തൊഴിലും അതിജീവനവും
രാവിലെ പാല് വാങ്ങാനായി മില്‍മ ബൂത്തിലേക്ക് നടക്കുമ്പോള്‍ വഴിയോരത്തുവച്ച് ഒരു ലോട്ടറി വില്‍പനക്കാരനെ കണ്ടു. ഏറെ നാളുകള്‍ക്കുശേഷം വീണ്ടും അയാള്‍ ലോട്ടറി വില്‍പനക്കിറങ്ങിയതായിരുന്നു. മുന്‍പൊക്കെ ഭേദപ്പെട്ട വരുമാനം കിട്ടിയിരുന്നു. കൊവിഡ് മഹാമാരി അനേകം തൊഴില്‍ മേഖലകളെ തകര്‍ത്ത കൂട്ടത്തില്‍ ലോട്ടറി വില്‍പനക്കാരുടെ ജീവിതവുമുണ്ട്. ലോട്ടറിയെന്നത് യഥാര്‍ഥത്തില്‍ അലസതയുടെ പര്യായമാണ്. സാധാരണ ജനങ്ങള്‍ക്കിടയില്‍ ഒരു തരം വിഭ്രമമാണ് ലോട്ടറി ഉണ്ടാക്കുന്നത്. അധ്വാനത്തിന്റെ വിയര്‍പ്പ് തൊടാതെ തന്നെ കോടികള്‍ കൈയില്‍ വരും എന്ന മിഥ്യാ ഭ്രമം സൃഷ്ടിച്ചാണ് ലോട്ടറിയുമായി ബന്ധപ്പെട്ട തൊഴില്‍ വിപണി രൂപപ്പെടുന്നത്. ഒരര്‍ഥത്തില്‍ ലോട്ടറിയും ഒരു ചൂതാട്ടമാണ്. അതൊരു വരുമാന സ്രോതസ്സായി സര്‍ക്കാരുകള്‍ കാണുമ്പോള്‍ ഭാഗ്യത്തിന്റെ ആവരണം ചാര്‍ത്തി കുറിയായി അവതരിപ്പിക്കുന്നു എന്ന് മാത്രം. മദ്യശാലകള്‍ക്കു മുന്‍പില്‍ ലോട്ടറിക്കച്ചവടക്കാരെ ധാരാളം കാണാം. മദ്യാസക്തികൊണ്ട് ജീവിതം തകര്‍ന്നുപോയവന് മുന്‍പില്‍ ലോട്ടറി കേവലം കിനാവുകളുടെ പ്രതീക്ഷകള്‍ സമ്മാനിക്കും. മദ്യവും ലോട്ടറിയും സര്‍ക്കാരിന്റെ വരുമാന മാര്‍ഗമാവുമ്പോള്‍ ധാര്‍മികതയെക്കുറിച്ചോ സാമൂഹിക ആരോഗ്യത്തെക്കുറിച്ചോ സര്‍ക്കാരുകള്‍ ആലോചിക്കില്ല.
ലോട്ടറി വില്‍പന രംഗത്ത് പല വിഭാഗത്തില്‍പെട്ട ആളുകളുണ്ട്. മറ്റ് ജോലികള്‍ക്കു പോകാന്‍ കഴിയാത്തവിധം ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരും വൃദ്ധജനങ്ങളുമാണ് ഒരു വിഭാഗം. മറ്റൊരു വിഭാഗം നല്ല ആരോഗ്യമുള്ളവരാണ്. അവര്‍ ഇതൊരു തൊഴില്‍ മേഖലയായി സ്വീകരിക്കാന്‍ പാടില്ലാത്തതാണ്. രാവിലെ ഞാന്‍ കണ്ട ലോട്ടറി വില്‍പനക്കാരന് നിര്‍മാണ മേഖലയിലോ, നാട്ടിലെ കാര്‍ഷിക മേഖലയിലോ ജോലിയെടുത്ത് ജീവിക്കാനുള്ള ആരോഗ്യമുണ്ട്. കൊവിഡ് പ്രതിസന്ധി കാരണം വരുമാനം കുത്തനെ കുറഞ്ഞു എന്നാണയാള്‍ പറഞ്ഞത്. ഒരാഴ്ചകൊണ്ട് കിട്ടുന്ന ലാഭം 600 രൂപയാണെന്നും പ്രാരാബ്ധങ്ങള്‍ നുള്ളിപ്പെറുക്കിവച്ച് അയാള്‍ പോയശേഷം പിന്നെ ഞാന്‍ കണ്ടത് വെപ്രാളപ്പെട്ട് ഓടുന്ന ഒരു കോണ്‍ക്രീറ്റ് പണിക്കാരനെയാണ്. അയാള്‍ക്കന്ന് ഒരു വാര്‍പ്പ് ജോലിയുണ്ട്. നാല് പണിക്കാരെ വേണം. പ്രത്യേകിച്ച് വൈദഗ്ധ്യമൊന്നും ഉള്ള ജോലിക്കാരെയല്ല. മെയ്യനങ്ങാന്‍ തയാറായാല്‍ ആര്‍ക്കും ചെയ്യാവുന്ന ജോലി. ഇതരസംസ്ഥാന തൊഴിലാളികള്‍ ഭൂരിഭാഗവും മടങ്ങിപ്പോയതുകൊണ്ട് നിര്‍മാണ മേഖയില്‍ വലിയ തൊഴില്‍ക്ഷാമം നേരിടുന്നുണ്ട്. വെപ്രാളപ്പെട്ടോടുന്ന ആ മനുഷ്യന്‍ എന്നോട് പറഞ്ഞത് ആയിരം രൂപ കൂലികൊടുക്കാമെന്നാണ്. മൂന്നു മണിവരെ ജോലി ചെയ്താല്‍ മതി. ഒരാഴ്ച ലോട്ടറി വില്‍ക്കാന്‍ നടന്നിട്ടും ആയിരം രൂപ പോലും കൈയില്‍വരാത്ത പൂര്‍ണ ആരോഗ്യവാനായ ഒരാളെ ഒരു ദിവസം പണിക്കിറങ്ങിയാല്‍ ആയിരം രൂപ കിട്ടുന്ന തൊഴില്‍മേഖല ആകര്‍ഷിക്കാതെ പോകുന്നത് എന്താണ്? ചില മനോഭാവങ്ങള്‍ ഇനിയുള്ള നാളുകളില്‍ ആളുകള്‍ക്ക് ഉണ്ടാകാന്‍ പോകുന്ന പ്രതിസന്ധിയെക്കുറിച്ച് സൂചിപ്പിക്കാനാണ് ഇത്രയും എഴുതിയത്.
ശമ്പളം വെട്ടിക്കുറയ്ക്കല്‍, പിരിച്ചുവിടല്‍ എന്നതൊക്കെ കൊവിഡ് കാലത്തെ വിപത്തായി ഇതിനകം ചര്‍ച്ച ചെയ്തു തുടങ്ങി. വളരെയേറെ തൊഴില്‍ മേഖലകളില്‍ താഴ് വീണുകഴിഞ്ഞു. പ്രൊഫഷണലുകള്‍ക്കുപോലും പഴയ പാക്കേജുകള്‍ പ്രതീക്ഷിക്കുക വയ്യ. കൊറോണയ്ക്ക് ഫലപ്രദമായ മരുന്ന് കണ്ടെത്തുംവരെ പ്രതിസന്ധി തുടരും. ആഗോള സമ്പദ്ഘടന പൂര്‍വസ്ഥിതിയിലാവാന്‍ കാലമേറെ വേണ്ടിവരും. അതോര്‍ത്ത് വ്യാകുലപ്പെട്ട് വീട്ടിലിരുന്നിട്ടും കാര്യമില്ല. നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി എത്രയും വേഗം ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ തിരിച്ചുവരേണ്ടതുണ്ട്. അതില്‍ ഏറ്റവും പ്രാധാന്യം നിര്‍മാണ മേഖലയാണ്. സാമ്പത്തിക മാന്ദ്യം പുതിയ പ്രൊജക്ടുകള്‍ വരാന്‍ കാലതാമസമുണ്ടാകുമെങ്കിലും തുടങ്ങിവച്ചവ പൂര്‍ത്തിയാക്കിയേ മതിയാവൂ. അതിനാല്‍ ഈ കടുത്ത പ്രതിസന്ധിക്കിടയിലും നിര്‍മാണ മേഖലയില്‍ സാധാരണ തൊഴിലാളികള്‍ക്ക് ഇപ്പോഴും ജോലിയുണ്ട്.
ഇലക്ട്രീഷ്യന്മാര്‍, പ്ലംബര്‍മാര്‍ ഇവര്‍ക്കൊന്നും വലിയ തൊഴില്‍ പ്രതിസന്ധി ഉണ്ടായിട്ടില്ല. അന്യസംസ്ഥാന തൊഴിലാളികള്‍ വന്‍തോതില്‍ മടങ്ങിപ്പോയപ്പോള്‍ നിര്‍മാണ മേഖലയില്‍ അവിദഗ്ധ തൊഴില്‍ സാധ്യത വര്‍ധിക്കുകയും ചെയ്തു. യുവജനങ്ങള്‍ ഈ സാധ്യത പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. രാവിലെ പണിക്കിറങ്ങി ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ പണി അവസാനിപ്പിക്കുമ്പോള്‍ ആയിരം രൂപയ്ക്കടുത്ത് കൂലിയും രണ്ടുനേരത്തെ ആഹാരവും കിട്ടുന്നത് അത്ര ചെറിയ കാര്യമല്ല. അതിന് യുവജനങ്ങള്‍ തയാറാവണമെങ്കില്‍ തൊഴിലിനെ സംബന്ധിച്ച സമീപനത്തില്‍ കാതലായ മാറ്റം വരണം. ഈ പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ വിയര്‍പ്പൊഴുക്കി ആഹാരത്തിനുള്ള വഴി കണ്ടെത്തുന്നതിനെക്കുറിച്ച് മാത്രമേ ആലോചിക്കാവൂ. ആസ്‌ത്രേലിയയിലും ന്യൂസിലന്‍ഡിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഉന്നത വിദ്യാഭ്യാസത്തിനു പോകുന്ന ധാരാളം വിദ്യാര്‍ഥികള്‍ പഠനത്തോടൊപ്പം ജോലി ചെയ്യുന്നു. നമ്മുടെ നാട്ടില്‍ ഇതൊക്കെ വിരളമാണ്. അഥവാ കുട്ടികള്‍ തയാറായാല്‍ തന്നെ രക്ഷിതാക്കള്‍ അനുവാദം നല്‍കുകയുമില്ല.
ഈയിടെ പത്രത്തില്‍വന്ന രണ്ട് വാര്‍ത്തകള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. അതിലൊന്ന് സിവില്‍ സര്‍വിസ് സ്വപ്നവുമായി നടക്കുന്ന ഒരു വിദ്യാര്‍ഥിയുടേതാണ്. വളരെയേറെ പ്രയാസപ്പെട്ട് ജീവിക്കുന്ന കുടുംബമാണ് അവന്റേത്. കൊവിഡ് ഉണ്ടാക്കിയ പ്രതിസന്ധി രൂക്ഷമായതോടെ അവന്‍ മത്സ്യ വില്‍പനക്കിറങ്ങാന്‍ തീരുമാനിച്ചു. അവനോ കുടുംബത്തിനോ ഒരു തരത്തിലും പരിചിതമായ തൊഴിലല്ല അത്. അച്ഛനും അമ്മയും അവനെ വിലക്കി. ചേച്ചി മാത്രമാണ് പ്രോത്സാഹിപ്പിച്ചത്. കോളജുകള്‍ തുറന്നാല്‍ തീര്‍ച്ചയായും അവന്‍ മീന്‍കച്ചവടം അവസാനിപ്പിക്കും. പക്ഷെ, പ്രതിസന്ധി ഘട്ടത്തില്‍ ഉചിതമായ തീരുമാനമെടുത്ത അവന്‍ യുവജനങ്ങള്‍ക്ക് മാതൃക തന്നെയാണ്. മീന്‍ വില്‍പന മോശപ്പെട്ട ജോലിയായി കാണുന്ന പൊങ്ങച്ചക്കാര്‍ ധാരാളമുണ്ട് നമ്മുടെ നാട്ടില്‍. എന്നാല്‍ കേരളത്തിന്റെ അതിര്‍ത്തി കടന്നാല്‍ അതല്ല സ്ഥിതി. മേഘാലയയിലെ ഷില്ലോങില്‍ ഒരു മത്സ്യമാര്‍ക്കറ്റ് സന്ദര്‍ശിച്ച അനുഭവം ഓര്‍മവരുന്നു. ബോളിവുഡ് സുന്ദരികളെ വെല്ലുന്ന യുവതികള്‍ മത്സ്യം വില്‍ക്കുന്നത് കാണാം. ഗോവയിലെ മാര്‍ക്കറ്റുകളിലും മത്സ്യവില്‍പനക്കാരായ സുന്ദരികളെ ഞാന്‍ കണ്ടു. പൊങ്ങച്ചവും തറവാടിത്ത ഘോഷണങ്ങളും നമുക്കുള്ളില്‍നിന്ന് മായ്ച്ചു കളഞ്ഞാല്‍ തൊഴിലിടങ്ങളിലെ അനന്ത സാധ്യതകള്‍ കണ്ടെത്താം. പ്രവാസികളായി മാറുമ്പോള്‍ ഇത്തരം പൊങ്ങച്ചങ്ങള്‍ മലയാളി ഉപേക്ഷിക്കും. നാട്ടിലാവുമ്പോള്‍ അത് സാധിക്കുന്നതുമില്ല.
ബി.എഡ് പൂര്‍ത്തിയാക്കിയ ഒരു പെണ്‍കുട്ടിയെക്കുറിച്ചുള്ള വാര്‍ത്തയും കൗതുകകരമാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഏതെങ്കിലും അണ്‍ എയ്ഡഡ് വിദ്യാലയത്തില്‍ കയറിപ്പറ്റാമെന്ന പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. പകരം രണ്ട് തൊഴിലുകള്‍ അവര്‍ തെരഞ്ഞെടുത്തു. ഒന്ന് ഓട്ടോ ഓടിക്കല്‍, മറ്റൊന്ന് യന്ത്രം ഉപയോഗിച്ച് തെങ്ങുകയറ്റം. തെങ്ങുകയറ്റക്കാരുടെ വരുമാനത്തെക്കുറിച്ച് നമ്മള്‍ അങ്ങനെ ആലോചിച്ചു കാണില്ല. ഒരു ദിവസം മുഴുവന്‍ ചെയ്യാവുന്ന ജോലിയല്ല തെങ്ങുകയറ്റം. പക്ഷെ, ഒന്നോ രണ്ടോ മണിക്കൂര്‍ ജോലി ചെയ്ത് ഏറ്റവും ചുരുങ്ങിയത് ആയിരം രൂപയെങ്കിലും പോക്കറ്റില്‍വച്ച് പോകുന്ന തെങ്ങുകയറ്റക്കാരെ എനിക്കറിയാം.
എന്റെ കുട്ടിക്കാലത്ത് സാധാരണ വീടുകളില്‍ മരംവെട്ടുക, വിറക് കീറുക, വേനല്‍ക്കാലത്ത് കിണര്‍ വൃത്തിയാക്കുക മുതലായ ജോലികള്‍ക്ക് പുറമെനിന്ന് തൊഴിലാളികളെ വിളിച്ചിരുന്നില്ല. തറവാട്ടിലെ കുട്ടികള്‍ തന്നെ അത് ചെയ്യും. ഞാനൊക്കെ പ്രൈമറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ അമ്മയെ കാര്‍ഷിക ജോലികളില്‍ സഹായിക്കുമായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് എനിക്ക് വിറക് കീറാനറിയാമായിരുന്നു. അമ്മയാണ് ആ ജോലി പഠിപ്പിച്ചത്. ഞങ്ങളുടെ വീട്ടിലെ വിറകുപുര കെട്ടിമേഞ്ഞിരുന്നത് അമ്മയായിരുന്നു. ഞങ്ങള്‍ അമ്മയെ സഹായിക്കും. ന്യൂജെന്‍ കാലം അതല്ല. കോളജ് കുമാരന്‍ ഉമ്മറത്ത് മൊബൈലിലേക്ക് നോക്കിയിരിക്കുന്നുണ്ടാവും. മുറ്റത്ത് അണ്ണാച്ചിയോ ബംഗാളിയോ വിറകു കീറുന്നുണ്ടാവും. വൈകുന്നേരമായാല്‍ കോളജ് കുമാരന്‍ മൊബൈല്‍ ഡാറ്റ റീചാര്‍ജ് ചെയ്യാനുള്ള പൈസയ്ക്കുവേണ്ടി അമ്മയോട് വഴക്കിടും. ഇത്തരം സമീപനങ്ങളാണ് നമ്മെ പ്രതിസന്ധിയിലെത്തിച്ചത്.
ഗള്‍ഫ് രാജ്യങ്ങളുടെ പ്രതാപകാലം അസ്തമിക്കുകയാണ്. മലയാളിയുടെ പ്രവാസ സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍ക്കുകയാണ്. പ്രവാസികള്‍ മടങ്ങിവരുമ്പോള്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ അവരവരുടെ സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നു. ഇതരസംസ്ഥാനക്കാര്‍ക്ക് പഴയതുപോലെ തൊഴില്‍ നല്‍കാന്‍ ഇനി കേരളത്തിന് സാധിച്ചെന്ന് വരില്ല. നിര്‍മാണ മേഖലയിലും കാര്‍ഷിക മേഖലയിലും നമ്മള്‍ തന്നെ തൊഴിലെടുത്തേ മതിയാവൂ. തൊഴില്‍ സമീപനങ്ങളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ കാലം നമ്മെ വിഡ്ഢികളെന്നു വിളിക്കും. അതിജീവനത്തെക്കുറിച്ച് മാത്രം ആലോചിക്കേണ്ട കാലമാണിത്. പൊങ്ങച്ചങ്ങളുടെയും തറവാടിത്ത ഘോഷണങ്ങളുടെയും കൊടികള്‍ വലിച്ചെറിഞ്ഞ് മണ്ണിലേക്കിറങ്ങേണ്ട കാലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."