കലക്ടര്‍ക്ക് സ്ഥാപിത താല്‍പ്പര്യമെന്ന് നഗരസഭാ കൗണ്‍സില്‍ യോഗം
കോട്ടയം: മുള്ളന്‍കുഴിയിലെ ഫ്‌ളാറ്റില്‍ നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്നതിന് പിന്നില്‍ ജില്ലാ കലക്ടറുടെ സ്ഥാപിത താല്‍പ്പര്യം ആരോപിച്ച് കൈകഴുകാന്‍ ശ്രമവുമായി നഗരസഭാ കൗണ്‍സില്‍ യോഗം. മുള്ളന്‍കുഴിയിലെ പുനരധിവാസം സംബന്ധിച്ച് ഇന്നലെ നഗരസഭ വിളിച്ചുചേര്‍ത്ത കൗണ്‍സില്‍ യോഗത്തിലും ഇക്കാര്യം ആവര്‍ത്തിക്കുകയാണ് ചെയര്‍പേഴ്‌സണ്‍ പി.ആര്‍ സോന ചെയ്തത്.
മണിക്കൂറുകള്‍ നീണ്ട യോഗത്തിലും ഇവിടുത്തെ താമസക്കാരെ എവിടെ പുനരധിവസിപ്പിക്കുമെന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനം കൈക്കൊള്ളാന്‍ നഗരസഭ അധികൃതര്‍ക്കായില്ല.കാലപ്പഴക്കം മൂലം ഏറെ ജീര്‍ണ്ണാവസ്ഥയിലായ കെട്ടിടം അപകടാവസ്ഥയിലാണെന്നും അതിനാല്‍ താമസക്കാരെ അഞ്ചുദിവസത്തിനകം ഒഴിപ്പിക്കണമെന്നും കാണിച്ച് ഈ മാസം ഒന്നിനു കലക്ടര്‍ നഗരസഭയ്ക്കു കത്തു നല്‍കിയിരുന്നു. തൊട്ടു പിന്നാലെ മൂന്ന് ദിവസത്തിനകം താമസം ഒഴിയണമെന്നു കാട്ടി നഗരസഭ താമസക്കാര്‍ക്കു നോട്ടീസ് നല്‍കി. അപ്പോഴും ഇവിടുത്തെ സാധാരണക്കാരാ താമസക്കാര്‍ എവിടേക്കു പോവുമെന്നോ, അവരെ എവിടെ പുനരധിവസിപ്പിക്കുമെന്നോ നഗരസഭ ഒട്ടും ആലോചിച്ചില്ല. സംഭവം വിവാദമായതിനെ തുടര്‍ന്നു കഴിഞ്ഞദിവസം വിളിച്ചു ചേര്‍ത്ത സര്‍വ കക്ഷിയോഗത്തിലും കലക്ടറുടെ താല്‍പ്പര്യപ്രകാരമാണു താമസം ഒഴിയാന്‍ ആവശ്യപ്പെട്ടതെന്നായിരുന്നു നഗരസഭാ അധികാരികള്‍ വിശദീകരണം നല്‍കിയത്
നഗരസഭയുടെ ഉടമസ്ഥതയില്‍ മുള്ളന്‍കുഴിയില്‍ പുതിയ ഫ്‌ളാറ്റ് നിര്‍മാണം ആരംഭിച്ചിട്ട് നാലുവര്‍ഷമാകുന്നു. 24 കുടുംബങ്ങളെ പാര്‍പ്പിക്കാന്‍ പറ്റുന്ന ഫ്‌ളാറ്റിന്റെ വയറിങ്, ജലവിതരണം, സാനിറ്റേഷന്‍ അടക്കമുള്ള ജോലികള്‍ ഇനിയും അവശേഷിക്കുകയാണ്. പഴയ ഫ്‌ളാറ്റിലെ താമസക്കാരെ അടിയന്തിരമായി ഒഴിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിട്ടും പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് പൂര്‍ത്തിയാവുമെന്നോ, ഇവരെ അവിടേക്ക് എന്ന് മാറ്റി താമസിപ്പിക്കാന്‍ കഴിയുമെന്നോ പറയാന്‍ പോലും നഗരസഭാ അധികാരികള്‍ക്ക് കഴിയുന്നില്ല.നിര്‍മാണം പൂര്‍ത്തിയായാല്‍ പോലും 24 കുടുംബങ്ങളെ മാത്രമാണ് ഇവിടെ പുനരധിവസിപ്പിക്കാന്‍ കഴിയുന്നത്. ഇവര്‍ ആരൊക്കെയെന്ന് പിന്നീട് തീരുമാനിക്കുമെന്നാണ് നഗരസഭ പറയുന്നത്.
ബാക്കിയുള്ളവര്‍ സ്വമേധയാ എവിടേക്കെങ്കിലും മാറണമെന്നും ബാക്കിയുള്ളവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ സഹായം തേടുമെന്നും പറയുമ്പോഴും ഇത് എപ്പോഴെന്നോ, എങ്ങനെയെന്നോ വ്യക്തമാക്കാന്‍ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍, നഗരസഭയുടെ ഉടമസ്ഥയില്‍ പലയിടത്തായി പൂട്ടി കിടക്കുന്ന കെട്ടിടങ്ങളില്‍ ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നും പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന മുറയ്ക്ക് ഇവരെ മാറ്റി പാര്‍പ്പിക്കാമെന്നും അഭിപ്രായമുയര്‍ന്നെങ്കിലും ഇതു സംബന്ധിച്ചും തീരുമാനമായില്ല.
താമസക്കാരില്‍ ഏറെ പേരും പട്ടികജാതി വിഭാഗത്തില്‍ പെട്ടവരായതിനാല്‍ പട്ടികജാതി വികസനഫണ്ടില്‍ ഉള്‍പ്പെടുത്തി പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചു നല്‍കാമെന്നും അഭിപ്രായമുയര്‍ന്നിരുന്നു. എന്തായാലും, ഈ കെട്ടിടങ്ങള്‍ നിര്‍മാണം പൂര്‍ത്തിയാവുന്ന മുറയ്ക്ക് ഈ അറുപത്തിനാല് കുടുംബങ്ങള്‍ക്ക് പുനരധിവാസം നല്‍കണമെന്ന കാര്യത്തില്‍ മാത്രം ഒറ്റക്കെട്ടായി തീരുമാനമെടുക്കാന്‍ ഇന്നലെ നടന്ന കൗണ്‍സിലിന് കഴിഞ്ഞുവെന്ന് മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."