വിദ്വേഷരാഷ്ട്രീയത്തിനെതിരെ വോട്ട്‌ചെയ്യണമെന്നഭ്യര്‍ത്ഥിച്ച് 210 പ്രമുഖരുടെ പ്രസ്താവന
ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പില്‍ വിദ്വേഷരാഷ്ട്രീയത്തിനെതിരെ വോട്ട്‌ചെയ്യണമെന്നഭ്യര്‍ത്ഥിച്ച് ജ്ഞാനപീഠ പുരസ്‌കാരജേതാവ് ഗിരീഷ് കര്‍ണാഡ്, വിശ്വപ്രസിദ്ധ സാമൂഹികപ്രവര്‍ത്തക അരുന്ധതി റോയ് എന്നിവരുള്‍പ്പെടെയുള്ള 210 എഴുത്തുകാരുടെ സംയുക്ത പ്രസ്താവന. തെരഞ്ഞെടുപ്പില്‍ ഓരോ ഇന്ത്യക്കാരുടേയും വോട്ട് സമത്വവും നാനാത്വവും നിലനില്‍ക്കുന്ന ഒരു ഇന്ത്യക്കാവട്ടെ എന്നാണ് പ്രസ്താവനയില്‍ ഇവര്‍ ആഹ്വാനംചെയ്തിരിക്കുന്നത്. കൂട്ടായ്മയുടെ വെബ്‌സൈറ്റായ ഇന്ത്യന്‍കള്‍ച്ചറല്‍ഫോറം ടോട്ട് ഇന്നിലാണ് പ്രസ്താവന പുറത്തുവിട്ടത്. ഇംഗ്ലീഷിന്‍ പുറപ്പെടുവിച്ച പ്രസ്താവനയുടെ ഹിന്ദി, ഗുജറാത്തി, മലയാളം, ഉറുദു, കന്നഡ, തമിഴ്, ബംഗാളി, പഞ്ചാബി, തെലുഗു, മറാത്തി ഭാഷകളിലെ വിവര്‍ത്തനവും ഉണ്ട്.
പ്രസ്താവനയുടെ പൂര്‍ണരൂപം:
വരുന്ന പൊതുതെരഞ്ഞെടുപ്പ് നമ്മുടെ രാജ്യത്തെ സംബന്ധിച്ച് വഴിത്തിരിവാണ്. നമ്മുടെ ഭരണഘടന എല്ലാ പൗരന്‍മാര്‍ക്കും തുല്യാവകാശങ്ങളും ഇഷ്ടമുള്ളതു ഭക്ഷിക്കാനും പ്രാര്‍ത്ഥിക്കാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്യവും വിയോജിക്കാനുള്ള അവകാശവും നല്‍കുന്നുണ്ട്. എന്നാല്‍, ഇക്കഴിഞ്ഞ ചിലവര്‍ഷങ്ങളില്‍ സമുദായത്തിന്റെയും ജാതിയുടെയും ലിംഗത്തിന്റെയും ജന്‍മദേശത്തിന്റെയും പരില്‍ ജനങ്ങള്‍ തല്ലിക്കൊല്ലപ്പെടുകയാണ്. രാജ്യത്തെ വിഭജിക്കാനും ഭയംസൃഷ്ടിക്കാനും സമ്പൂര്‍ണപൗരന്‍മാരായി ജീവിക്കുന്നതില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ ജനങ്ങളെ ഒഴിച്ചുനിര്‍ത്താനും വിദ്വേഷരാഷ്ട്രീയം ഉപയോഗിക്കപ്പെടുത്തുന്നു. എഴുത്തുകാരും കലാകാരന്‍മാരും ചലച്ചിത്രനിര്‍മാതാക്കളും ഗായകരും സാംസ്‌കാരിക പ്രവര്‍ത്തകരും ഭീഷണിക്കും സെന്‍സര്‍ഷിപ്പിനും വിധേയരാവുന്നു. അധികാരികളെ ചോദ്യംചെയ്യുന്നവര്‍ അപകടത്തിലാണ്. കപടവും അപഹാസ്യവുമായ ആരോപണങ്ങള്‍ ചുമത്തി അവരെ ഉപദ്രവിക്കുന്നതും തടങ്കലില്‍ വയ്ക്കുന്നതും പതിവായിരിക്കുന്നു.
ഈ സ്ഥിതിക്കു മാറ്റംവേണമെന്ന് ഞങ്ങളെല്ലാം ആഗ്രഹിക്കുന്നു. സ്വതന്ത്രചിന്തകരും എഴുത്തുകാരും പൗരാവകാശപ്രവര്‍ത്തകരും ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും അനുവദിക്കാനാവില്ല. സ്ത്രീകളെയും ദലിതരെയും ആദിവാസികളെയും ന്യൂനപക്ഷങ്ങളെയും വാക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും ഹിംസിക്കുന്നര്‍ക്കെതിരെ കടുത്ത നടപടികള്‍ കൈക്കൊള്ളണം. എല്ലാവര്‍ക്കും തൊഴില്‍ വിദ്യാഭ്യാസം, ഗവേഷണം, ആരോഗ്യപരിരക്ഷ ഇവയ്‌ക്കെല്ലാമുള്ള തുല്യാവവസരങ്ങളും ഉപാധികളും നടപടികളും ഉണ്ടാവണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. എല്ലാത്തിലുമുപരി നമ്മുടെ രാജ്യത്തിന്റെ വൈവിധ്യം നിലനില്‍ക്കുകയും ജനാധിപത്യം പുലരുകയും ചെയ്യേണ്ടുണ്ട്.
അത്യാവശ്യമായ ഈ മാറ്റം നാം എങ്ങിനെ കൊണ്ടുവരും? നാം ചെയ്യേണ്ട, നമുക്കു ചെയ്യാന്‍ കഴിയുന്ന ചിലതുണ്ട്. എന്നാല്‍, നിര്‍ണായകമായ ഒരു ആദ്യ കാല്‍വയ്പ്. നമുക്ക് ഉടന്‍ എടുക്കാവുന്ന ആ ആദ്യകാല്‍വയ്പ് വിദ്വേഷരാഷ്ട്രീയത്തെ വോട്ടിലൂടെ പുറത്താക്കുക എന്നതാണ്. നമ്മുടെ ജനതയുടെ വിഭജനത്തെ വോട്ടിലൂടെ തടയുക, അസമത്വത്തെ ബഹിഷ്‌കരിക്കുക, ഹിംസയ്ക്കും ഭീഷണിക്കും സെന്‍സര്‍ഷിപ്പിനുമെതിരെ വോട്ട്‌ചെയ്യുക, നമ്മുടെ ഭരണഘടന നല്‍കിയ വാഗ്ദാനങ്ങള്‍ പുതുക്കുന്ന ഒരു ഇന്ത്യക്കു വേണ്ടി വോട്ട്‌ചെയ്യാന്‍ നമുക്കുള്ള ഏകവഴി ഇതാണ്. അതുകൊണ്ട് നാനാത്വവും സമത്വവും പുലരുന്ന ഒരു ഇന്ത്യക്കു വേണ്ടി വോട്ട്‌ചെയ്യാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണ്.
റൊമീലാ ഥാപ്പര്‍, ആനന്ദ് തെല്‍തുംദെ, സക്കറിയ, അശോക് വാജ്‌പേയ്, അനിതാ നായര്‍, ബെന്യാമിന്‍, സച്ചിദാനന്ദന്‍, അമിതാവ് ഘോഷ്, എം മുകുന്ദന്‍, കെ.എന്‍ പണിക്കര്‍, കെ.പി രാമനുണ്ണി, സേതു, കെ.ജി ശങ്കരപിള്ള, ആര്‍ ഉണ്ണി, മാനസി, ആനന്ദ്, അന്‍വര്‍ അലി, അശോകന്‍ ചെരുവില്‍, ബി.രാജീവന്‍, മാങ്ങാട് രത്‌നാകരന്‍, എസ്.ജോസഫ്, അനിതാ തമ്പി, ജെ.ദേവിക, എ.ജെ തോമസ്, എ.ആര്‍ വെങ്കടചലപതി, അലോക് റായ്, അമിത് ചതുര്‍വേദി, അമിതവ് ഘോഷ്, അനന്യാ വാജ്‌പേയി, സോയ ഹസന്‍, പുരുഷോത്തം അഗര്‍വാള്‍, ഹര്‍ഷ് മന്ദിര്‍, ഹേമലത മഹേശ്വര്‍, റഹ്മാന്‍ അബ്ബാസ്, ജെ.എം പ്രകാശ്, ജീത്ത് തയ്യില്‍, രേഖ അശ്വതി, ജോയ് മാത്യു, അനിത രത്‌നം, റിതു മേനോന്‍, രുചിറ ഗുപ്ത, രുഗ്മിണി നായര്‍, കല്‍പ്പന സ്വാമിനാഥന്‍, അപൂര്‍വാനന്ദ്, സമിക് ബന്ദോപാധ്യായ്, കുണാല്‍ ബസു, അരുണവ് സിന്‍ഹ, കുട്ടി രേവതി, അസദ് സൈദി, സാവിത്രി രാജീവന്‍, ശര്‍മിള സാമന്ത്, മനിഷി ജെയ്ന്‍, മനോജ് കുല്‍ക്കര്‍ണി, സി.എസ് ചന്ദ്രിക, ശ്രീലത കെ, മീന കന്ദസ്വാമി, സിവിക് ചന്ദ്രന്‍, എന്‍.എസ് മാധവന്‍, എന്‍.പി ഹാഫിസ് മുഹമ്മദ്, ടി.എം കൃഷ്ണ, നമിത് ഗോഖലെ, ഇ.വി രാമകൃഷ്ണന്‍, പി.എന്‍ ഗോപീകൃഷ്ണന്‍, പി.പി രാമചന്ദ്രന്‍, പ്രഭാവര്‍മ, ഗോവിന്ദ പ്രസാദ് തുടങ്ങിയവരും പ്രസ്താവനയില്‍ ഒപ്പിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."