തെരഞ്ഞെടുപ്പ് അടുത്താലും ചാഞ്ചേരിപ്പറമ്പ് കോളനിക്കാരുടെ കുടിവെള്ള ക്ഷാമം തീരില്ല
ആനക്കര: പരുതൂര്‍ പഞ്ചായത്തിലെ ചാഞ്ചേരിപ്പപറമ്പ് എസ്.ഇ കോളനിക്കാരുടെ കുടിവെള്ള ക്ഷാമത്തിനറുതിയായില്ല. രണ്ടുവര്‍ഷമായി കോളനിയിലേക്ക് കുടിവെള്ളം ലഭിച്ചിട്ട്. ജലവിതരണ അതോറട്ടി കോളനിയിലേക്ക് കുടിവെള്ളം എത്തിക്കാന്‍ 25 വര്‍ഷം മുന്‍പ് സ്ഥാപിച്ച കുടിവെള്ള വിതരണ പൈപ്പ് ലൈന്‍ നാല് മാസം മുന്‍പ് അയനിപ്പറമ്പ് കുടിവെള്ള വിതരണ കമ്മിറ്റി കണ്‍വീനറുടെ നേതൃത്വത്തില്‍ അനധികൃതമായി പൂട്ടിയിട്ടതാണ് ഇപ്പോള്‍ കുടിവെള്ളം ലഭിക്കാതിരിക്കാന്‍ കാരണമെന്ന് കോളനി വികസന സമിതി യോഗം ആരോപിച്ചു.
ജലവിതരണ അതോറട്ടറി കോളനിയില്‍ ഉള്‍പ്പെടെ സ്ഥാപിച്ചിരുന്ന പൊതു ടാപ്പുകളും കണ്‍വീനറുടെ നേതൃത്വത്തില്‍ എടുത്തു കളഞ്ഞതായി യോഗം ആരോപിച്ചു. ജലവിതരണ അതോറട്ടി കോളനിയിലേക്ക് സ്ഥാപിച്ചിരുന്ന കുടിവെള്ള വിതരണ ലൈന്‍ അനുമതിയില്ലാതെ അടച്ചിട്ട നടപടിയെ കുറിച്ച് അന്വേഷിക്കണമെന്നും കോളനിയിലേക്കുള്ള കുടിവെള്ള വിതരണം തടസപ്പെടുത്തിയവര്‍ക്കെതിരെ പട്ടിക ജാതി അതിക്രമം തടയല്‍ നിയമം പ്രകാരം കേസെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
രണ്ട് വര്‍ഷമായി കുടിവെള്ളം മുടങ്ങിയ കോളനിയിലേക്ക് തിരിഞ്ഞ് നോക്കാത്ത രാഷ്ട്രീയ നേതൃത്വങ്ങള്‍ തെരഞ്ഞെടുപ്പടുത്തപ്പോള്‍ മുതലക്കണ്ണീരൊഴുക്കുകയാണെന്നും, മോഹന വാഗ്ദാനങ്ങള്‍ നല്കി വഞ്ചിക്കുന്ന നടപടിയാണ് വാര്‍ഡ് മെംബറുടെ ഭാഗത്തുനിന്നുണ്ടായതെന്നും, കോളനിയിലേക്കുള്ള റോഡും തകര്‍ന്ന് വര്‍ഷങ്ങളായെന്നും റീടാറിങ് നടത്താന്‍ പോലും വാര്‍ഡ് മെംബറുടെ ഭാഗത്തുനിന്ന് നീക്കം നടക്കുന്നില്ലെന്നും യോഗം കുറ്റപ്പെടുത്തി. ചെയര്മാന് ചോലയില്‍ വേലായുധന് അധ്യക്ഷനായി. കെ.പി അശോകന്, പി.വി രമേഷ്, സി.കെ ബാബു, സി.പി സുന്ദരന്‍, എം.സി മുരളീ ദാസ,് കെ.പി വേലായുധന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."