മഴ കുറവ്; കാലവര്‍ഷം കേരളത്തില്‍ പത്തുശതമാനം കുറഞ്ഞു
തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് ഇതുവരെ പത്തുശതമാനം മഴ കുറഞ്ഞു. ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 418.6 മില്ലിമീറ്റര്‍ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. സാധാരണഗതിയില്‍ 463.1 മി.മീ ആണ് ലഭിക്കേണ്ടത്. ജില്ലാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കോഴിക്കോട് ജില്ലയിലാണ്. ഇവിടെ 55 ശതമാനം അധികം മഴ ലഭിച്ചുവെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലാണ്. ഇവിടെ 50 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണ 527.1 മി.മീ ലഭിക്കേണ്ടിടത്ത് 264 മി.മീ മാത്രമാണ് ലഭിച്ചിട്ടുള്ളത്.
കേരളത്തില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ പരക്കെ ശക്തമായ മഴലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച്ച പാലക്കാടും വയനാടും ഒഴികെ മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച്ച ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടും ബാക്കിയെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടുമാണ്. നാളെ കോട്ടയം, എറണാകുളം,ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."