പ്ലാച്ചിമടക്കാര്‍ ഇപ്പോഴും വില കൊടുത്ത് ശുദ്ധജലം വാങ്ങുന്നു
പാലക്കാട്: പ്ലാച്ചിമടയിലെ കുടുംബങ്ങള്‍ക്കും കര്‍ഷകര്‍ക്കും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇന്നു മുതല്‍ കലക്ട്രേറ്റിനുമുന്നില്‍ അനിശ്ചിതകാലസമരം തുടങ്ങുകയാണ്. 2002 ലാണ് കൊക്കക്കോള കമ്പനിക്കെതിരായി സമരം ആരംഭിച്ചത്. 15 വര്‍ഷങ്ങള്‍ക്കിപ്പുറവും പ്ലാച്ചിമടയിലെ ജനങ്ങള്‍ക്ക് ശുദ്ധജലം നിഷിദ്ധമാണ്.
കിണറുകളിലെയും കുളങ്ങളിലെയും വെള്ളം മഞ്ഞനിറമായതിനാല്‍ ഉപയോഗരഹിതമാണ്. പൊതു കിണറുകളുള്‍പ്പടെ 15 ല്‍ താഴെ കിണറുകളിലെ ജലം പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കുന്നങ്കാട്ടുപതി കുടിവെള്ള പദ്ധതി വഴിയാണ് ജനങ്ങള്‍ക്ക് വെള്ളം ലഭിക്കുന്നത്.
2000 ത്തിലാണ് ഹിന്ദുസ്ഥാന്‍ കൊക്കക്കോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ് പെരുമാട്ടി പഞ്ചായത്തില്‍ പ്ലാന്റ് ആരംഭിക്കുന്നത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് 561,000 ലിറ്റര്‍ കോള ഉത്പാദിക്കാനുള്ള ഉത്തരവാണ് നല്‍കിയത്. കുളങ്ങളിലെ വെള്ളവും ആറ് ബോര്‍വെല്ലുകളുപയോഗിച്ച് ഭൂഗര്‍ഭജലവുമാണ് ആരംഭഘട്ടത്തില്‍ കമ്പനിയുടെ സ്രോതസായിരുന്നത്.
കമ്പനി തുടങ്ങി ആറു മാസങ്ങള്‍ക്കുള്ളില്‍ തന്നെ വെള്ളം ഉപയോഗിക്കാന്‍ പറ്റാതെയായി. വെള്ളത്തിന് ഉപ്പുരസം കലര്‍ന്നു. കുടിക്കാനും ഭക്ഷണം പാചകം ചെയ്യുന്നതിനുപരി കുളിക്കാന്‍ പോലും വെള്ളം ഉപയോഗിക്കാന്‍ കഴിയാതെയായി. പല അസുഖങ്ങള്‍ ജനങ്ങള്‍ക്ക് പിടിപ്പെട്ടു. കിണറുകളിലെ വെള്ളം ഉപയോഗശൂന്യമായതും വറ്റുന്നതും കര്‍ഷകരെ ബാധിച്ചു. പ്ലാച്ചിമടയിലെ വെള്ളത്തില്‍ കൂടുതല്‍ അളവില്‍ കാല്‍സ്യവും മഗ്നീഷ്യവും കലര്‍ന്നതായി ചില പഠനങ്ങളില്‍ കണ്ടെത്തി. അമിതമായി വെള്ളം ഊറ്റിയെടുക്കുന്നതാണ് കാരണം. പ്രശ്‌നങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് പ്ലാച്ചിമട നിവാസികള്‍ സമരം നടത്താന്‍ തീരുമാനിച്ചു.
2002 ഏപ്രില്‍ 22ന് കൊക്കക്കോള വിരുദ്ധ ജനകീയ സമര സമിതി ആയിരത്തിയഞ്ഞൂറോളം ജനങ്ങള്‍ ചേര്‍ന്ന് പ്ലാന്റ് എത്രയും വേഗം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സമരത്തിന് തുടക്കമിട്ടു. ആദിവാസികളുടെ അവകാശങ്ങള്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച കേരളത്തിന്റെ കറുത്ത മുത്ത് എന്നറിയപ്പെടുന്ന സി.കെ ജാനു സമരം ഉദ്ഘാടനം ചെയ്തു. അവിടന്നങ്ങോട്ട് ശക്തമായ സമരത്തിനാണ് പ്ലാച്ചിമട സാക്ഷ്യം വഹിച്ചത്. നൂറില്‍പരം ആളുകള്‍ക്കെതിരേ പൊലിസ് കേസെടുത്തു.
2003 മുതല്‍ സമരം ശക്തമായി. ഏപ്രില്‍ ഏഴിന് പെരുമാട്ടി പഞ്ചായത്ത് പ്ലാന്റിന്റെ ലൈസന്‍സ് പുതുക്കുന്നത് റദ്ദാക്കി. കേരളാ ഹൈകോടതിയുടെ നിര്‍ദേശപ്രകാരം കമ്പനി തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ സമീപിച്ചു. പഞ്ചായത്തിന്റെ ലൈസന്‍സ് പുതുക്കിയ നടപടി എല്‍.എസ്.ടി സ്റ്റേ ചെയ്തു. 2003 ജൂലൈ 25ന് ബി.ബി.സി റേഡിയോ പ്ലാച്ചിമടയിലെ പ്ലാന്റില്‍ നിന്നുള്ള മാലിന്യത്തില്‍ കാര്‍സിനോജന്‍സ് എന്ന രാസവസ്തു അടങ്ങിയിട്ടുള്ളതായി കണ്ടെത്തി.
ഓഗസ്റ്റ് ഏഴിന് മലിനീകരണ നിയന്തണബോര്‍ഡ് മാലിന്യം തള്ളുന്നതും പുറംതള്ളിയ മാലിന്യം വീണ്ടും ശേഖരിച്ച് സുരക്ഷിതമായി വയ്ക്കാനും ഉത്തരവിട്ടു. തുടര്‍ന്നുള്ള നിയമ യുദ്ധത്തിന്റെ അടിസ്ഥാനത്തില്‍ 2004 മാര്‍ച്ച് ഒന്‍പതിന് പ്ലാന്റ് അടച്ചു. തുടര്‍ന്നും പ്രക്ഷോഭങ്ങള്‍ നടന്നുവരികയാണ്.
പ്ലാച്ചിമടയിലുളളവര്‍കാശുകൊടുത്ത് വെള്ളം വാങ്ങിക്കുന്ന അവസ്ഥയിലാണ്. വീണ്ടും ഒരു പ്ലാച്ചിമട സമരം തുടങ്ങുമ്പോള്‍ കുടിവെള്ള പദ്ധതിയിലൂടെ കിട്ടുന്ന വെള്ളമാണ് ജനങ്ങളുടെ ഏക ആശ്രയം. കിണറുകളും കുളങ്ങളും ഉപയോഗശൂന്യമാണ്.
കുടിവെള്ളമെങ്കിലും ആവശ്യാനുസരണം ലഭ്യമാകാതിരിക്കുന്നത് നാടിന്റെ ശാപമായി കാണുകയാണ് ഇവിടത്തെ ജനങ്ങള്‍. കമ്പനി പുറന്തള്ളിയ മാലിന്യങ്ങളുടെ അവശിഷ്ടങ്ങള്‍ക്കൊപ്പം ഇന്നും ഇവിടെ രോഗങ്ങളുമായി മല്ലടിച്ചുകഴിയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."