മാലിന്യ സംസ്‌കരണം; കൊടുമ്പ് പഞ്ചായത്തുമായി സമവായത്തിന് മുനിസിപ്പാലിറ്റി
പാലക്കാട്: ട്രഞ്ചിങ് ഗ്രൗണ്ടിലേക്ക് മാലിന്യം നീക്കുന്നതിനുള്ള തടസം കൊടുമ്പ് പഞ്ചായത്തുമായി സമവായത്തിലൂടെ പരിഹരിക്കാന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. മാലിന്യനീക്കത്തിന് പൊലിസ് സഹായം നല്‍കാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിരുന്നു. എന്നാല്‍ സമീപ പഞ്ചായത്തുമായി ഏറ്റുമുട്ടലിന് നില്‍ക്കാതെ രമ്യമായി ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് തീരുമാനം.
2015ല്‍ പഞ്ചായത്തുമായി ഉണ്ടാക്കിയ വ്യവസ്ഥകളില്‍ ഇതുവരെ ചെയ്ത് തീര്‍ത്തവയും ഇനി ചെയ്യാനുള്ളതും വ്യവസ്ഥകളില്‍ പെടാതെ ചെയ്തതുമായ കാര്യങ്ങള്‍ പഞ്ചായത്തിനെ രേഖാമൂലം അറിയിക്കും. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്തില്‍നിന്നുള്ളവരെയും ഉള്‍പ്പെടുത്തി മോണിറ്ററിങ് സമിതി രൂപീകരിക്കും.
ഇക്കാര്യങ്ങളില്‍ പരസ്പര ധാരണയിലെത്താന്‍ സര്‍വകക്ഷിയോഗം വിളിക്കും. എന്നാല്‍ 45 ദിവസത്തോളമായി നഗരത്തിലെ മാലിന്യ നീക്കം നിലച്ചതിനു കാരണം ഭരണപരാജയമാണെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. വിഷയം എം.എല്‍.എയുടെ ശ്രദ്ധയില്‍ പെടുത്തിയില്ലെന്നും ഈ ഭരണസമിതിയുമായി സഹകരിക്കാന്‍ ആവില്ലെന്നും പറഞ്ഞ് യു.ഡി.എഫ് ചേമ്പറിനു മുന്നില്‍ സമരം നടത്തി. തുടര്‍ന്ന് കൗണ്‍സില്‍ നിര്‍ത്തിവച്ച് പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയാണ് പ്രശ്‌നം സമവായത്തിലൂടെ പരിഹരിക്കാനുള്ള തീരുമാനത്തിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."