'വ്യാജനുമായി ഇങ്ങോട്ടു വരണ്ട'- പതഞ്ജലിയുടെ കൊവിഡ് പ്രതിരോധ മരുന്നിന്റെ വില്‍പന അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര
മുംബൈ: ബാബ രാംദേവിന്റെ പതഞ്ജലി കൊവിഡിനെ പ്രതിരോധിക്കാനെന്ന പേരില്‍ പുറത്തിറക്കിയ മരുന്നിന്റെ വില്‍പന അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര. ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ ദേശ്മുഖ് ട്വിറ്റര്‍ വഴി രാംദേവിന് ഇതേ കുറിച്ച മുന്നറിയിപ്പ് നല്‍കി.
'വ്യാജ മരുന്നുകളുടെ വില്‍പന മഹാരാഷ്ട്ര സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് രാംദേവിന് താക്കീത് നല്‍കുകയാണ്,' അനില്‍ ദേശ്മുഖ് ട്വീറ്റ് ചെയ്തു.
കൊറോണിലിന്റെ മരുന്നില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പരിശോധിക്കുമെന്നും അനില്‍ ദേശ്മുഖ് ട്വിറ്ററില്‍ കുറിച്ചു. ജനങ്ങളുടെ ജീവന്‍ വെച്ച് കളിക്കില്ലെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ടെന്നും ഹാഷ്ടാഗും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
കൊറോണിലിന്റെ പരസ്യങ്ങള്‍ നിരോധിക്കാന്‍ ആയുഷ് മന്ത്രാലയം എടുത്ത തീരുമാനത്തെ അനില്‍ ദേശ്മുഖ് കഴിഞ്ഞ ദിവസം സ്വാഗതം ചെയ്തിരുന്നു. കൊവിഡിന് ആയുര്‍വേദ മരുന്ന് കണ്ടുപിടിച്ചെന്നും ഏഴു ദിവസം കൊണ്ട് കോവിഡ് ഭേദമാക്കും എന്നുമാണ് രാം ദേവിന്റെ പതജ്ഞലി കമ്പനിയുടെ അവകാശവാദം. കൊറോണില്‍ സ്വാസാരി എന്നാണ് മരുന്നിന്റെ പേര്. പരീക്ഷണത്തില്‍ നൂറുശതമാനം മരുന്ന് വിജയമാണെന്നും ഇവര്‍ അവകാശപ്പെട്ടു.
രാജ്യത്തെ 280 കൊവിഡ് രോഗികളില്‍ മരുന്ന് ഫലം കണ്ടെന്നാണ് രാംദേവ് അവകാശപ്പെടുന്നത്. ഹരിദ്വാറിലെ ദിവ്യ ഫാര്‍മസിയും പതജ്ഞലി ആയുര്‍വേദിക്‌സും ചേര്‍ന്നാണ് മരുന്നിന്റെ നിര്‍മാണം. പതഞ്ജലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ജെയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് വികസിപ്പിച്ചതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.എന്നാല്‍ ആരിലൊക്കെയാണ് മരുന്ന് പരീക്ഷണം നടത്തിയതെന്നോ എന്തെല്ലാമാണ് മരുന്നില്‍ അടങ്ങിയിരിക്കുന്നതെന്നോ വ്യക്തമല്ല.
മാര്‍ച്ച് മാസത്തിലും കൊവിഡിന് മരുന്ന് കണ്ടുപിടിച്ചതായി രാം ദേവ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ ആരോഗ്യവിദഗ്ധര്‍ തന്നെ രംഗത്തെത്തിയിരുന്നു.
നിലവില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി വാക്‌സിനുകള്‍ കണ്ടെത്തിയിട്ടില്ല. അതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."