ദേശീയപാതയരികില്‍ കോഴി മാലിന്യം തള്ളി
വൈത്തിരി: ദേശീയപാത 212ല്‍ വൈത്തിരിയില്‍ നിന്നും അമ്മാറയിലേക്ക് തിരിയുന്ന ഭാഗത്ത് കോഴിമാലിന്യം തള്ളി. ദിവസങ്ങള്‍ പഴക്കമുള്ള മാലിന്യമാണ് പ്ലാസ്റ്റിക് ചാക്കുകളിലാക്കി റോഡരികില്‍ നിക്ഷേപിച്ചത്. പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വൈത്തിരി പൊലിസ് കേസെടുത്തു. മാലിന്യം മഴയില്‍ അഴുകി സമീപത്തെ തോടിലേക്ക് ഒഴുകി പരിസരത്തെ കുടിവെള്ള സ്രോതസുകള്‍ മലിനമാകാനും സാധ്യതയുണ്ട്.
കഴിഞ്ഞ മാസം കോഴിക്കോട് ജില്ലയില്‍ നിന്നും ടിപ്പറില്‍ വയനാട് ചുരത്തില്‍ നിക്ഷേപിക്കാനായി ഭക്ഷ്യാവശിഷ്ടം കൊണ്ടുവന്നെങ്കിലും പ്രദേശവാസികള്‍ കണ്ടതോടെ തള്ളാനായില്ല. പിന്നീട് പോലിസ് കേസെടുത്ത് വാഹനം കസ്റ്റഡിയിയിലെടുത്തിരുന്നു.
അന്യജില്ലകളില്‍ നിന്നും വയനാട്ടിലേക്ക് മാലിന്യകടത്ത് നടത്തുന്ന സംഘങ്ങള്‍ സജീവമാണ്. അര്‍ധരാത്രി മാത്രം ഇറങ്ങുന്ന ഇവര്‍ റോഡരികിലും മറ്റും മാലിന്യം തള്ളി രക്ഷപ്പെടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."