മാവോയിസ്റ്റ് നേതാവിന്റെ കൊലപാതകം: സ്ഥലം സന്ദര്‍ശിക്കാന്‍ അനുമതിതേടി ഹരജി
കൊച്ചി: വയനാട് വൈത്തിരിയില്‍ മാവോയിസ്റ്റ് നേതാവ് സി.പി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തിലെ യഥാര്‍ഥ വസ്തുത കണ്ടെത്താന്‍ സ്ഥലം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി.
ഹരജി ഫയലില്‍ സ്വീകരിച്ച കോടതി സര്‍ക്കാരിനോട് വിശദീകരണംതേടി. ജലീലിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശരിയായ വസ്തുതകള്‍ പുറത്തുവരേണ്ടതുണ്ടെന്ന് ഹരജിക്കാരായ ഒ.പി.ഡി.ആര്‍ എന്ന സംഘടന ആവശ്യപ്പെട്ടു. സ്ഥലം സന്ദര്‍ശിക്കാന്‍ പൊലിസ് അനുവദിക്കുന്നില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഒ.പി.ഡി.ആര്‍ അംഗങ്ങളും കോഴിക്കോട് സ്വദേശികളുമായ ജോസഫ്, പി. കുമാരന്‍കുട്ടി, എം. വി കരുണാകരന്‍ എന്നിവരാണ് ഹരജിക്കാര്‍. മാര്‍ച്ച് ആറിനാണ് വൈത്തിരിയിലെ റിസോര്‍ട്ടില്‍ പൊലിസുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് ജലീല്‍ വെടിയേറ്റ് മരിച്ചത്.
എന്നാല്‍, ജലീലിനെ മറ്റെവിടെ നിന്നോ പിടികൂടി റിസോര്‍ട്ടിലെത്തിച്ച് പൊലിസ് വെടിവച്ചു കൊന്നതാണെന്നും റിസോര്‍ട്ടില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നുമാണ് സഹോദരങ്ങളുടെ ആരോപണം. സംഭവത്തിലെ ദുരൂഹത നീക്കാന്‍ വസ്തുത പുറത്തുവരേണ്ടതുണ്ട്. അതിന് മതിയായ അന്വേഷണം നടക്കണം. എന്നാല്‍, സംഭവത്തിനുപിന്നിലെ യഥാര്‍ഥ വസ്തുതതേടി വൈത്തിരിയില്‍ എത്തിയ സംഘത്തെ പൊലിസ് തടഞ്ഞു.
ഏറ്റുമുട്ടല്‍ നടന്ന റിസോര്‍ട്ട് സന്ദര്‍ശിക്കുന്നതും പ്രദേശവാസികളായ ആദിവാസികളോട് വിവരങ്ങള്‍ ചോദിച്ചറിയുന്നതും പൊലിസ് തടയുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ചിലത് മറക്കാനുള്ളതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."