ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരുകളുടെ മുന്‍കൂര്‍ അനുമതി വേണം
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഓപ്പറേറ്റ് ചെയ്യുന്നതിന് അതെത്തിച്ചേരുന്ന സംസ്ഥാന സര്‍ക്കാരുകളുടെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്ന നിബന്ധന ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍.
എംബസിയെയോ കോണ്‍സുലേറ്റിനെയോ സമീപിച്ച് വിദേശകാര്യ മന്ത്രാലയം വഴി അനുമതി നേടുന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്. വിദേശകാര്യ മന്ത്രാലയമായിരുന്നു സംസ്ഥാനത്തിന്റെ അനുമതി വാങ്ങിയിരുന്നത്. അതു മാറ്റിയാണ് സംസ്ഥാന സര്‍ക്കാരുകളുടെ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധന ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രക്കാരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സംസ്ഥാനങ്ങള്‍ക്ക് അപേക്ഷ നല്‍കേണ്ടത്. സംസ്ഥാന സര്‍ക്കാരിനു നല്കുന്ന അപേക്ഷയുടെ കോപ്പി എംബസികളോ കോണ്‍സുലേറ്റുകളോ വഴി വിദേശകാര്യ മന്ത്രാലയത്തിനും കൈമാറണം.
ക്വാറന്റൈന് സൗകര്യങ്ങളെല്ലാം പരിഗണിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്തിന്റെ അനുമതി ലഭിച്ചാല്‍ തുടര്‍നടപടികള്‍ക്കായി എംബസികളോ കോണ്‍സുലേറ്റുകളോ വഴി വിദേശകാര്യ മന്ത്രാലയത്തിന് അപേക്ഷ നല്‍കാം.
ഇതോടെ ചാര്‍ട്ടേഡ് വിമാനങ്ങളുടെ അപേക്ഷ സ്വീകരിക്കുന്നത് ഗള്‍ഫിലെ നയതന്ത്ര കേന്ദ്രങ്ങള്‍ വൈകാതെ നിര്‍ത്തിവയ്ക്കുമെന്നാണ് വിവരം. നാട്ടിലെത്താന്‍ ഗള്‍ഫ് പ്രവാസികള്‍ പ്രധാനമായും ചാര്‍ട്ടേഡ് വിമാനങ്ങളെയാണ് ആശ്രയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."