കേസ് റദ്ദാക്കണമെന്ന ഹരജിയില്‍ പരാതിക്കാരന് നോട്ടിസ്
കൊച്ചി: സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജ ബാങ്ക് അക്കൗണ്ട് രേഖ ചമച്ചുവെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി പരാതിക്കാരന് നോട്ടിസ് അയച്ചു. കേസില്‍ സര്‍ക്കാരിന്റെ വിശദീകരണവും കോടതി തേടി. തങ്ങള്‍ക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാ. പോള്‍ തേലക്കാട്ട്, എറണാകുളം അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് എന്നിവര്‍ സമര്‍പ്പിച്ച ഹരജിയാണ് ജസ്റ്റിസ് രാജാ വിജയരാഘവന്‍ പരിഗണിച്ചത്.
മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പേരില്‍ വ്യാജ ബാങ്ക് രേഖ ചമച്ചുവെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ടാണ് സഭാ സിനഡ് ചുമതലപ്പെടുത്തിയ പ്രകാരം ഫാ. ജോബി മാപ്രക്കാവില്‍ പൊലിസില്‍ പരാതി നല്‍കിയത്. ഐ.സി.ഐ.സി ബാങ്കില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അക്കൗണ്ടിലേക്ക് ലുലു മാരിയറ്റിന്റെ അക്കൗണ്ടില്‍ നിന്ന് 25 ലക്ഷത്തിലധികം രൂപ കൈമാറിയെന്ന വിധത്തില്‍ വ്യജമായി രേഖ ചമച്ചുവെന്നാണ് പരാതി. തനിക്ക് അത്തരത്തില്‍ ബാങ്ക് അക്കൗണ്ടില്ലെന്നും ഈ രേഖ വ്യാജമാണെന്നും അന്വേഷണം വേണമെന്നുമായിരുന്നു മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആവശ്യം. തുടര്‍ന്നാണ് ഫാ. പോള്‍ തേലക്കാട്ട്, മാര്‍ ജേക്കബ് മനത്തോടത് എന്നിവരുടെ പേരില്‍ പൊലിസ് എഫ്.ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ തനിക്ക് കിട്ടിയ രേഖയുടെ ആധികാരികത പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇവ മാര്‍ ജേക്കബ് മനത്തോടത്തിന് കൈമാറിയതെന്നാണ് ഫാ. പോള്‍ തേലക്കാട്ട് പറഞ്ഞത്. ഫാ. പോള്‍ തേലക്കാട്ട് നല്‍കിയ രേഖ പരിശോധിക്കുന്നതിനാണ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് കൈമാറിയതെന്നായിരുന്നു മാര്‍ ജേക്കബ് മനത്തോടത്തിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."