മലമ്പുഴ റിങ് റോഡ് നിര്‍മാണോദ്ഘാടനം സെപ്റ്റംബറില്‍
പാലക്കാട്: മലമ്പുഴ നിവാസികളുടെ ചിരകാലസ്വപ്നമായ മലമ്പുഴ റിങ് റോഡ് നിര്‍മാണം സെപ്തംബര്‍ അവസാനവാരം തുടങ്ങുമെന്ന് ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ മലമ്പുഴ എം.എല്‍.എ വി.എസ്.അച്യുതാനന്ദന്‍ അറിയിച്ചു.
റിങ് റോഡ് പൂര്‍ത്തിയാവുന്നതോടെ 32 കിലോമീറ്റര്‍ വരുന്ന മലമ്പുഴ മുതല്‍ അക്കരപ്രദേശം വരെയുള്ള ദൂരം അഞ്ചുകിലോ മീറ്ററായി ചുരുങ്ങും. ആദിവാസി കോളനികള്‍ അടക്കമുള്ള പ്രദേശങ്ങളിലേക്ക് പാലക്കാട് നഗരത്തെ ബന്ധിപ്പിക്കാന്‍ ഈ റോഡ് സഹായകരമാവും. സ്ഥലം ഏറ്റെടുപ്പ് ജോലികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
സ്വകാര്യ വ്യക്തികളുടേയും വനംവകുപ്പിന്റേയും ജലസേചന വകുപ്പിന്റേയും ഭൂമിയിലൂടെയാണ് നിര്‍ദിഷ്ടപാത കടന്നു പോവുന്നത്. 264 മീറ്റര്‍ ദൂരം 10 മീറ്റര്‍ വീതിയില്‍ വനംവകുപ്പിന്റെ സ്ഥലവുമുണ്ട്. 530 മീറ്റര്‍ ജലസേചനവകുപ്പിന്റെയും 301 മീറ്റര്‍ സ്വകാര്യ വ്യക്തികളുടേയുമാണ്.
നിലവില്‍ 3.5 മീറ്റര്‍ വീതിയില്‍ വനംവകുപ്പിന്റെ കൂപ്പ് റോഡ് മാത്രമാണുള്ളത്. റിങ് റോഡിനായി 10 മീറ്റര്‍ വീതിയില്‍ റോഡ് പൂര്‍ത്തിയാക്കണം. മലമ്പുഴ ബസ് സ്റ്റാന്‍ഡ് പ്രദേശത്ത് നിന്നും തുടങ്ങി മലമ്പുഴ ഡാമിന്റെ അക്കര പ്രദേശങ്ങളില്‍ ആനക്കല്ല്, കവ തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് റിങ് റോഡ്.
റിങ് റോഡിന്റെ പൂര്‍ത്തീകരണത്തിനായി മൈലാടിപ്പുഴയ്ക്കു കുറുകെ പാലം നിര്‍മിക്കേണ്ടത്. 2017-18 ലെ ബജറ്റില്‍ 10 കോടിയാണ് ഇതിനായി വകയിരുത്തിയിട്ടുണ്ട്. 234 മീറ്റര്‍ നീളവും 13.2 മീറ്റര്‍ വീതിയും 10 മീറ്റര്‍ ഉയരവുമുള്ള പാലമാണ് പൊതുമരാമത്ത് വകുപ്പിന്റെ പ്ലാനിലുള്ളത്. ഇതിന്റെ ഡിസൈന് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. 2019 ഓടെ റിങ് റോഡ് പൂര്‍ത്തിയാവുമെന്നും എം.എല്‍.എ അറിയിച്ചു.
2018 ഏപ്രില്‍ നാലിന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ അധ്യക്ഷതയില്‍ വി.എസ്.അച്ചുതാനന്ദന്‍ എം.എല്‍.എ യുടെ സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തിലാണ് വനം വകുപ്പും ജലസേചന വകുപ്പും സ്ഥലം നല്‍കണമെന്ന തീരുമാനമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."