പുതിയ പാര്‍ട്ടിയുമായി ദീപാ ജയകുമാറിന്റെ ഭര്‍ത്താവ്
ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ അനന്തരവള്‍ ദീപാ ജയകുമാറിന്റെ ഭര്‍ത്താവ് കെ. മാധവന് പുതിയ പാര്‍ട്ടിയുമായി രംഗത്ത്. എം.ജി.ആര്- ജയലളിത ഡി.എം.കെ കഴകം(എം.ജെ.ഡി.എം.കെ) എന്നാണ് പാര്‍ട്ടിയുടെ പേര്. കഴിഞ്ഞ ദിവസം ചെന്നൈ മറീനാ ബീച്ചില്‍ എം.ജി.ആറിന്റെയും ജയലളിതയുടെയും സമാധിയിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷമാണ് മാധവന് പുതിയ പാര്‍ട്ടിക്ക് തുടക്കമിട്ടത്.
ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ദീപ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുകയും എ.ഐ.എ.ഡി.എം.കെയില്‍ പിളര്‍പ്പ് സംഭവിക്കുകയും ചെയ്തതിനു പിറകെയാണു പുതിയ പാര്‍ട്ടിയുമായി മാധവന് രംഗത്തെത്തിയിരിക്കുന്നത്. യഥാര്‍ഥ അമ്മ അനുയായികളുടെ പിന്തുണ തനിക്കുണ്ടാകുമെന്നും പാര്‍ട്ടിയില്‍ ചേരാന്‍ തയാറായാല്‍ ദീപക്ക് പ്രധാന സ്ഥാനം നല്‍കുമെന്നും പാര്‍ട്ടി പ്രഖ്യാപനം നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ കെ. മാധവന് പറഞ്ഞു. പാര്‍ട്ടി പതാകയും ചടങ്ങില്‍ പ്രകാശനം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 24ന് ജയലളിതയുടെ ജന്മദിനത്തില് എം.ജി.ആര് അമ്മാ ദീപാ ഫോറം എന്ന പേരില്‍ ദീപാ ജയകുമാര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. ഇതില്‍ പ്രധാന പങ്കുവഹിച്ചിരുന്ന മാധവന് പാര്‍ട്ടിയില്‍ ദുഷ്ടശക്തികള്‍ പ്രാബല്യം നേടിയതായി ആരോപിച്ച് കഴിഞ്ഞ മാസം അംഗത്വം രാജിവയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."