ഗാല്‍വാന്‍ തുറന്നുകാട്ടുന്നത് നയതന്ത്ര പരാജയം
ഇന്ത്യയേയും ലോകത്തേയും ഗ്രസിച്ചിരിക്കുന്ന കൊവിഡ് - 19 മഹാമാരിയുടെയും ആഴമേറിയ സാമ്പത്തിക സ്തംഭനത്തിന്റെയും അത്യന്തം പ്രതികൂലമായ സാഹചര്യത്തിലാണ് ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ആശങ്കാജനകമായ സംഘര്‍ഷം വളര്‍ന്നുവന്നിരിക്കുന്നത്. ജൂണ്‍ 15ന് രാത്രിയില്‍ ഇരു രാജ്യങ്ങളുടെയും സൈനികര്‍ തമ്മില്‍ ഗാല്‍വാന്‍ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചു. തങ്ങളുടെ കമാന്‍ഡിങ് ഓഫിസര്‍ കൊല്ലപ്പെട്ടതായി ചൈനീസ് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അവര്‍ നല്‍കിയിട്ടില്ല. എന്നാല്‍, ചൈനയുടെ 44 സൈനികര്‍ വധിക്കപ്പെട്ടതായി ഒരു ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സിയുടെയും കേന്ദ്രമന്ത്രി വിരമിച്ച ജനറല്‍ വി.കെ സിങ്ങിന്റെ വെളിപ്പെടുത്തലും പുറത്തുവന്നിട്ടുണ്ട്.
ഗാല്‍വാന്‍ താഴ്‌വരയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യ കര, വ്യോമസേനാ വ്യൂഹങ്ങളെയും യുദ്ധവിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍ തുടങ്ങിയ യുദ്ധസന്നാഹങ്ങളും അതിര്‍ത്തിയിലേക്ക് നീക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ അതിന്റെ നാവികസേനയെ തന്ത്രപ്രധാനമായ മലാക്ക കടലിടുക്കടക്കം ഇന്ത്യ-പസഫിക് സമുദ്ര മേഖലകളില്‍ കേന്ദ്രീകരിക്കുന്നതായും വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. അന്താരാഷ്ട്ര സൈനിക സഹകരണ രംഗത്ത് ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയായ അമേരിക്കന്‍ ഐക്യനാടുകള്‍ (യു.എസ്.എ) തങ്ങളുടെ യുദ്ധവിമാന വാഹിനികളടക്കം നാവിക പടക്കപ്പല്‍ കൂട്ടങ്ങളെ ഇന്ത്യ- പസഫിക് മഹാസമുദ്ര മേഖലകളില്‍ കേന്ദ്രീകരിക്കുന്നതായും വാര്‍ത്തയുണ്ട്. ഒരു പ്രഖ്യാപിത ഏറ്റുമുട്ടലോ യുദ്ധമോ നന്നെ വിദൂരമാണെങ്കില്‍തന്നെയും ആശങ്കാജനകമായ സൈനിക അന്തരീക്ഷമാണ് ലോകത്തെ ഏറ്റവും ജനനിബിഡവും ആഗോള സമ്പദ്ഘടനയില്‍ അതിപ്രധാനവുമായ മേഖലയില്‍ വളര്‍ന്നുവന്നിരിക്കുന്നത്.
ഇന്ത്യ-ചൈന ബന്ധത്തിന്റെ നാള്‍വഴികള്‍ രണ്ടാം ലോക യുദ്ധാനന്തര ആധുനിക കാലഘട്ടത്തില്‍ ഒട്ടുംതന്നെ സുഗമമായിരുന്നില്ല. ഇരുഭൂപ്രദേശങ്ങളും തമ്മില്‍ പുരാതനകാലം മുതലെ വാണിജ്യ, വൈജ്ഞാനിക, മത-സാംസ്‌കാരിക കൊടുക്കല്‍ വാങ്ങലുകള്‍ നിലനിന്നിരുന്നുവെങ്കിലും സംഘര്‍ഷഭരിതമായ ഒരു ഭൂതകാലം അവയ്ക്കിടയില്‍ ഉണ്ടായിരുന്നതായി കരുതാന്‍ ന്യായമില്ല. കോളനി അനന്തര ഇന്ത്യന്‍ റിപ്പബ്ലിക്കും ജനകീയ ചൈനീസ് റിപ്പബ്ലിക്കും ഏതാണ്ട് ഒരേ ചരിത്രസന്ധിയില്‍ രൂപംകൊണ്ട രണ്ട് ആധുനിക രാഷ്ട്രങ്ങള്‍ എന്ന നിലയില്‍ ഏഴ് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പരസ്പരം വിശ്വാസത്തിലെടുക്കാന്‍ പ്രാപ്തി നേടിയിട്ടില്ല എന്നത് അനിഷേധ്യമായ യാഥാര്‍ഥ്യമാണ്.
1962ലെ ഇന്ത്യ-ചൈന യുദ്ധവും ഏതാണ്ട് മൂവായിരത്തിഅഞ്ഞൂറോളം കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഹിമാലയന്‍ അതിര്‍ത്തി നിര്‍ണ്ണയം അപരിഹാര്യമായി തുടരുന്നതും ഇരു രാജ്യങ്ങള്‍ക്കും ജനതകള്‍ക്കുമിടയില്‍ നല്ല അയല്‍ബന്ധങ്ങള്‍ക്കും പരസ്പര സഹകരണത്തിനും പ്രതിബന്ധമായി തുടരുന്നു. കഴിഞ്ഞ രണ്ട് ദശകങ്ങളിലേറെയായി ചൈന കൈവരിച്ച സാമ്പത്തിക പുരോഗതിയും അതിന്റെ വിപുലീകരണ മോഹങ്ങളും പദ്ധതികളും ഇരു രാജ്യങ്ങളെയും പരസ്പരം സംശയത്തോടെ വീക്ഷിക്കാന്‍ നിര്‍ബന്ധിതമാക്കുന്നു. ചൈനയുടെ സാമ്പത്തിക വിപുലീകരണ പദ്ധതികളുടെ പാദമുദ്രകള്‍ പതിയാത്ത രാജ്യങ്ങള്‍ ഒന്നുംതന്നെ ഇന്ത്യയുടെ അതിര്‍ത്തികളില്‍ ഇല്ലെന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. പുതുതായി ആര്‍ജ്ജിച്ച സാമ്പത്തികകരുത്തിന്റെയും അത് നിലനിര്‍ത്താനും വിപുലീകരിക്കാനുമുള്ള സാമ്പത്തിക സമ്മര്‍ദങ്ങളുടെയും ഫലമായി ഉരുത്തിരിഞ്ഞുവന്ന നൂതന 'സില്‍ക്ക് റൂട്ട്' പദ്ധതി (വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് പദ്ധതി) ഇന്ത്യന്‍ സാമ്പത്തിക, രാഷ്ട്രീയ, ദേശീയ താല്‍പര്യങ്ങള്‍ക്ക് ഭീഷണിയാണെന്ന് പൊതുവെ കരുതപ്പെടുന്നു. സാമ്പത്തിക, സൈനിക, നയതന്ത്രരംഗങ്ങളില്‍ കൈവരിച്ച വളര്‍ച്ചയും രാഷ്ട്ര സുരക്ഷയെപ്പറ്റിയുള്ള ഉല്‍ക്കണ്ഠകളും ഇന്ത്യയുടെ സമീപനങ്ങളിലും തദനുസൃത മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ വേണം ഗാല്‍വാന്‍ താഴ്‌വരയടക്കം ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വളര്‍ന്നുവന്നിരിക്കുന്ന സംഘര്‍ഷപൂര്‍ണമായ അന്തരീക്ഷം വിലയിരുത്തപ്പെടാന്‍.
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വളര്‍ന്നുവന്നിരിക്കുന്ന സംഘര്‍ഷ അന്തരീക്ഷം അവിടെ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. ലഡാക്ക് മേഖലയിലെ സൈനിക സന്നാഹങ്ങള്‍ക്കൊപ്പം ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയിലും അസ്വസ്ഥതകള്‍ വര്‍ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്തകാലത്തായി ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെമേല്‍ നേപ്പാള്‍ ഉന്നയിച്ചിരിക്കുന്ന അവകാശവാദവും അവഗണിക്കാവുന്നതല്ല. ദേശീയ പൗരത്വ നിയമ ഭേദഗതി, പൗരത്വ രജിസ്റ്റര്‍ തുടങ്ങിയ വിഷയങ്ങള്‍ മറ്റൊരു അതിര്‍ത്തിരാജ്യമായ ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ ബന്ധങ്ങളില്‍ കല്ലുകടി സൃഷ്ടിച്ചിട്ടുണ്ട്. ശ്രീലങ്ക, ഇന്ത്യ ബന്ധങ്ങളും ഏറെ അഭിലഷണീയമാണെന്ന് പറയാനാവില്ല. ഏറെ പ്രതീക്ഷയോടെ രൂപം നല്‍കിയ ദക്ഷിണേഷ്യന്‍ രാഷ്ട്ര കൂട്ടായ്മയായ 'സാര്‍ക്' (ദക്ഷിണേഷ്യന്‍ മേഖലാ സഹകരണ സംഘടന) അക്ഷരാര്‍ത്ഥത്തില്‍ 'വെന്റിലേറ്ററി'ല്‍ ആണ്. ഈ മേഖലയിലേയും കൂട്ടായ്മയിലെയും ഏറ്റവും പ്രമുഖ രാഷ്ട്രത്തിന്റെ നയതന്ത്ര ചാതുരിക്ക് അടിതെറ്റിയിരിക്കുന്നു. ആരാണ് അതിന് ഉത്തരവാദികള്‍ നയതന്ത്ര രംഗത്തെ ഇപ്പോഴത്തെ ഊരാക്കുടുക്കിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കഴിഞ്ഞ ആറ് വര്‍ഷമായി കേന്ദ്രഭരണം കയ്യാളുന്ന നരേന്ദ്രമോദിക്കും അതിന്റെ ശക്തിസ്രോതസായി വര്‍ത്തിക്കുന്ന തീവ്ര ദേശീയവാദത്തിനും ഒഴിഞ്ഞുനില്‍ക്കാനാവുമോ?
ഗാല്‍വാന്‍ താഴ്‌വരയിലെ സംഭവവികാസങ്ങള്‍ പൊടുന്നനെ അവിചാരിതമായി ഉയര്‍ന്നുവന്ന ഒന്നല്ലെന്ന് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളും വിശകലനങ്ങളും സ്ഥിരീകരിക്കുന്നു. അതിര്‍ത്തിലംഘനങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ ആ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ തിരിച്ചറിയേണ്ടതുണ്ട്. സമുദ്രനിരപ്പില്‍നിന്നും 14,000 അടി (4,300 മീറ്റര്‍) ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പ്രദേശം തെല്ലും മനുഷ്യവാസയോഗ്യമല്ല. ഹിമാലയസാനുക്കളില്‍ കനത്ത മഞ്ഞുവീഴ്ച ആരംഭിക്കുമ്പോഴേക്കും അതിര്‍ത്തിയില്‍നിന്നും ഇരുസൈന്യങ്ങളും പിന്മാറുകയാണ് പതിവ്. അവിടത്തെ അതിര്‍ത്തിയും അതിന്മേലുള്ള തര്‍ക്കത്തിനും വര്‍ഷത്തില്‍ ആറ് മാസം പോലും ആയുസില്ലെന്ന് അര്‍ത്ഥം. ആ മേഖലയില്‍ ചൈന റോഡുകളും പാലങ്ങളുമടക്കം കഴിഞ്ഞ ദശകങ്ങളില്‍ ശക്തമായ ഉപരിഘടനക്ക് അടിത്തറ പാകിയിട്ടുണ്ട്. സമീപകാലത്തായി ഇന്ത്യയും മേഖലയില്‍ റോഡുകളും പാലങ്ങളും എയര്‍സ്ട്രിപ്പുകളുമടക്കം അടിസ്ഥാന സൗകര്യവികസനം ശക്തമാക്കിയിട്ടുണ്ട്. ഇരുഭാഗത്തും നടക്കുന്ന അത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് സംഘര്‍ഷത്തിലേക്ക് നയിക്കുന്നത്. മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തിലും ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായും യഥാര്‍ഥ നിയന്ത്രണരേഖയ്ക്ക് ഇരുവശത്തും ഇരുസേനകളും വെടിക്കോപ്പുകളും മറ്റും ഉപയോഗിക്കുന്നതിന് പരസ്പര സമ്മതപ്രകാരം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ അപൂര്‍വമെങ്കിലും അതിര്‍ത്തിയില്‍ അരങ്ങേറുന്ന സംഘര്‍ഷം പ്രാകൃതവും മൃഗീയവുമായി മാറുന്നതില്‍ അത്ഭുതമില്ല.
ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പുകളും സൂചനകളും അവഗണിക്കപ്പെട്ടതാണ് അതിര്‍ത്തിലംഘനത്തിനും ഇരുപത് ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവിനും കാരണമായത്. അത് തുറന്നു സമ്മതിക്കാന്‍ ഭരണകൂടത്തിനുള്ള വൈമുഖ്യം സ്വാഭാവികമാണ്. ജൂണ്‍ 15ലെ സംഭവങ്ങള്‍ക്ക് മുന്നോടിയായി പ്രതിരോധമന്ത്രിയും സൈനിക നേതൃത്വവും നടത്തിയ പരസ്യപ്രസ്താവനകളും ഔദ്യോഗിക ആശയവിനിമയങ്ങളും ഏതെങ്കിലും തരത്തിലുള്ള ഇന്റലിജന്‍സ് വീഴ്ച നിരാകരിക്കുന്നു. സൈനികതലത്തില്‍ നടന്ന ചര്‍ച്ചകളെല്ലാം ഇരുസൈന്യങ്ങളും യഥാര്‍ഥ നിയന്ത്രണരേഖയില്‍നിന്ന് പിന്‍വാങ്ങുന്നതു സംബന്ധിച്ചും അതിന്റെ രീതികളെയും നിബന്ധനകളെയും സംബന്ധിച്ചായിരുന്നു. ദിവസങ്ങളോളമോ, ഒരുപക്ഷെ ആഴ്ചകള്‍ തന്നെയോ, നീണ്ട മുഖാമുഖത്തിന്റെ അന്തരീക്ഷത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനും സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാനും നയതന്ത്ര, രാഷ്ട്രീയതലങ്ങളില്‍ ഫലപ്രദമായ നീക്കങ്ങള്‍ യാതൊന്നും നടന്നതായി സൂചനയില്ല. നയതന്ത്രരംഗത്തെ തന്റെയും ഗവണ്മെന്റിന്റെയും നേട്ടങ്ങളെപ്പറ്റിയുള്ള ആത്മപ്രശംസയില്‍ അഭിരമിക്കുന്ന പ്രധാനമന്ത്രിയുടെ നിര്‍ണായക സന്ദര്‍ഭത്തിലെ നിശബ്ദതയും അമ്പരിപ്പിക്കുന്നതാണ്.
ആഗോള നയതന്ത്രരംഗത്തെ അത്ഭുത പ്രതിഭാസമാണ് താനും തന്റെ സര്‍ക്കാരുമെന്ന നരേന്ദ്രമോദിയുടെ അവകാശവാദത്തിന്റെയും സ്തുതിപാടക വൃന്ദത്തിന്റെ വാഴ്ത്തുപാട്ടുകളുടെയും പൊള്ളത്തരമാണ് ഗാല്‍വാന്‍ തുറന്നുകാട്ടുന്നത്. മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും 2014ല്‍ എന്‍.ഡി.എ അധികാരത്തില്‍ വന്ന ശേഷം പതിനെട്ടുതവണ കൂടി കണ്ടിട്ടുണ്ട്. മോദി അഞ്ച് തവണ ചൈന സന്ദര്‍ശിക്കുകയുമുണ്ടായി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഔദ്യോഗിക ചൈനീസ് സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രിയാണ് മോദി. തന്റെ വ്യക്തിപ്രഭാവം ഉറപ്പിക്കുക മാത്രം ലക്ഷ്യമാക്കി നടത്തിയ അത്തരം നയതന്ത്ര വ്യായാമങ്ങള്‍ കേവലം പാഴ്‌വേലകളായിരുന്നുവെന്നാണ് ഗാല്‍വാന്‍ തെളിയിക്കുന്നത്. മോദിയുടെ ലാഹോര്‍ സന്ദര്‍ശനവും അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായുള്ള കൂടിക്കാഴ്ചയും മോദിയുടെ 'മിന്നല്‍ നയതന്ത്ര' വൈദഗ്ധ്യമായി ആഘോഷിക്കപ്പെട്ടിരുന്നു. ജനതകളെയും അവരുടെ രാഷ്ട്രീയ അസ്തിത്വത്തെയും നിരാകരിച്ച് വ്യക്തികേന്ദ്രീകൃതമായി നയതന്ത്രവിജയം കൈവരിക്കാമെന്ന് ധരിച്ചുവശായി ചെയ്ത നീക്കങ്ങളുടെ പരിണതഫലം എന്തായിരിക്കുമെന്ന് തുറന്നുകാട്ടുന്ന സംഭവങ്ങളാണ് അവ.
നയതന്ത്ര പരീക്ഷണങ്ങളുടെ പരാജയം മറച്ചുവയ്ക്കാന്‍ യാഥാര്‍ഥ്യങ്ങളെ നിഷേധിക്കാനും അപ്രായോഗികവും വിനാശകരവുമായ പാത അവലംബിക്കാനുമാണ് മോദി പ്രഭൃതികളുടെ ഇപ്പോഴത്തെ ശ്രമം. ജൂണ്‍ 19ന് നടന്ന സര്‍വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ സമാപന പ്രസംഗവും തൊട്ടടുത്ത ദിവസം പ്രധാനമന്ത്രിയുടെ ഓഫിസ് നല്‍കിയ വ്യാഖ്യാനവും അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇന്ത്യയുടെ അതിര്‍ത്തി ആരും ലംഘിച്ചിട്ടില്ലെന്നും ഇന്ത്യന്‍ അതിര്‍ത്തി ആരും കടന്നുകയറിയിട്ടില്ലെന്നും ഒരിഞ്ച് ഭൂമി പോലും നഷ്ടമായിട്ടില്ലെന്നും പ്രധാനമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. ഇരുപത് ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവില്‍ കലാശിച്ച ധീരതയെ തുടര്‍ന്നുള്ള സ്ഥിതിവിശേഷമാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ അന്തഃസത്ത എന്ന പി.എം.ഒയുടെ വിശദീകരണം ജനങ്ങളിലും രാഷ്ട്രീയ, സൈനിക, നയതന്ത്രവൃത്തങ്ങളിലും കടുത്ത ആശയക്കുഴപ്പത്തിനാണ് വഴിവച്ചത്. ഗാല്‍വാനില്‍ എന്താണ് സംഭവിച്ചതെന്നത് എക്കാലത്തേക്കും രഹസ്യമായി മൂടിവയ്ക്കാനാവില്ല എന്നതാണ് തുടര്‍ന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളും വിശകലനങ്ങളും വ്യക്തമാക്കുന്നത്.
ഇന്ത്യയും ചൈനയും തമ്മിലുള്ള മറ്റൊരു യുദ്ധം ഇരുരാജ്യങ്ങളുടെയും ലോകത്തിന്റെയും പൊതുതാല്‍പര്യങ്ങള്‍ക്കും നിലനില്‍പിനു തന്നെയും കനത്ത ഭീഷണിയാണ്. നയതന്ത്രതലത്തിലും രാഷ്ട്രീയ തലത്തിലും സൈനികതലത്തില്‍ തന്നെയും ചര്‍ച്ചകള്‍ക്കും വിലപേശലുകള്‍ക്കും അവസരങ്ങളും സാധ്യതകളും ഏറെ അവശേഷിക്കുന്നു. തീവ്രദേശീയത ഉയര്‍ത്തുന്ന ശബ്ദകോലാഹലങ്ങള്‍ക്ക് അപ്പുറം സമവായത്തിന്റെയും വിവേകത്തിന്റെയും ശബ്ദങ്ങള്‍ക്ക് ചെവികൊടുക്കാന്‍ മോദിഭരണകൂടം തയാറാവണം. ദൗര്‍ഭാഗ്യകരമായ സംഭവവികാസങ്ങളെ മുതലെടുപ്പിനായി ഉപയോഗിക്കാനുള്ള ഒരു ശ്രമവും അനുവദിച്ചുകൂട. ജനങ്ങളുടെ സമാധാനപൂര്‍ണമായ ജീവിതത്തിനും സമ്പദ്ഘടനകളുടെ നിലനില്‍പിനും വളര്‍ച്ചയ്ക്കുമായിരിക്കണം ഊന്നല്‍. ഇന്ത്യയുടെയും ചൈനയുടെയും സമ്പദ്ഘടനകള്‍ക്കും ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ ബലതന്ത്രത്തിനും അനുരോധമായ മാര്‍ഗം സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സഹകരണാത്മക അയല്‍ബന്ധത്തിന്റേതും ആയിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."