ജില്ലയില്‍ പകര്‍ച്ചപ്പനി പടരുന്നു
കാസര്‍കോട്: ജില്ലയില്‍ പകര്‍ച്ചപ്പനിക്കു കുറവില്ല. ഡെങ്കിപ്പനി, മലേറിയ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതില്‍ കഴിഞ്ഞ മൂന്നുദിവസമായി കുറവുണ്ടെങ്കിലും പകര്‍ച്ചപ്പനിയുടെ നിരക്കില്‍ കുറവു രേഖപ്പെടുത്തിയിട്ടില്ല.
ദിനംപ്രതി മൂവായിരത്തിനടുത്ത് പേര്‍ പകര്‍ച്ചപ്പനി ബാധിച്ച് ജില്ലയിലെ ആശുപത്രികളില്‍ ചികിത്സ തേടുന്നുണ്ട്.
കഴിഞ്ഞ മൂന്നുദിവസമായി ഡെങ്കിപ്പനി നിരക്കുകുറഞ്ഞിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതിനാലാണ് ഡെങ്കി, മലേരിയ രോഗങ്ങളില്‍ കുറവു വന്നിരിക്കുന്നതെന്ന് ഡി.എം.ഒ എ.പി ദിനേശ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഭവിച്ചതുപോലെ പകര്‍ച്ചപ്പനിയാണ് ഇത്തവണയും നിയന്ത്രിക്കാനാകാതെ പടരുന്നതെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പനി നിരക്കു രേഖപ്പെടുത്തിയ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാണെന്ന് ഡി.എം.ഒ പറഞ്ഞു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മരുന്നുകള്‍ ആശുപത്രികളിലും പി.എച്ച്.സികളിലും സ്റ്റോക്കുണ്ട്. ഡിഫ്ത്തീരിയക്കു കുത്തിവയ്പ്പിനുള്ള മരുന്നും ജില്ലയില്‍ ആവശ്യത്തിനുണ്ടെന്ന് അദേഹം പറഞ്ഞു. പകര്‍ച്ചപ്പനി പടരുന്നതില്‍ ഗ്രാമ-നഗര വ്യത്യാസമില്ലെന്നാണ് പരിശോധനകളില്‍ കണ്ടെത്തിയിരിക്കുന്നത്.
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നു വരുന്ന വിവരമനുസരിച്ച് എല്ലാ തദ്ദേശ സ്ഥാപന പരിധിയിലും പനി നിരക്ക് ഒരുപോലെയാണ്.
എന്നാല്‍ ഡെങ്കിപ്പനിയും മലേരിയയും റിപ്പോര്‍ട്ട് ചെയ്യാത്ത നിരവധി തദ്ദേശ സ്ഥാപനങ്ങള്‍ ജില്ലയിലുണ്ട്.
വലിയപറമ്പ്, പടന്ന, മംഗല്‍പ്പാടി, തൃക്കരിപ്പൂര്‍ പഞ്ചായത്തുകളില്‍ ഇതുവരെയായി ഡെങ്കിപ്പനി റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. ശുചിത്വം പാലിച്ചാല്‍ പനി നിരക്കു കുറയുമെന്നും ഡി.എം.ഒ പറഞ്ഞു.
മഞ്ചേശ്വരത്ത് ഫാക്ടറിയില്‍ ജോലി ചെയ്യവേ അസം സ്വദേശിയായ യുവാവ് മരണപ്പെട്ടത് ഡിഫ്ത്തീരിയ ബാധിച്ചാണെന്നതിന് സ്ഥിരീകരണമായിട്ടില്ലെന്ന് ഡി.എം.ഒ പറഞ്ഞു.
മരണപ്പെട്ട രോഗിയുടെ രക്തസാമ്പിളുകള്‍ മംഗളൂരുവിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
രണ്ടുദിവസത്തിനകം ഇതിന്റെ റിപ്പോര്‍ട്ട് ലഭിക്കുമെന്നും അതിനു ശേഷമേ ഡിഫ്ത്തീരിയ മൂലമാണോ മരണമെന്ന് സ്ഥിരീകരിക്കാനാവുവെന്ന് ഡി.എം.ഒ ഫറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."