ടൂറിസം ഭൂപടത്തിലേക്ക് കൊട്ടത്തലച്ചി
ചെറുപുഴ: കൊട്ടത്തലച്ചി ടൂറിസം പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്. ടൂറിസം പദ്ധതി പ്രദേശങ്ങള്‍ സി. കൃഷ്ണന്‍ എം.എല്‍.എ വീണ്ടും സന്ദര്‍ശിച്ചു. മലയോര മേഖലയിലെ സ്വപ്‌നപദ്ധതിയാണ് കൊട്ടത്തലച്ചി ടൂറിസം പദ്ധതി. പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യുന്നതിനും വിലയിരുത്തുന്നതിനും നൂതനാശയങ്ങള്‍ വിഭാവനം ചെയ്യുന്നതിനുമാണ് സംഘം കൊട്ടത്തലച്ചി മലയില്‍ വീണ്ടും എത്തിയത്. കൊട്ടത്തലച്ചി മലയില്‍ വ്യൂപോയന്റ്, ട്രക്കിങ് തുടങ്ങിയവയും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനെപ്പറ്റിയും ചര്‍ച്ച ചെയ്തു. കൊട്ടത്തലച്ചി മലയിലേക്കുള്ള റോഡ് എട്ട് മീറ്റര്‍ വീതിയില്‍ ഏറ്റെടുത്ത് പഞ്ചായത്ത് വികസിപ്പിക്കും. ടൂറിസം പദ്ധതിക്കാവശ്യമായ മൂന്നേക്കര്‍ സ്ഥലം ഉടമകള്‍ സൗജന്യമായി വിട്ടുനല്‍കും. ചെറുപുഴ പഞ്ചായത്ത് സ്ഥലം ഏറ്റെടുത്ത് ടൂറിസം വകുപ്പിന് കൈമാറും. കൊട്ടത്തലച്ചി കുരിശുപള്ളി, കരിഞ്ചാമുണ്ഡി എന്നീ പൈതൃക ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നതിനും സൗകര്യമൊരുക്കും. എം.എല്‍.എക്കൊപ്പം ഡി.ടി.പി.സി സെക്രട്ടറി ജിതേഷ് ജോസ്, നോഡല്‍ ഓഫിസര്‍ വി. മധുസൂദനന്‍, ചെറുപുഴ പഞ്ചായത്ത് സെക്രട്ടറി ലാലി മാണി, ആര്‍ക്കിടെക്ട് ഹാഷില്‍, കെ.കെ ജോയി, കെ.ഡി അഗസ്റ്റിയന്‍, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."