സ്വകാര്യ മെഡി.കോളജുകള്‍ക്ക് പഠനത്തിന് നല്‍കിയത് 327 മൃതദേഹങ്ങള്‍ : നാലു വര്‍ഷംകൊണ്ട് സര്‍ക്കാര്‍ കൈപ്പറ്റിയത് 13,100,000 രൂപ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് പഠനാവശ്യത്തിനായി കഴിഞ്ഞ നാലുവര്‍ഷം സര്‍ക്കാര്‍ നല്‍കിയത് 327 മൃതദേഹങ്ങള്‍. ഒരു കോടി മുപ്പത്തിയൊന്നുലക്ഷം രൂപ പ്രതിഫലമായി കൈപ്പറ്റിയെന്നും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ആവശ്യമായ മൃതദേഹങ്ങളുടെ നാലിലൊന്നുമാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് മെഡിക്കല്‍ കോളജുകള്‍ വാങ്ങിയത്.
സര്‍ക്കാര്‍ ആശുപത്രികളിലെ മൃതദേഹങ്ങള്‍ പഠനാവശ്യത്തിനായി സ്വകാര്യമെഡിക്കല്‍ കോളജുകള്‍ക്ക് നല്‍കുന്നതില്‍ വന്‍തോതിലുള്ള അഴിമതി ആരോപിച്ച് മുന്‍കാലങ്ങളില്‍ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. 2009ല്‍ പ്രോപ്പര്‍ ചാനല്‍ എന്ന സംഘടന ഹൈക്കോടതിയില്‍ നല്‍കിയ കേസിനൊടുവില്‍ അജ്ഞാത മൃതദേഹങ്ങള്‍ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് വിട്ടുനല്‍കുന്നതിന് നിയമമുണ്ടായി. അതുവരെ എവിടെനിന്ന് മൃതദേഹങ്ങള്‍ ശേഖരിക്കുന്നുവെന്ന് സര്‍ക്കാരിനുപോലും അറിയില്ലായിരുന്നു.
വാദത്തിനൊടുവില്‍ മൃതദേഹമൊന്നിന് നാല്‍പതിനായിരം രൂപ നിരക്കില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നു മാത്രം വാങ്ങാന്‍ ഹൈക്കോടതി സര്‍ക്കാരിന് അനുമതി നല്‍കി.
ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മൃതദേഹങ്ങള്‍ പഠനാവശ്യത്തിന് നല്‍കിയത്. 192 മൃതദേഹങ്ങള്‍. കോട്ടയം മെഡിക്കല്‍ കോളജ് 53, തൃശൂര്‍ 34, കോഴിക്കോട് 21, തിരുവനന്തപുരം 18, കണ്ണൂര്‍ ഒന്‍പത്, ആകെ 327 മൃതദേഹങ്ങള്‍. ഒരു കോടി മുപ്പത്തിയൊന്നു ലക്ഷം രൂപയാണ് സര്‍ക്കാരിന് ലഭിച്ചത്. അജ്ഞാത മൃതദേഹങ്ങളും മെഡിക്കല്‍ കോളജുകള്‍ക്ക് പഠനാവശ്യത്തിന് ദാനമായി കിട്ടുന്നതുമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."