരാജ്യങ്ങളിലെ ജനങ്ങള്‍, പ്രത്യേകിച്ചു കുടിയേറ്റക്കാര്‍ മുറവിളി കൂട്ടാന്‍ തുടങ്ങിയിട്ടു വളരെയേറെ കാലമായി. അവരുടെ നിലവിളി ആരു കേള്‍ക്കാന്‍. തോക്കിനു നിയന്ത്രണമേര്‍പ്പെടുത്താനുള്ള നിയമനിര്‍മാണത്തിനുള്ള ചര്‍ച്ച വരുമ്പോഴും തോക്കു ലോബി ലാഭക്കൊതി മൂലം കടുത്ത സമ്മര്‍ദതന്ത്രങ്ങള്‍ ഉപയോഗിച്ച് അതെല്ലാം തടസപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞദിവസം ഭീകരാക്രമണം നടന്ന ന്യൂസിലന്‍ഡില്‍ സൈമോ ഓട്ടോമാറ്റിക് തോക്കുകള്‍ നിരോധിക്കുമെന്നും ആയുധങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പുനഃപരിശോധിക്കുമെന്നും ന്യൂസിലന്‍ഡ് അറ്റോണി ജനറല്‍ ഡേവിഡ് പാര്‍ക്കര്‍ പറഞ്ഞിട്ടുണ്ട്. ഏറെ വൈകിപ്പോയെങ്കിലും ഈ പ്രസ്താവന സ്വാഗതം ചെയ്യപ്പെടേണ്ടതു തന്നെയാണ്.
ന്യൂസിലന്‍ഡ് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച രാജ്യമാണ്. അത്ര മനോഹരമാണത്. ലോകത്ത് ജനങ്ങള്‍ ഏറ്റവും സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്ന രാജ്യങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമായിരുന്നു ഈ ഭീകരാക്രമണം നടക്കുന്നതുവരെയും ന്യൂസിലന്‍ഡ്. ലോകരാജ്യങ്ങളില്‍ മതിപ്പുളവാക്കുന്ന സുരക്ഷാ ഇന്റലിജന്റ് സംവിധാനമുള്ള രാജ്യമാണത്. എന്നാല്‍, ഭീകരാക്രമണം ചെറുക്കാന്‍ ഈ സുരക്ഷാസംവിധാനം പോരെന്നാണ് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നത്.
ന്യൂസിലന്‍ഡ് നേരിട്ടിട്ടുള്ളതില്‍വച്ച് ഏറ്റവും ഇരുണ്ട കാലഘട്ടത്തില്‍ കൂടിയാണിപ്പോള്‍ കടന്നുപോകുന്നതെന്ന് അവരുടെ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ തന്നെ സമ്മതിക്കുന്നു. അടുത്തകാലം വരെയും ന്യൂസിലന്‍ഡില്‍ കുടിയേറ്റം മറ്റുരാജ്യങ്ങളിലുള്ള പോലെ രാഷ്ട്രീയപ്രശ്‌നമായിരുന്നില്ല. എന്നാല്‍, ന്യൂസിലന്‍ഡ് ഫസ്റ്റ് പോലുള്ള വലതുപക്ഷ ദേശീയവാദി പാര്‍ട്ടികളുടെ ജനപ്രീതി അടുത്തകാലത്തായി ആ രാജ്യത്തു ക്രമാതീതമായി വര്‍ധിച്ചുവരുന്നുണ്ട്. കുടിയേറ്റ വിരുദ്ധതയാണ് ഇത്തരം പാര്‍ട്ടികളുടെ മുഖമുദ്ര.
ഏറ്റവും കൂടുതല്‍ രാജ്യങ്ങളിലേയ്ക്കു കുടിയേറ്റം നടത്തിയവരുടെ എണ്ണത്തില്‍ ഇന്ത്യക്കാര്‍ തന്നെയാണു മുന്നില്‍, അതില്‍ നല്ലൊരു ശതമാനം മലയാളികളാണ്. വിദേശത്തുനിന്ന് ഒരുവര്‍ഷം ഏകദേശം ശരാശരി ആറുലക്ഷം കോടി രൂപയാണു പ്രവാസി ഇന്ത്യക്കാര്‍ നാട്ടിലേയ്ക്ക് അയക്കുന്നത്. എന്നിട്ടും പ്രവാസികളുടെ പ്രശ്‌നം വേണ്ടത്ര ഗൗരവത്തോടെ ഇന്ത്യന്‍ ഭരണാധികാരികള്‍ എടുക്കുന്നുണ്ടോയെന്നതില്‍ സംശയമുണ്ട്. ഈ നിലപാടു മാറണം.
ജനിച്ച മണ്ണില്‍ കഴിയാനാണു മിക്കയാളുകളും ആഗ്രഹിക്കുക. അതിനു കഴിയാതെ വരുമ്പോഴാണു മെച്ചപ്പെട്ട ജീവിതസൗകര്യം തേടി മറ്റു രാജ്യങ്ങളിലേയ്ക്കു ജീവിതം പറിച്ചുനടുന്നത്. അങ്ങനെ ഒരുപാടു സ്വപ്നവുമായി കുടിയേറിയ നിരപരാധികളായ പാവം മുസ്‌ലിം സഹോദരന്മാരെയാണ് ആ ഭീകരന്‍ അതിനിഷ്ഠുരമായി ക്രൈസ്റ്റ് ചര്‍ച്ചില്‍ വച്ചു വധിച്ചത്. ജുമുഅ നിസ്‌കാരത്തിനായി പള്ളിയില്‍ എത്തിച്ചേര്‍ന്നവരെ തുരുതുരാ വെടിവയ്ക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ വെടിവച്ചിടുന്ന ദൃശ്യങ്ങളും അയാള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വിഡിയോവില്‍ കാണാം.
കടുത്ത മുസ്‌ലിം വിരുദ്ധനായ ആ ഭീകരന്‍ പള്ളിയിലേയ്ക്കു കടന്നുവരുമ്പോള്‍ അയാളുടെ മനസിലിരിപ്പറിയാതെ മുസ്‌ലിം സഹോദരങ്ങളിലൊരാള്‍ സ്‌നേഹത്തോടുകൂടി ആ ഭീകരനെ സ്വാഗതം ചെയ്യുന്നതു കേള്‍ക്കാം. അതാണ് മുസല്‍മാന്റെ നന്മ.
ഒരു ചോദ്യംകൂടി ബാക്കിയാവുന്നു. അകാരണമായി ഇസ്‌ലാമിനെ ഭയക്കുന്നവര്‍ എന്നാണ് അത് സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും മതമാണെന്നു തിരിച്ചറിയുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."