പേരാമ്പ്ര കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനിക്ക് നോട്ടിസ്
പേരാമ്പ്ര: കൈയേറ്റം ഒഴിയണമെന്നാവശ്യപ്പെട്ട് ചക്കിട്ടപാറയിലെ പേരാമ്പ്ര കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനിക്കു പൊതുമരാമത്ത് റോഡ്‌സ് വിഭാഗം പേരാമ്പ്ര അസി. എന്‍ജിനീയര്‍ നോട്ടിസ് നല്‍കി. കമ്പനി ചെയര്‍മാന്റെ പേരിലാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്.
ചക്കിട്ടപാറ സ്വദേശിയായ താലൂക്ക് വികസന സമിതി അംഗം രാജന്‍ വര്‍ക്കി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് നടപടി സ്വീകരിച്ചത്. ചക്കിട്ടപാറ പെരുവണ്ണാമൂഴി റോഡിനു സമീപത്താണ് പ്രൊഡ്യൂസര്‍ കമ്പനി സ്ഥാപിച്ചിരിക്കുന്നത്. കമ്പനിയുടെ മതിലിനു മുന്നിലെ നിര്‍മാണങ്ങള്‍ ചട്ടവിരുദ്ധമാണെന്നാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.
പൊതുമരാമത്ത് റോഡിനെ മുട്ടിച്ച് ഇന്റര്‍ലോക്കും കോണ്‍ക്രീറ്റും സ്ഥാപിച്ചിട്ടുണ്ട്. ചട്ടമനുസരിച്ച് റോഡില്‍ നിന്നു മൂന്നു മീറ്റര്‍ അകലത്തില്‍ മാത്രമേ നിര്‍മാണം പാടുള്ളൂ.
ഏകദേശം75 മീറ്റര്‍ നീളമുള്ള കെട്ടിടത്തില്‍ നിന്നു വീഴുന്ന മഴവെള്ളം റോഡിലേക്ക് ഒഴുകുന്ന വിധത്തിലാണ് ഇന്റര്‍ലോക്ക് സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ നിര്‍മാണങ്ങള്‍ നടത്തുന്നതിനു അപേക്ഷ നല്‍കുകയോ അനുവാദം വാങ്ങുകയോ കമ്പനി ചെയ്തിട്ടില്ലെന്നു പി.ഡബ്ല്യു.ഡി. അധികൃതര്‍ പരാതിക്കാരനെ അറിയിച്ചിട്ടുണ്ട്.
കെട്ടിട നിര്‍മാണ ചട്ടം നിലവിലുള്ള പഞ്ചായത്താണ് ചക്കിട്ടപാറ. ചട്ടം ലംഘിച്ച് നിര്‍മിച്ച പല കെട്ടിടങ്ങള്‍ക്കും നമ്പര്‍ നല്‍കിയിട്ടില്ല. കമ്പനിയുടെ മുന്‍വശത്തുള്ള പഞ്ചായത്ത് റോഡും കെട്ടിടവും മതിലും തമ്മിലുള്ള അകലം പാലിക്കുന്നതില്‍ ലംഘനം നടന്നതായി സംശയമുണ്ട്.
പൊതുറോഡിനു സമീപത്ത് കെട്ടിടം നിര്‍മിച്ചതില്‍ നിയമലംഘനം നടന്നിട്ടുണ്ടോയെന്നറിയാന്‍ താലൂക്ക് സര്‍വേയറുടെ സേവനം പി.ഡബ്ല്യു.ഡി രേഖാമൂലം തേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."