ഇന്ധന വില വര്‍ധന: സി.എന്‍.ജിയിലേക്ക് ചുവടുമാറ്റി ഉപഭോക്താക്കള്‍
കൊച്ചി: കഴിഞ്ഞ രണ്ട് ആഴ്ച്ചയായി പെട്രോള്‍, ഡീസല്‍ വില ദിവസേന കുതിച്ചു കയറിയതോടെ സംസ്ഥാനത്ത് സി.എന്‍.ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ്. കുറഞ്ഞ കാലയളവിനുള്ളില്‍ ആയിരക്കണക്കിന് പെട്രോള്‍ വാഹനങ്ങളാണ് സി.എന്‍.ജിയിലേക്കു മാറിയത്.
വരും മാസങ്ങളില്‍ തിരുവനന്തപുരത്തും തൃശൂരിലും സി.എന്‍.ജി സ്റ്റേഷനുകള്‍ ആരംഭിക്കുന്നതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപഭോക്താക്കളുടെ എണ്ണം കുതിച്ചുയര്‍ന്നേക്കും.
ഒരു കിലോഗ്രാം സി.എന്‍.ജിക്ക് 57.30 രൂപയാണ് വില. പെട്രോളിനെ അപേക്ഷിച്ച് 50 ശതമാനം വരെ മൈലേജ് അധികം കിട്ടും. പെട്രോള്‍ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍ക്ക് സി.എന്‍.ജിയിലേക്ക് മാറാം. ഇതിനായി കണ്‍വേര്‍ഷന്‍ കിറ്റുകള്‍ വിപണിയിലുണ്ട്. 35,000 രൂപ മുതല്‍ 60000 രൂപ വരെ ചെലവ്. പെട്രോളിനും ഡീസലിനും തുടര്‍ച്ചയായി 16 ദിവസം കൊണ്ട് എട്ടു രൂപയിലധികം വര്‍ധിപ്പിച്ചപ്പോള്‍ സി.എന്‍.ജിയ്ക്ക് ആകെ ഉയര്‍ന്നത് 28 പൈസ മാത്രമാണ്. അതും ഈ മാസത്തിന്റെ തുടക്കത്തിലായിരുന്നു. കുറേ നാളുകള്‍ക്കിടയിലാണ് ഈ വര്‍ധനയുണ്ടായതെന്നും പമ്പുടമകള്‍ വ്യക്തമാക്കുന്നു.
കൊച്ചി നഗരത്തില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സി.എന്‍.ജി പമ്പുകളിലും ഇപ്പോള്‍ നല്ല തിരക്കാണ്. ഇന്ധന വില അടിക്കടി കൂടുന്നതോടെ കൂടുതല്‍ പേര്‍ സി.എന്‍.ജിയിലേക്ക് മാറുകയാണ്. 2009 മോഡല്‍ 1200 സി.സിക്ക് താഴെയുള്ള വാഹനങ്ങള്‍ സി.എന്‍.ജിയിലേക്ക് മാറണമെങ്കില്‍ ഏകദേശം 35,000 രൂപയോളം ചെലവാക്കണം. പുതിയ മോഡല്‍ കാറുകള്‍ക്ക് 60,000 രൂപ മുടക്കണം. പെട്രോളിലും, സി.എന്‍.ജിയിലും കാര്‍ ഓടിക്കാം. നഗരം വിട്ടു പോകേണ്ടി വന്നാലും പേടിക്കേണ്ടെന്ന് ചുരുക്കം.
ഓരോ സി.എന്‍.ജി സ്റ്റേഷനുകളിലും പ്രതിദിനം 900 മുതല്‍ 1300 കിലോഗ്രാം വരെ സി.എന്‍.ജി വിറ്റു പോകുന്നു. ഓണ്‍ലൈന്‍ ടാക്‌സികളും സി.എന്‍.ജിയിലേക്ക് ചുവടുമാറ്റിക്കൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."