അശ്ലീല പരാമര്‍ശം: വിജയരാഘവനെതിരേ രമ്യ ഹരിദാസ് പരാതി നല്‍കി
ആലത്തൂര്‍: എല്‍.ഡി.എഫ് കണ്‍വീനറുടെ അശ്ലീല പരാമര്‍ശത്തിനെതിരേ ആലത്തൂര്‍ യു.ഡി.എഫ് ലോക്‌സഭാ സ്ഥാനാര്‍ഥി രമ്യ ഹരിദാസ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്കും ആലത്തൂര്‍ ഡിവൈ.എസ്.പിക്കും പരാതി നല്‍കി.
കോഴിക്കോട്ടും പൊന്നാനിയിലും നടന്ന എല്‍.ഡി.എഫ് യോഗങ്ങളിലാണ് വിജയരാഘവന്‍ രമ്യയെപ്പറ്റി അശ്ലീലപരാമര്‍ശം നടത്തിയത്.
സ്ത്രീത്വത്തെയും തന്റെ അഭിമാനത്തെയും സമൂഹത്തിലുള്ള സ്വീകാര്യതയെയും കളങ്കപ്പെടുത്തുന്ന രീതിയില്‍ പൊതുജനമധ്യത്തില്‍ പ്രസംഗിച്ചത് ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ചും പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമമനുസരിച്ചും ജനപ്രാതിനിധ്യ നിയമമനുസരിച്ചും കുറ്റകരമാണെന്ന് രമ്യ ഹരിദാസ് പരാതിയില്‍ ചൂണ്ടിക്കാട്ടി. ആവര്‍ത്തിച്ച് അപമാനിക്കുന്ന മുന്‍ എം.പി കൂടിയായ എ. വിജയരാഘവനെതിരേ നിയമനടപടി സ്വീകരിക്കണമെന്നും രമ്യ ആവശ്യപ്പെട്ടു.
ആലത്തൂര്‍ ഡിവൈ.എസ്.പി. എം.കെ ഗോപാലകൃഷ്ണനാണ് പരാതി നല്‍കിയത്. എം.എല്‍.എമാരായ ഷാഫി പറമ്പില്‍, അനില്‍ അക്കര, എ.ഐ.സി.സി അംഗം ശാന്താ ജയറാം, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ്, സംസ്ഥാന സെക്രട്ടറി ഹസീന കാസിം, സുബൈദ മുഹമ്മദ് എന്നിവരും ഒപ്പമുണ്ടായിരുന്നു. സംഭവം നടന്നത് ആലത്തൂര്‍ പരിധിയില്‍ അല്ലാത്തതിനാല്‍ പരാതി എസ്.പിക്ക് കൈമാറുമെന്ന് ഡിവൈ.എസ്.പി പറഞ്ഞു.
പരാമര്‍ശം പിന്‍വലിക്കില്ല:
വിജയരാഘവന്‍
മലപ്പുറം: ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരായ പരാമര്‍ശം പിന്‍വലിക്കില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍.
അത് തെരഞ്ഞെടുപ്പ് പ്രസംഗത്തിനിടെയുള്ള പരാമര്‍ശം മാത്രമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രമ്യയെ വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വിശദീകരണം നല്‍കും. പ്രസംഗം തെറ്റായി വ്യാഖ്യാനിച്ചതാണ്. കുഞ്ഞാലിക്കുട്ടിയെക്കുറിച്ച് ദുരുദ്ദേശ്യപരമായി ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ചെന്നിത്തല പരാതി നല്‍കി
തിരുവനന്തപുരം, കോഴിക്കോട്: രമ്യ ഹരിദാസിനെതിരേ മോശം പരാമര്‍ശം നടത്തിയ എ. വിജയരാഘവനെതിരേ രമേശ് ചെന്നിത്തലയും ഭാരതീയ ദലിത് കോണ്‍ഗ്രസും ഡി.ജി.പിക്ക് പരാതി നല്‍കി. മോശം പരാമര്‍ശത്തിലൂടെ രമ്യ ഹരിദാസിനെ അപമാനിക്കുകയും സ്ത്രീത്വത്തെ അവഹേളിക്കുകയും ചെയ്‌തെന്ന് ചെന്നിത്തല പരാതിയില്‍ പറയുന്നു.
വിജയരാഘവനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്കും പൊന്നാനി എസ്.ഐക്കും പരാതി നല്‍കിയതായി ഭാരതീയ ദലിത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.എസ് അഭിലാഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."