ഓണ വിപണിയെ സമ്പന്നമാക്കാന്‍ വാഴക്കൃഷിയുമായി വീട്ടമ്മ
വാടാനപ്പള്ളി: ഓണ വിപണിയെ സമ്പന്നമാക്കാന്‍ വാഴക്കൃഷി ചെയ്യുകയാണ് വീട്ടമ്മയായ ഷാലി. അടുക്കളപ്പണിയെല്ലാം കൃത്യമായി ചെയ്യുന്നതിനിടെയാണ് കൃഷിയിലൂടെ ഈ വീട്ടമ്മ മാതൃകയാവുന്നത്.
ഉച്ചവെയില്‍ തലക്ക് മീതെ എത്തുംവരെ കൃഷിപ്പണിക്കാരിയാണ് രണ്ട് മക്കളുടെ ഈ അമ്മ. വാടാനപ്പള്ളി ഏഴാം കല്ല് കിഴക്ക് ചാളിപ്പാട്ട് സുധീറിന്റെ ഭാര്യയാണ് ഈ യുവതി. വെണ്ട, മുളക്, വഴുതന, തക്കാളി, പയര്‍, കൊള്ളി, ചീര എന്നിവയായി പറമ്പ് നിറഞ്ഞിട്ടും കൃഷി വ്യാപനമാണ് ഷാലി ആശിച്ചത്.
കഴിഞ്ഞ വര്‍ഷം കൃഷിവകുപ്പ് കരനെല്‍കൃഷിക്ക് പ്രോത്സാഹനം നല്‍കുന്നതറിഞ്ഞതോടെ കുമാരന്‍ പനച്ചിക്കല്‍ എന്ന കേര കര്‍ഷകന്റെ പറമ്പില്‍ ഷാലി രണ്ടേക്കറില്‍ നെല്‍കൃഷി ചെയ്തു.
നല്ല വിളവുണ്ടായെങ്കിലും കാട് വിട്ട് നാട്ടിലിറങ്ങിയ മയില്‍ക്കൂട്ടം നെല്ലുകള്‍ ഏറെക്കുറെ തിന്നുതീര്‍ത്തു.
വലിയ നഷ്ടം വന്നതോടെ ഇത്തവണ വാഴക്കൃഷിയിലേക്ക് തിരിയുകയായിരുന്നു. അതിനായി മയിലുകളുടെ കണ്ണില്‍ പെടാത്ത മറ്റൊരു സ്ഥലമാണ് കണ്ടെത്തിയത്.
നെല്‍ക്കൃഷി ഈസ്റ്റ് ടിപ്പുസുല്‍ത്താന്‍ റോഡിനടുത്തായിരുന്നുവെങ്കില്‍ ദേശീയ പാതക്കരികില്‍ കാണത്ത് പ്രകാശന്റെ ഒന്നര ഏക്കറില്‍ ഓണവിപണി ലക്ഷ്യമാക്കി വാഴക്കൃഷി ചെയ്യുകയാണ്.
300 ഞാലിപ്പൂവനും നൂറ് ടിഷ്യൂകള്‍ച്ചര്‍ നേന്ത്രനുമാണ്. കൃഷിയിറക്കിയത്. മിക്ക വാഴകളിലും ഓണത്തിന് വിളവെടുക്കാവുന്ന വിധം നല്ല കുലകളും വന്നിട്ടുണ്ട്. കൃഷിയിടം ഒരുക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് ഷാലി പറഞ്ഞു.
കളകള്‍ പറിച്ചുനീക്കാന്‍ സ്വന്തം ചെലവില്‍ വേറെ തൊഴിലാളികളെയും വച്ചു. പിന്നെ വളം ചെയ്യലും നയും ഷാലിയുടെ പണിയാണ്. സഹായത്തിന് ബി ടെക് ബിരുദധാരിയായ മകള്‍ അലീഷ, ബിരുദ വിദ്യാര്‍ഥി അഖില്‍, ഷാലിയുടെ മാതാപിതാക്കളായ ഗോപി, പ്രമീള എന്നിവരും കൂടാറുണ്ട്.
എല്ല് പൊടി, വേപ്പിന്‍ പിണ്ണാക്ക്, ചാണകം, കോഴിക്കാഷ്ടം, ഫാക്ടം ഫോസ്, പൊട്ടാഷ്, യൂറിയ എന്നിവയാണ് വളം. എല്ലാറ്റിനും വാടാനപ്പള്ളി കൃഷി ഓഫിസര്‍ ഗോപകുമാര്‍, കൃഷി അസിസ്റ്റന്റ് ശ്രീന എന്നിവരുടെ ഉപദേശ നിര്‍ദേശങ്ങളും ഷാലിക്ക് തുണയാകുന്നുണ്ട്.
ഇതിനു പുറമെ മൂന്ന് പശുക്കളെയും ഷാലി വളര്‍ത്തുന്നു.എന്നാലും വാഴക്കൃഷിയില്‍നിന്ന് ചെലവാക്കുന്നതിലധികം തിരിച്ചുകിട്ടുമെന്ന് ഈ യുവതിക്ക് ഉറപ്പൊന്നുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."