ഓണ്‍ലൈന്‍ മതപഠനം: മറക്കരുത്, മറുവശങ്ങള്‍
'ആ മൊബൈല്‍ ഫോണില്‍ കളിച്ചിരിക്കാതെ പോയി പഠിക്ക്...' എന്നു പറഞ്ഞിരുന്ന ഉമ്മയെ കൊണ്ട് കൊറോണ എന്ന കൊച്ചു വൈറസ് 'ആ മൊബൈലെടുത്ത് ഇരുന്ന് പഠിക്ക്..' എന്ന് പറയിച്ച കാലവും നാം കണ്ടു. സാഹചര്യം എന്തിനേയും ന്യായീകരിക്കുന്നു എന്ന തത്വമനുസരിച്ച് പുതിയ സാഹചര്യത്തിന്റെ ഭീതിയില്‍നിന്ന് ആശ്വാസം തേടി അള്ളിപ്പിടിക്കുന്ന എല്ലാം പിടിവള്ളിതന്നെയാണ് എന്നു പറയാം. വേറെ മാര്‍ഗമൊന്നും കാണാത്ത ഒരു ലോകത്തിന്റെ മുമ്പില്‍ നില്‍ക്കുകയാണല്ലോ ജനങ്ങള്‍. ഇതിന്റെ ഭാഗമായി വെട്ടിച്ചുരുക്കുകയോ മാറ്റിത്തിരുത്തുകയോ ഒക്കെ ചെയ്യേണ്ടിവന്ന കാര്യങ്ങളുടെ കൂട്ടത്തില്‍ ഏറെ മുമ്പില്‍ നില്‍ക്കുന്ന ഒന്നാണ് വിദ്യാഭ്യാസം. ലോകത്തെ 129 കോടിയോളം വരുന്ന വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം മുടങ്ങുമ്പോള്‍ രക്ഷിതാക്കളുടെ ചങ്കിടിപ്പ് കൂടുന്നത് തങ്ങളനുഭവിച്ച ലോകത്തെ ശേഷക്കാരുടെ കരങ്ങളിലേക്ക് മാന്യമായി കൈമാറാനുള്ള ഉത്തരവാദിത്വം എന്ന ത്വരകൊണ്ടാണ്. അതിനാല്‍ അവര്‍ നാലുപാടും ചിതറിയോടി കുട്ടികളെ പഠിപ്പിക്കാനുള്ള മാര്‍ഗം തേടുന്നു. ആ അന്വേഷണം എത്തിനില്‍ക്കുന്നത് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലാണ്. സാമൂഹ്യ അടുപ്പം ഒരു അനിവാര്യ ഘടകമായ വിദ്യാഭ്യാസ പ്രക്രിയയില്‍ അതിനു ശാരീരികമായി സാധ്യമല്ലാതെ വരുമ്പോള്‍ ഈ അടുപ്പം കൃത്രിമമായി ഉണ്ടാക്കാന്‍ ഇന്നത്തെ ലോകത്ത് ഇതല്ലാതെ മാര്‍ഗമില്ല. ഇത്തരം ഒരു അനിവാര്യ സാഹചര്യത്തിലാണ് ഇ - ക്ലാസ് മുറികള്‍ രൂപപ്പെടുന്നത്. ഭൗതിക പഠനത്തോടൊപ്പം കൊണ്ടുപോകേണ്ടതാണ് ധാര്‍മിക വിദ്യാഭ്യാസം. സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിക്കൂട്ടുമ്പോള്‍ മനുഷ്യത്വം പടിയിറങ്ങിപ്പോകാതിരിക്കാനുള്ള കരുതല്‍ കൂടിയാണിത്. അതിനാല്‍ മതപഠനവും ഓണ്‍ലൈനിലേക്കു മാറിയിരിക്കുകയാണ്.
സാഹചര്യങ്ങളുടെ സമ്മര്‍ദത്തില്‍ ഒരു പുതിയ ചുവടും രീതിയും ആശ്രയിക്കേണ്ടിവരുമ്പോഴെല്ലാം മനുഷ്യനു മുമ്പില്‍ രണ്ടു വിരുദ്ധാനുഭവങ്ങള്‍ രൂപപ്പെടും. അവയിലൊന്ന് അനുകൂലവും മറ്റൊന്ന് പ്രതികൂലവുമാണ്. ഇവിടെ ഓണ്‍ലൈനിലേക്കു മാറാന്‍ നമ്മെ നിര്‍ബന്ധിക്കുന്ന കാര്യങ്ങളാണ് അനുകൂലതകള്‍. അതേസമയം അവയ്ക്കു പ്രതികൂലതകളുടെ മറുവശമുണ്ട്. അതു കാണാതെയും പരിഗണിക്കാതെയും പോകുമ്പോള്‍ പുതിയ പരീക്ഷണം പാളിപ്പോകും. ഈ പൊതുതത്വത്തിന്റെ വെളിച്ചത്തില്‍ ഓണ്‍ലൈന്‍ മതപഠനത്തെ വിശകലനം ചെയ്യുമ്പോള്‍ ധാര്‍മ്മികരംഗത്തുള്ളവരുടെ ചങ്കിടിപ്പ് കൂടുന്നുണ്ട് എന്നു പറയാതെ വയ്യ. കാരണം ഏതു അനുകൂല ഘടകമെടുത്താലും അതിനൊപ്പം തന്നെ പ്രതികൂല ഘടകങ്ങള്‍ തലകാട്ടുന്നു. മതപഠന രംഗത്തായതിനാല്‍ വിശേഷിച്ചും. മതപഠനം ഒരു വ്യക്തിയുടെ അറിവിനെ മാത്രമല്ലല്ലോ ലക്ഷ്യമാക്കുന്നത്. ആ അറിവുകള്‍ പതിയുന്ന ഒരു ധാര്‍മിക ജീവിതത്തെ രൂപപ്പെടുത്തിയെടുക്കല്‍ കൂടി അതിന്റെ ലക്ഷ്യമാണ്. ഉദാഹരണമായി, ഓണ്‍ലൈന്‍ മതപഠനത്തിന്റെ ഒരു പൊതുഗുണമായി പറയപ്പെടുന്നത് വിദ്യാര്‍ഥിക്ക് സൗകര്യത്തിനനുസരിച്ച് പഠിക്കാം, സൗകര്യമുള്ള സ്ഥലത്തും സമയത്തും പഠിക്കാം എന്നെല്ലാമാണ്. ആദ്യ ചിന്തയില്‍ അതു ശരിതന്നെയാണ്. പക്ഷെ, ഒരു കൃത്യനിഷ്ഠ എന്നത് വിദ്യാഭ്യാസത്തിന്റെ പ്രത്യേകിച്ചും പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഒരു പ്രധാന ഘടകമാണ്. ക്ലാസുകളുടെയും പിരിയഡുകളുടെയും സമയം ക്രമീകരിക്കുന്നത് അതുകൊണ്ടാണ്. അത്തരമൊരു നിര്‍ബന്ധിത നിയന്ത്രണം ഇല്ലാതെ വന്നാല്‍ നീട്ടിവയ്ക്കുക തുടങ്ങിയ മടികള്‍ വളരെ പെട്ടെന്ന് കുട്ടികളെ പിടികൂടും. ആ ആലസ്യം വിദ്യാഭ്യാസ ഭാവിയെ തന്നെ പ്രതികൂലമായി ബാധിച്ചേക്കും. മറ്റൊരു ഗുണമായി പറയപ്പെടുന്നത് കുട്ടികള്‍ സാങ്കേതിക വിദ്യയുടെ ലോകത്തോടടുക്കുമെന്നും ഇത് പുതുലോകത്തേക്ക് കടക്കാന്‍ അവര്‍ക്ക് വലിയ ഉപകാരമാകുമെന്നുമാണ്. ഇതും ഒരു വാദത്തിനു വേണ്ടി സമ്മതിക്കാം. പക്ഷെ, ഇന്റര്‍നെറ്റില്‍ ഒരു വ്യക്തിക്കു സെര്‍ച്ച് ചെയ്യാനുള്ളത് കടുത്ത അപായങ്ങള്‍ (മതപരമായിട്ടെങ്കിലും) നിറഞ്ഞുകിടക്കുന്ന ഇടങ്ങളിലാണ്. ആ അപകടങ്ങളെ കരുതിയിരിക്കാനുള്ള മനക്കരുത്തുള്ളവര്‍ക്ക് ഒരളവോളം അതാവാം. പക്ഷെ, കുട്ടികള്‍ ആ മനോനില കൈവരിച്ചവരായിക്കൊള്ളണമെന്നില്ല. പഠിച്ചുകൊണ്ടിരിക്കെ ഒരു ഓലപ്പീപ്പിയുടെ ശബ്ദം കേട്ടാല്‍ കണ്ണും മനസ്സും ഒപ്പം ശരീരവും അങ്ങോട്ടു തിരിയുന്ന പ്രായമല്ലേ അവരുടേത്.
ഡിജിറ്റലൈസേഷന്‍ തീര്‍ത്തും പ്രോത്സാഹിപ്പിക്കേണ്ടതു തന്നെയാണ്. പക്ഷെ, വിദ്യാഭ്യാസ പ്രക്രിയ പോലെ ഉള്ളവനും ഇല്ലാത്തവനും നിരന്നിരിക്കുന്ന പഠനമുറിയില്‍ അത് അടിച്ചേല്‍പ്പിക്കുമ്പോള്‍ ലക്ഷങ്ങളായ ദരിദ്ര കുട്ടികള്‍ക്ക് അതു നിഷേധിക്കപ്പെടുകയും അവര്‍ക്കത് മാനസികാഘാതം ഉണ്ടാക്കുകയും ചെയ്യുമെന്നതില്‍ സന്ദേഹിക്കാനില്ല. ദേവികയുടെ മരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ അതു കേട്ടല്ലോ നമ്മള്‍. വികസ്വര-ദരിദ്ര രാജ്യങ്ങളില്‍ ഈ പ്രക്രിയ പരാജയപ്പെട്ടത് ശ്രദ്ധിക്കേണ്ട ഒരു അനുഭവമാണ്. കൊവിഡ് ബാധ കുറയുമ്പോഴേക്ക് പാഠഭാഗങ്ങള്‍ പരമാവധി ഒപ്പം തീര്‍ത്തെത്തിക്കാം എന്നതാണ് മറ്റൊരു ഓണ്‍ലൈന്‍ ഗുണം. പാഠഭാഗങ്ങള്‍ തീര്‍ക്കാമെങ്കിലും പരീക്ഷ നടത്താന്‍ മാത്രം അതിന് ബലമുണ്ടായിരിക്കുമോ എന്ന ചോദ്യത്തിനു മുമ്പില്‍ വിചക്ഷണന്മാര്‍വരെ മൗനികളാണ്. ചിലര്‍ രക്ഷപ്പെടാന്‍ വേണ്ടി അപ്പോള്‍ പരീക്ഷയിലും വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരും എന്നു പറയുന്നവരുണ്ട്. മൊത്തത്തില്‍ വിദ്യാഭ്യാസത്തിന്റെ നിലവാരത്തെയാണ് അപ്പോള്‍ ബാധിക്കുക. പ്രത്യേക സാഹചര്യം എന്ന ചാപ്പകുത്തി തല്‍ക്കാലം വിഴുങ്ങാമെങ്കിലും മതപഠനത്തിന്റെ കാര്യത്തില്‍ അതു സമ്മതിക്കാന്‍ തരമില്ല. കാരണം മതപഠനം പാഠപുസ്തകങ്ങളിലേതിനേക്കാളും അധ്യാപകനില്‍നിന്ന് നേരിട്ടുള്ള ശിക്ഷണം, നേര്‍ സംബോധനം തുടങ്ങിയവ കൂടിച്ചേര്‍ന്നാണ് നടക്കുന്നതും നടക്കേണ്ടതും. കാരണം ഉസ്താദുമാര്‍ അവനെ തന്റെ സമൂഹത്തിലെയും സമുദായത്തിലേയും ഒരംഗമാക്കി പരിവര്‍ത്തിപ്പിച്ചെടുക്കുക കൂടിയാണ്. ഈ സാമ്യഹ്യവല്‍ക്കരണം ഓണ്‍ലൈനായി നടക്കുമ്പോള്‍ ഏറ്റവും കുറഞ്ഞത് അതിന്റെ ഉള്‍ക്കാമ്പ് നഷ്ടപ്പെടും.
രക്ഷിതാക്കളെ കൂടുതല്‍ പങ്കെടുപ്പിക്കുന്നു എന്നതാണ് മറ്റൊരു മേന്മ. അതും പ്രത്യക്ഷത്തില്‍ ശരിയാണ്. പക്ഷെ, അവിടെയുമുണ്ട് പല അപകടങ്ങളും. ഒന്നാമതായി മതാപിതാക്കളില്‍ നല്ലൊരു ശതമാനവും സജീവമായ അറിവുള്ളവരായിരിക്കണമെന്നില്ല. അവര്‍ പഠിച്ചിട്ടുണ്ടെങ്കില്‍ തന്നെ അതു ജീവിത വ്യവഹാരങ്ങള്‍ക്കിടയില്‍ ലോപിച്ചിട്ടുണ്ടാവാം. അതൊന്നുമില്ലാത്ത സജീവ രക്ഷിതാക്കളുമുണ്ട്. പക്ഷെ, അവരുടെ കാര്യത്തിലുമുണ്ട് ചില വിഷയങ്ങള്‍. അനാവശ്യമായ താരതമ്യം, അസംതൃപ്തിയുണ്ടാക്കുന്ന വിലയിരുത്തലുകള്‍ എന്നിവയൊക്കെ ഉണ്ടാകാം എന്നതിലുമുപരി സമര്‍ഥരും വിദ്യാസമ്പന്നരുമായ രക്ഷിതാക്കളില്‍ ഏറിയ പങ്കും തന്റെ സേവന മേഖലയില്‍ നിരതനായിരിക്കും. കുട്ടിയെ മാതാവിനെയോ മറ്റോ ഏല്‍പ്പിച്ച് അവര്‍ക്കു പോകേണ്ടിവരും. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമെല്ലാം പഠനം ഒണ്‍ലൈനായതുകൊണ്ട് ആശ്വാസമാണ് എന്ന ഒരു നിരീക്ഷണവുമുണ്ട്. അതിനേരത്തെ വിളിച്ചുണര്‍ത്തി കുട്ടിയെ മദ്‌റസയില്‍ പോകാന്‍ ഒരുക്കല്‍, യാത്രാ ചെലവുകള്‍, യൂനിഫോം തുടങ്ങിയ കാര്യങ്ങളിലൊക്കെ ഈ ആശ്വാസം സമ്മതിച്ചുകൊടുക്കേണ്ടതു തന്നെയാണ്. പക്ഷെ, ഗൗരവം ചോര്‍ന്നു പോകുന്നു എന്ന പ്രതികൂല ഗുണത്തെ മറച്ചുപിടിക്കാന്‍ ഇവിടെയും പ്രയാസമുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ഈ പ്രതികൂലതകളെയെല്ലാം ജാഗ്രതയോടെ വകഞ്ഞുമാറ്റി തങ്ങളുടെ കുഞ്ഞുങ്ങളുടെ മതവിദ്യാഭ്യാസം ശ്രദ്ധിക്കുന്ന ധാരാളം രക്ഷിതാക്കള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അവരെ ശ്ലാഘിക്കാതെ വയ്യ. നാം നടത്തിവരുന്ന ഈ ചര്‍ച്ചയുടെ യഥാര്‍ഥ ലക്ഷ്യവും അതു തന്നെയാണ്. നിരന്തര ജാഗ്രത രക്ഷിതാക്കളില്‍ വേണമെന്നാണ് പറഞ്ഞുവരുന്നത്. ജാഗ്രതയില്ലെങ്കില്‍ വീണേക്കാവുന്ന കുഴികളാണ് ചൂണ്ടിക്കാണിക്കുന്നതും. ജാഗ്രതയുണ്ടെങ്കില്‍ ഉസ്താദിന്റെ ശരിയായ റോളാണ് രക്ഷിതാക്കള്‍ വഹിക്കുന്നത്.
ഉണര്‍ത്തല്‍ എന്ന നിലയില്‍ ആരോഗ്യപരമായ കാര്യംകൂടി പറയേണ്ടതുണ്ട്. നിരന്തരമായി സ്‌ക്രീനുകളില്‍ കണ്ണുനട്ടിരിക്കുന്നത് കുട്ടികളുടെ കാഴ്ച ശക്തിയെയും അതുവഴി ചിലപ്പോള്‍ തലച്ചോറിനെ സപ്പോര്‍ട്ട് ചെയ്യുന്ന നാഡീവ്യവസ്ഥയെയും ക്രമേണ അപകടപ്പെടുത്തിയേക്കും. വെറുതെ സ്‌ക്രീനില്‍ നോക്കിയിരിക്കുന്നതിനേക്കാള്‍ അപകടമാണ് കൂര്‍മ്മ ശ്രദ്ധയോടെ സ്‌ക്രീനില്‍ നോക്കിയിരിക്കുന്നത് എന്നാണ് പഠനങ്ങള്‍. അതിനാല്‍ ഇടയ്ക്കിടെ കൃത്യമായ ഇടവേളകള്‍ നല്‍കി അതു പരിഹരിക്കാന്‍കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്രയും വിശകലനം ചെയ്തത് അനിവാര്യമായ ഒരു സാഹചര്യം കൊണ്ടുമാത്രം നമുക്ക് അവലംബിക്കേണ്ടിവന്നതാണ് ഒാണ്‍ലൈന്‍ പഠനമെന്നും അതിന്റെ മേന്മകളോടൊപ്പം ചില അപകടങ്ങള്‍ കൂടിയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഉണര്‍ത്താനാണ്.
എന്നാല്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട രണ്ടു കാര്യങ്ങളെ എടുത്തുപറയാതെ വയ്യ. അവയിലൊന്ന് ഓണ്‍ലൈനിന്റെ പേരു പറഞ്ഞ് കുട്ടികള്‍ അതിരുകള്‍ ലംഘിക്കുന്നത് ശ്രദ്ധിക്കണം എന്നതാണ്. തികച്ചും നല്ല കാര്യത്തിനു വേണ്ടി ചെയ്യുന്ന ഈ പ്രക്രിയ ഒരു വാതിലാണ് എന്നു സങ്കല്‍പ്പിക്കണം. തൊട്ടപ്പുറത്തും ഇപ്പുറത്തും വേറെയും പല വാതിലുകളുമുണ്ട്. ഈ പേരു പറഞ്ഞ് അറിയാതെയോ കണ്ണുവെട്ടിച്ചോ ആ വാതിലുകള്‍ തുറക്കാതിരിക്കാന്‍ സൂക്ഷിക്കണം. ആ വാതിലുകളോരോന്നിനും പിന്നില്‍ ഇളം കൈകളെ പിടിച്ചുവലിച്ചു കൊണ്ടുപോകാനുള്ള കരങ്ങള്‍ കാത്തുനില്‍ക്കുന്നുണ്ട്. ആ പിടിയില്‍ പെട്ടാല്‍ പിന്നെ തിരിച്ചുപിടിക്കുക അത്ര എളുപ്പമാകില്ല. രണ്ടാമത്തെ കാര്യം ഈ താല്‍ക്കാലിക സംവിധാനം തന്നെ മതി ഭാവിയിലും എന്ന ചിന്ത രക്ഷിതാക്കളില്‍ വളരുന്നതാണ്. അതിനെ പ്രോത്സാഹിപ്പിക്കാനും പലരുമുണ്ടാകും. വ്യവസ്ഥാപിതമായ സംവിധാനമോ ആവശ്യത്തിനുള്ള അര്‍പ്പണമനോഭാവമോ ഒന്നുമില്ലാത്ത ചില സ്വയം അവകാശിത നവോത്ഥാനക്കാര്‍ ഇതൊരു മറയും ഉദാഹരണവുമാക്കി മദ്‌റസാ പ്രസ്ഥാനത്തെ തന്നെ തകര്‍ത്തേക്കും. അവരില്‍ ചിലരെങ്കിലും ഇനി ഇ-മദ്‌റസകള്‍ സ്ഥാപിച്ചേക്കും. തങ്ങളുടെ ഇ- മദ്‌റസകള്‍ വിജയകരമാണെന്ന് കൊട്ടിഘോഷിച്ച് മേലിലും ഇത്തരം മദ്‌റസകള്‍ മതിയെന്ന ചിന്ത അവര്‍ പുറത്തുവിട്ടേക്കാം. എന്നും എന്തിനാണ് ഇങ്ങനെ മദ്‌റസ നടത്തുന്നതെന്നും ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രം പോരെ എന്നൊക്കെ ചോദിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വ്യവസ്ഥാപിതവും മാതൃകാപരവുമായ ഒരു സംവിധാനത്തെ നശിപ്പിക്കാനുള്ള അത്തരം ഗൂഢനീക്കങ്ങള്‍ കരുതിയിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."