ബെറ്റിയുടെ മരണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് എം.പി
നെടുങ്കണ്ടം: ഭൂമി റീസര്‍വ്വേ നടത്തി കിട്ടാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയ ചെമ്മണ്ണാര്‍ ചെട്ടിശ്ശേരിയില്‍ ബെറ്റിയുടെ മരണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് ജോയ്‌സ് ജോര്‍ജ്ജ് എം.പി ആവശ്യപ്പെട്ടു.
ഒരു നിമിഷം പോലും വൈകാതെ ഇവരെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണം. ഇടുക്കിയിലെ ഭൂമിപ്രശ്‌നങ്ങളുടെയും ഉദ്യോഗസ്ഥ പീഡനത്തിന്റെയും അവസാനത്തെ രക്തസാക്ഷിയാണ് ബെറ്റി.
ഉദ്യോഗസ്ഥ പീഡനത്തില്‍ മനംതകര്‍ന്ന് ആത്മഹത്യ ചെയ്ത ബെറ്റിയുടെ ഭവനം സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ കണ്ട ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി ജില്ലയില്‍ ഉദ്യോഗസ്ഥ അഴിമതിയുടെ സ്വര്‍ണ്ണ ഖനിയാണ് റീസര്‍വ്വേ. സര്‍വ്വേ ഉദ്യോഗസ്ഥരും റവന്യു ജീവനക്കാരും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഒട്ടേറെപ്പേര്‍ മലയോരത്തുണ്ട്. ഇനിയൊരു കര്‍ഷകന്റെയും ജീവന്‍ അപഹരിക്കാന്‍ റവന്യു സര്‍വ്വേ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്ന് എം.പി പറഞ്ഞു.
അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും അവരെ സംരക്ഷിക്കുന്നവരെയും വച്ചുപൊറുപ്പിക്കില്ല. ബെറ്റിയുടെ ഭര്‍ത്താവ് സജി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മരണത്തിനുത്തരവാദികളായവര്‍ക്കെതിരെ നടപടിയുണ്ടാകണം.
ബെറ്റിയില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും പണം ആവശ്യപ്പെടുകയും വാങ്ങുകയും ചെയ്ത ഉദ്യോഗസ്ഥരുടെ പേരും വിശദാംശങ്ങളും ലഭിച്ചിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും കൈമാറുമെന്നും എം.പി പറഞ്ഞു.
ബെറ്റിയുടെ മകളുടെ തുടര്‍ വിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് ജോയ്‌സ് ജോര്‍ജ്ജ് എം.പി പറഞ്ഞു.
രണ്ടാമത്തെ മകള്‍ പ്ലസ് ടു പരീക്ഷയില്‍ 87 ശതമാനം മാര്‍ക്കോടെ വിജയം നേടിയെങ്കിലും അമ്മയുടെ മരണത്തോടെ തകര്‍ന്ന മാനസികാവസ്ഥയില്‍ ബിരുദ പഠനത്തിന് ചേരാന്‍ കഴിഞ്ഞില്ല. ഇപ്പോഴത്തെ കുടുംബ സാഹചര്യത്തില്‍ പഠനം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് പിതാവ് സജി അറിയിച്ചതോടെയാണ് പഠനത്തിന് സൗകര്യമൊരുക്കാമെന്ന് എം.പി അറിയിച്ചത്.
പഠനം മുടക്കരുതെന്നും ഡിഗ്രി പഠനത്തിന് അവസരമൊരുക്കാമെന്നും എം.പി അറിയിച്ചു. ഉടന്‍ തന്നെ തൊടുപുഴ ന്യൂമാന്‍ കോളജ് മാനേജ്‌മെന്റുമായി ടെലഫോണില്‍ ബന്ധപ്പെട്ട് അഡ്മിഷന്‍ ഉറപ്പാക്കുകയും ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു. ഡിഗ്രി അഡ്മിഷന്റെ അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയായ ഘട്ടത്തില്‍ ആവശ്യമെങ്കില്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പ്രത്യേക അനുമതി വാങ്ങുമെന്നും എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."