കാക്കനാട് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് വീണ്ടും പ്രവര്‍ത്തന സജ്ജമായി
കാക്കനാട് : എന്‍.ജി.ഒ. കോര്‍ട്ടേഴ്‌സിനു സമീപം കുന്നുംപുറത്ത് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് വീണ്ടും അതിഥികള്‍ക്കായി തുറന്നുകൊടുത്തു. ജനുവരി 20ന് ജില്ല സമിതി യോഗത്തിനു വേണ്ടി വകുപ്പു മന്ത്രി കൂടിയായ ജി. സുധാകരനും, സംഘവും ഇതുവഴി കടന്നുപോകുമ്പോഴാണ് ആധുനിക രീതിയില്‍ നിര്‍മിച്ച റെസ്റ്റ് ഹൗസ് പൂട്ടിക്കിടക്കുന്നതായി ശ്രദ്ദയില്‍പ്പെട്ടത്.
മെട്രോ ബിസിനസ് ഡിസ്ട്രിക് പദ്ധതിക്ക് നല്‍കിയ സ്ഥലത്ത് ഒരു വര്‍ഷത്തോളയി അടച്ചിട്ടിരിക്കുന്ന റെസ്റ്റ് ഹൗസിലെ ഗേറ്റിന്റെ പൂട്ട് പൊളിപ്പിച്ച് അകത്ത് കടക്കുകയും ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ആളും അനക്കവുമില്ലാതെ പൂട്ടിക്കിടക്കുകയായിരുന്ന റെസ്റ്റ് ഹൗസ് ഉടന്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ നടപടികള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു മന്ത്രി. അന്ന് മന്ത്രിയോടൊപ്പം നിയമസഭയുടെ പൊതുമരാമത്ത്, ഗതാഗത വിഭാഗം സബ്ജക്ട് കമ്മിറ്റി അംഗങ്ങളായ കെ. വി. അബ്ദുള്‍ഖാദര്‍, വി. അബ്ദുള്‍ റഹ്മാന്‍, ജോണ്‍ ഫെര്‍ണാണ്ടസ് എന്നിവരും ഉണ്ടായിരുന്നു.
ഒരുകാലത്ത് ഇവിടെ മികച്ച ഭക്ഷണശാല ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ജീവനക്കാര്‍ സ്ഥലംമാറിയതോടെയാണ് റെസ്റ്റ് ഹൗസ് അനാഥമായത്. 2009ല്‍ ഉദ്ഘാടനം ചെയ്ത റെസ്റ്റ് ഹൗസ് സ്ഥിതി ചെയ്യുന്ന 60 സെന്റ് ഉള്‍പ്പെടെ പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള 17 ഏക്കര്‍ സ്ഥലം കൊച്ചി മെട്രോയ്ക്കു വിട്ടുകൊടുക്കാന്‍ തീരുമാനമെടുത്തിരുന്നു.
ഇക്കാര്യത്തില്‍ മന്ത്രിസഭയുടെ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി റെസ്റ്റ് ഹൗസ് ജനങ്ങള്‍ക്കായി സമര്‍പ്പിക്കാന്‍ മന്ത്രി സുധാകരന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തു. മന്ത്രിയുടെ നിര്‍ദേശം ഏറ്റെടുത്ത വകുപ്പ് ഉദ്യോഗസ്ഥര്‍ വളരെ വേഗം തന്നെ അറ്റകുറ്റപ്പണികള്‍ക്ക് നടപടി സ്വീകരിക്കുകയും ചെയ്തു. ഫെബ്രുവരി പകുതിയോടെ തന്നെ മുക്കാലും പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.
ഇപ്പോള്‍ ഭക്ഷണശാലയില്ല. എന്നാല്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കുന്ന മുറയ്ക്ക് അത് ഏര്‍പ്പെടുത്തും. പത്തടിപ്പാലത്തെ ഗസ്റ്റ് ഹൗസ് മാനേജര്‍ക്കാണ് ഇതിന്റെ താത്കാലിക ചുമതല നല്‍കിയിരിക്കുന്നത്. രണ്ടു വാച്ചര്‍മാരും ഒരു സ്വീപ്പറുമാണ് മറ്റ് ജോലിക്കാരായുള്ളത്. ഇവരും വകുപ്പിന്റെ മറ്റ് ഓഫീസുകളില്‍ നിന്ന് നിയോഗിക്കപ്പെട്ടവരാണ്. മൂന്നു മുറികളാണ് അതിഥികള്‍ക്കായി നല്‍കുന്നത്. ഈ റൂമുകളില്‍ എയര്‍കണ്ടീഷനര്‍ സൗകര്യം വൈകാതെ ഏര്‍പ്പെടുത്തും. ആറു ലക്ഷത്തോളം രൂപ ചെലവിട്ടാണ് റെസ്റ്റ് ഹൗസ് പുതുമോടിയില്‍ ഒരുക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."