ജപ്പാനില്‍ ഓം ഷിന്റക്യോ നേതാക്കളെ തൂക്കിലേറ്റി
ടോക്കിയോ: വിഷവാതക പ്രയോഗത്തിലൂടെ 13 പേരുടെ ജീവനെടുത്ത ജപ്പാനിലെ ഓം ഷിന്റക്യോ നേതാക്കളുടെ വധശിക്ഷ നടപ്പാക്കി. സ്ഥാപക നേതാവ് ഷോക അസാരയുള്‍പ്പെടെ ഏഴുപേരെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ജപ്പാന്‍ കോടതി തൂക്കിലേറ്റിയത്.
1995ല്‍ ടോക്കിയോവിലെ ഭൂഗര്‍ഭ റെയില്‍വേ പാതയില്‍ ഷിന്റക്യോ നേതാക്കള്‍ ആക്രമണം നടത്തുകയായിരുന്നു. വിഷവാതകമായ സരിന്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ 13 പേര്‍ മരിക്കുകയും ആയിരക്കണക്കിനാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. തുളകള്‍ വീണ ബാഗുകളില്‍ സരിന്‍ നിറച്ചതിന് ശേഷമാണ് ആക്രമണം നടത്തിയത്.
തുടക്കത്തില്‍ യാത്രികര്‍ക്ക് കുഴപ്പമൊന്നും തോന്നിയില്ലെങ്കിലും പിന്നീട് ശാരീരിക അസ്വസ്ഥകള്‍ പ്രകടിപ്പിക്കുകയായിരുന്നു. 2006ല്‍ ആണ് ഇവര്‍ക്കെതിരേ വധശിക്ഷ വിധിച്ചത്. പിന്നീട് വിചാരണ പൂര്‍ണമായി അവസാനിക്കുന്നതുവരെ വധശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു.
ലോകാവസാനം അടിസ്ഥാനമാക്കി 1980കളില്‍ രൂപീകരിച്ചതാണ് ഓം ഷിന്റക്യോ പ്രസ്ഥാനം. ഷോക അസാരയാണ് ഇതിന് രൂപംകൊടുത്തത്. പ്രപഞ്ചത്തെ പ്രതിനിധീകരിക്കുന്ന സംസ്‌കൃത പദമായ ഓം, ജപ്പാനീസ് എഴുത്തു രൂപം കാഞ്ചിയിലെ പദമായ ഷിന്റക്യോ എന്നിവ ചേര്‍ത്ത് ഹിന്ദു, ബുദ്ധ മത വിശ്വാസ രീതിയാണ് ഇവരുടേത്. ജപ്പാനില്‍ പ്രത്യേക മതവിഭാഗമായി അംഗീകാരം നേടിയ ഓം ഷിന്റക്യോ 1997ല്‍ ലോകം അവസാനിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
മൗണ്ട് ഫ്യൂജി താഴ്‌വരയില്‍ ഒരു പ്രത്യേക സമൂഹമായിട്ടായിരുന്നു അസാരയുടെ ശിഷ്യര്‍ ജീവിച്ചിരുന്നത്. ശരീരത്തില്‍ പീഡനമേല്‍പ്പിക്കുന്ന രീതിയിലുള്ള മതാചാരം ഇവര്‍ പ്രയോഗവല്‍ക്കരിച്ചിരുന്നു. ഓം ഷിന്റക്യോ പ്രസ്ഥാനത്തിന് ഇപ്പോഴും ലോക വ്യാപകമായി അനുയായികളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."