സ്കോളര്‍ഷിപ്പ് വാങ്ങിത്തരാമെന്ന് പറഞ്ഞ് പണം തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍
അമ്പലപ്പുഴ: കാണാതായ യുവാവിന്റെ ഭാര്യ പണം തട്ടിയ കേസില്‍ അറസ്റ്റിലായി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കോമന ചെറിവളളിക്കാവ് അലക്സിന്റെ ഭാര്യ മേരി ഗാര്‍ഗി (മീനു-25 )യാണ് പിടിയിലായത്.
അലക്സിന്റെ പിതൃസഹോദരി പുഷ്പാ ഷാജിയുടെ പരാതിയെ തുടര്‍ന്നുള്ള ചോദ്യചെയ്യലിലാണ് പലതവണയായി ഇവര്‍ 81000 രൂപ വാങ്ങിയതായി പറയുന്നത്.
പുഷ്പാഷാജിയുടെ മകള്‍ക്ക് സ്കോളര്‍ഷിപ്പ് വാങ്ങികൊടുക്കാമെന്ന് പറഞ്ഞാണ് കഴിഞ്ഞ വര്‍ഷം ഏപ്രില്‍, സെപ്റ്റംബര്‍, ഡിസംബര്‍ മാസങ്ങളിലായി 91000 രൂപ മീനുവാങ്ങുന്നത്. ഇതിനിടയില്‍ 10000 രൂപ തിരിച്ചുനല്‍കി. ഒരു വര്‍ഷം കഴിഞ്ഞിട്ടും സ്കോളര്‍ഷിപ്പ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പണം തിരികെ ചോദിച്ചെങ്കിലും നല്‍കിയില്ല. ഇതിനിടയില്‍ വിദേശത്തായിരുന്ന അലക്സ് നാട്ടിലെത്തിയപ്പോഴാണ് പണം വാങ്ങിയ വിവരം അറിയുന്നത്.
ഇതേചൊല്ലി ഇരുവരും പലപ്പോഴും വഴക്കിടുമായിരുന്നു. പിന്നീടാണ് കഴിഞ്ഞ 29 മുതല്‍ അലക്സിനെ കാണാതായത്.
അമ്പലപ്പുഴ പൊലിസും ഫയര്‍ഫോഴ്സും സ്പില്‍വേ കനാലില്‍ തെരച്ചില്‍ നടത്തിയെങ്കിലും അലക്സിനെ കണ്ടെത്താനായില്ല. അറസ്റ്റിലായ മീനുവിനെ അമ്പലപ്പുഴ കോടതി റിമാന്റുചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."