ദക്ഷിണേന്ത്യയില്‍ പുത്തനുണര്‍വുണ്ടാക്കും: ഹൈദരലി തങ്ങള്‍
മലപ്പുറം: കേരളത്തില്‍ ആഞ്ഞടിക്കുന്നത് യു.ഡി.എഫ് തരംഗമാണെന്നും അതിന് കൂടുതല്‍ കരുത്തുപകരുന്നതാണ് എ.ഐ.സി.സിയുടെയും രാഹുല്‍ ഗാന്ധിയുടെയും തീരുമാനമെന്നും മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.
രാഹുലിന്റെ സ്ഥാനാര്‍ഥിത്വം ദക്ഷിണേന്ത്യയിലാകെ പുത്തനുണര്‍വുണ്ടാക്കും. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ രാഹുല്‍ വയനാട്ടില്‍ വിജയിക്കും. അതിനായി മുസ്്‌ലിം ലീഗും യു.ഡി.എഫും വയനാട്ടിലെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ വര്‍ധിതാവേശത്തോടെ മുന്നേറും.
ഇതൊരു ധീരമായ തീരുമാനമാണ്. കേന്ദ്രത്തിലെ ഫാസിസ്റ്റ് ഭരണത്തിനെതിരേയും കേരളത്തിലെ അക്രമരാഷ്ട്രീയത്തിനെതിരേയുമുള്ള പോരാട്ടത്തിന് ജനാധിപത്യ ചേരിയുടെ അമരക്കാരന്‍ തന്നെ നേരിട്ടിറങ്ങുകയെന്നത്. ഇത് ഓരോ കേരളീയനും കൂടുതല്‍ ആത്മവിശ്വാസം പകരുന്നതുമാണ്. അനിവാര്യമായ സാഹചര്യത്തില്‍ ഏറ്റവും ഉചിതവും ശക്തവുമായ തീരുമാനമെടുത്ത രാഹുലിനെയും അതിനു പ്രയത്‌നിച്ച എ.ഐ.സി.സി നേതാക്കളെയും അഭിനന്ദിക്കുന്നുവെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു.
സംസ്ഥാനത്തിനു
ചരിത്ര മുഹൂര്‍ത്തം: കുഞ്ഞാലിക്കുട്ടി
മലപ്പുറം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായതിലൂടെ സംസ്ഥാനത്തിനു ചരിത്ര മുഹൂര്‍ത്തമാണ് കൈവന്നിരിക്കുന്നതെന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി. ഭാവി പ്രധാനമന്ത്രിയെ പാര്‍ലമെന്റിലേക്കയക്കാന്‍ സംസ്ഥാനത്തിനു കൈവന്നിരിക്കുന്ന സൗഭാഗ്യമാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നിലവില്‍ സംസ്ഥാനത്ത് യു.ഡി.എഫിന് അനുകൂലമാണ് കാര്യങ്ങള്‍. രാഹുല്‍ ഗാന്ധിയുടെ വരവോടുകൂടി അതിന് കൂടുതല്‍ കരുത്തായി. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ തീരുമാനം വൈകുന്നതിലെ ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തോട് നേരത്തെ പങ്കുവച്ചിരുന്നു. ഉടന്‍ തന്നെ തീരുമാനം വന്നത് വളരെ സന്തോഷം നല്‍കുന്നതാണ്. കേരളത്തിലെ മൊത്തം ജനങ്ങളുടെ വികാരമാണ് രാഹുലിന്റെ സ്ഥാനാര്‍ഥിത്വം. ഇതില്‍ കുറഞ്ഞ ഒന്നും ജനങ്ങള്‍ ആഗ്രഹിച്ചിരുന്നില്ല. സ്ഥാനാര്‍ഥി രാഹുല്‍ ആയ സ്ഥിതിക്ക് സമയം ഇനി ഒരു പ്രശ്‌നമല്ലെന്നും യു.ഡി.എഫിനു വലിയ വിജയം വയനാട്ടിലും സംസ്ഥാനത്തൊട്ടാകെയും നേടാനാവുമെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് വന്‍വിജയം
നേടും: ചെന്നിത്തല
ആലപ്പുഴ: വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയായതോടെ സംസ്ഥാനത്തെ 20 സീറ്റുകളില്‍ മാത്രമല്ല ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാകെ കോണ്‍ഗ്രസ് വന്‍വിജയം നേടുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ അഭ്യര്‍ഥന സ്വീകരിച്ചതില്‍ രാഹുല്‍ ഗാന്ധിയോട് നന്ദിയുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വയനാട്ടില്‍ രാഹുലിനെ പരാജയപ്പെടുത്തുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വെല്ലുവിളി കോണ്‍ഗ്രസും യു.ഡി.എഫും ഏറ്റെടുക്കുന്നു. രാഹുലിനെ പരാജയപ്പെടുത്താന്‍ പിണറായിക്ക് ധൈര്യമുണ്ടോ?. രാഹുല്‍ അമേത്തിക്കു പുറമെ വയനാട്ടിലും മത്സരിക്കുന്നതിനെ ഒളിച്ചോട്ടമായി ആരും കാണേണ്ട. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് കോണ്‍ഗ്രസിനു കൂടുതല്‍ സീറ്റ് നേടുകയാണ് ലക്ഷ്യം.
രാഹുലിന്റെ വരവ് കേരളത്തിനു പുറമെ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലും കോണ്‍ഗ്രസിനു വലിയ മുന്നേറ്റമുണ്ടാക്കും. മതേതരശക്തികളുടെ കൂട്ടായ്മയെ പാര്‍ട്ടി കോണ്‍ഗ്രസില്‍ എതിര്‍ത്തവരാണ് മുഖ്യമന്ത്രിയും സംസ്ഥാനത്തെ സി.പി.എം നേതാക്കളും. ദേശീയ തലത്തില്‍ ബി.ജെ.പിയും സംസ്ഥാനത്ത് സി.പി.എമ്മുമാണ് കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളികള്‍. ആദ്യമായാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥി കേരളത്തില്‍നിന്ന് മത്സരിക്കുന്നത്. അതിനാല്‍ തന്നെ ദേശീയ രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമായി കേരളവും വയനാടും മാറും.
ദലിത് ആദിവാസി വിഭാഗങ്ങളുടെ വികസനത്തിനും കര്‍ഷക ആത്മഹത്യയ്ക്കുമെതിരേ പോരാടുന്ന രാഹുലിന്റെ സ്ഥാനാര്‍ഥിത്വം ഈ മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ ഡി.സി.സി ഓഫിസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുന്‍ ഡി.സി.സി പ്രസിഡന്റ് എ.എ ഷുക്കൂറും പങ്കെടുത്തു. മധുരപലഹാര വിതരണവും നടത്തി. പിന്നീട് രാഹുല്‍ ഗാന്ധിക്ക് അഭിവാദ്യമര്‍പ്പിച്ച് ആലപ്പുഴ നഗരത്തില്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിന് ചെന്നിത്തല നേതൃത്വം നല്‍കി.
കോണ്‍ഗ്രസിന്റെ ഗതികേട്: ശ്രീധരന്‍പിള്ള
തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ സ്ഥാനാര്‍ഥിയാക്കിയത് കോണ്‍ഗ്രസ് എത്തിച്ചേര്‍ന്ന ഗതികേടിനെയാണ് കാണിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. അമേത്തിയില്‍ പരാജയപ്പെടുമെന്ന സാഹചര്യത്തില്‍ ഗത്യന്തരമില്ലാതെയാണ് മുസ്‌ലിംലീഗിനു ശക്തിയുള്ള മണ്ഡലത്തിലേക്ക് രാഹുല്‍ ഗാന്ധി വന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സി.പി.എം, കോണ്‍ഗ്രസ് ധാരണയുടെ അടിസ്ഥാനത്തിലാണ് ലീഗ് കേന്ദ്രത്തില്‍ രാഹുല്‍ മത്സരിക്കുന്നത്. ലീഗിന്റെ കോട്ടയില്‍ മത്സരിക്കുന്നതിനെക്കാള്‍ എ.ഐ.സി.സി ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്. ലീഗിനെ ചത്ത കുതിരയെന്നു വിളിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കൊച്ചുമകനാണ് ഈ ഗതികേട് വന്നിരിക്കുന്നത്. രാഹുല്‍ മത്സരിക്കുന്ന പശ്ചാത്തലത്തില്‍ വയനാട്ടില്‍ ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നതിനായി ബി.ജെ.പിയുടെ ദേശീയ നേതാക്കളുമായും എന്‍.ഡി.എ നേതാക്കളുമായും ചര്‍ച്ച നടത്തുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
രാഹുല്‍ ഗാന്ധി സുരക്ഷിത മണ്ഡലത്തിനുവേണ്ടി തിരഞ്ഞ ശേഷമാണ് വയനാട്ടില്‍ എത്തിയതെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ബി.ജെ.പി ദേശീയ ജന. സെക്രട്ടറി സത്യകുമാര്‍ പറഞ്ഞു.
കെ.പി.സി.സി മുന്‍ സെക്രട്ടറിയും നിലവില്‍ കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗവുമായ കുന്നത്തൂര്‍ വിശാലാക്ഷി കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു. സി.പി.ഐയുടെ കിസാന്‍ സഭ കൊല്ലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും കുന്നത്തൂര്‍ താലൂക്ക് പ്രസിഡന്റുമായ രാജീവ് രാജധാനിയും ബി.ജെ.പിയില്‍ ചേര്‍ന്നു. വാര്‍ത്താസമ്മേളനത്തിലാണ് രണ്ടുപേരുടേയും പ്രവേശനം ശ്രീധരന്‍പിള്ള പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."