ദലിത് വിദ്യാര്‍ഥിയുടെ ദുരൂഹമരണം; സമഗ്രാന്വേഷണം വേണമെന്ന്
കുണ്ടറ: ദലിത് വിദ്യാര്‍ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍. പഴങ്ങാലം കുന്നുവിള വീട്ടില്‍ കെ. രവീന്ദ്രന്റെയും വസന്തകുമാരിയുടെയും മകന്‍ അഭിലാഷി (19) നെ കഴിഞ്ഞ 25നാണു ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്‍ജിനീയറിങ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായിരുന്നു അഭിലാഷ്.
കഴിഞ്ഞമാസം 24ന് അഭിലാഷിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ ഇയാളെ കണ്ടെത്താനായില്ല. കുടുംബാംഗങ്ങള്‍ ഇതുസംബന്ധിച്ച് കുണ്ടറ പൊലിസില്‍ പരാതിയും നല്‍കിയിരുന്നു. 25നു രാവിലെ പത്തോടെ അഭിലാഷിനെ വീടിന് കിലോമീറ്റര്‍ അകലെയുള്ള വയല്‍ക്കരയിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മൃതദേഹത്തിന്റെ കാലുകള്‍ തറയില്‍ മുട്ടിയ നിലയിലായിരുന്നുവെന്ന് പറയപ്പെടുന്നു. പോക്കറ്റില്‍ നിന്നു പെണ്‍കുട്ടിയുടെ ഫോട്ടോയും കത്തും കണ്ടെടുത്തു. പൊലിസ് കൃത്യമായി സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നില്ലെന്നാണു നാട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും പരാതി. സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അഭിലാഷിന്റെ പിതാവ് രവീന്ദ്രന്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."