ഫേസ്ബുക്ക് ശുദ്ധികലശം: പണികിട്ടിയത് കോണ്‍ഗ്രസിനല്ല ബി.ജെ.പിക്ക്
ന്യൂഡല്‍ഹി: ഇന്ത്യയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാജ പ്രചാരണങ്ങള്‍ തടയുന്നതിനായി ഫേസ്ബുക്ക് കഴിഞ്ഞദിവസം നടത്തിയ ശുദ്ധികലശത്തില്‍ ഏറ്റവുമധികം തിരിച്ചടി കിട്ടിയത് ബി.ജെ.പിയുടെ സൈബര്‍ വിഭാഗത്തിനെന്ന് റിപ്പോര്‍ട്ട്. പേജുകളും വ്യക്തിഗത അക്കൗണ്ടുകളും ഉള്‍പ്പെടെ നൂറുകണക്കിന് അക്കൗണ്ടുകളാണ് ഫേസ്ബുക്ക് അടച്ചുപൂട്ടിയത്. ഇതില്‍ കൂടുതലും കോണ്‍ഗ്രസിന്റെ ഐ.ടി സെല്ലുമായി ബന്ധപ്പെട്ടതായിരുന്നുവെന്നും പാര്‍ട്ടിക്കാണ് ഏറ്റവും തിരിച്ചടിയുണ്ടായത് എന്നുമായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന്റെ 138 പേജുകളും 549 വ്യക്തിഗത അക്കൗണ്ടുകളും അടക്കം 687 അക്കൗണ്ടുകളാണ് അടച്ചുപൂട്ടിയതെന്ന് ഫേസ്ബുക്ക് സൈബര്‍ സുരക്ഷാനയ വിഭാഗം മേധാവി നതാനിയേല്‍ ഗ്ലേയ്‌സിയേഴ്‌സ് ആണ് അറിയിച്ചത്. ഈ 687 അക്കൗണ്ടുകളും കോണ്‍ഗ്രസിന്റെ ഐ.ടി സെല്ല് നേരിട്ട് നിയന്ത്രിക്കുന്നവയായിരുന്നു.
കോണ്‍ഗ്രസ് വിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചിരുന്ന കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള 15 ബി.ജെ.പി അനുകൂല പേജുകളും നീക്കിയതായി ഫേസ്ബുക്ക് വിശദീകരിച്ചു. ഒരു പേജ്, 12 വ്യക്തിഗത അക്കൗണ്ട്, ഒരു ഗ്രൂപ്പ്, ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എന്നിവയാണ് നീക്കിയത്. എണ്ണത്തില്‍ അധികം പേജുകള്‍ കോണ്‍ഗ്രസ് ഐ.ടി സെല്ലിനാണ് നഷ്ടമായതെങ്കിലും കൂടുതല്‍ ഫോളോവേഴ്‌സിനെ നഷ്ടമായത് ബി.ജെ.പിക്കാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
അടച്ചുപൂട്ടിയ 687 കോണ്‍ഗ്രസ് അനുകൂല പേജുകള്‍ക്ക് രണ്ടു ലക്ഷം ഫോളോവേഴ്‌സ് (പിന്തുടരുന്നവര്‍) മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ബി.ജെ.പിയുടെ 15 അക്കൗണ്ടുകള്‍ക്ക് മാത്രം 26 ലക്ഷം ഫോളോവേഴ്‌സ് ആണ് ഉണ്ടായിരുന്നത്. തങ്ങളുടെ പേജുകള്‍ക്കായി 2014 മുതല്‍ 27 ലക്ഷം രൂപ പരസ്യങ്ങള്‍ക്കായി കോണ്‍ഗ്രസ് ഫേസ്ബുക്കിനു നല്‍കിയപ്പോള്‍ ഇക്കാലയളവില്‍ 15 പേജുകള്‍ക്കു മാത്രമായി പ്രചാരണത്തിന് 50 ലക്ഷത്തോളം രൂപയാണ് ബി.ജെ.പി ചെലവിട്ടത്.
ബി.ജെ.പി ഐ.ടി സെല്ലിന്റെ നേരിട്ടു നിയന്ത്രണത്തിലല്ലാത്ത ഇരുനൂറോളം പേജുകള്‍ നീക്കിയതായും റിപ്പോര്‍ട്ടുണ്ട്. നീക്കം ചെയ്യപ്പെട്ടവയില്‍ എറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ളതും കൂടുതല്‍ വ്യാപ്തി (റീച്ച്) ഉള്ളതുമായ ബി.ജെ.പി അനുകൂല പേജ് ആണ് ദി ഇന്ത്യന്‍ ഐ. 26 ലക്ഷം ഫോളോവേഴ്‌സാണ് ഇന്ത്യന്‍ ഐക്ക് മാത്രം ഉണ്ടായിരുന്നത്. ഈ പേജിന്റെ ഉടമകള്‍ സില്‍വര്‍ ടച്ച് എന്ന ഐ.ടി കമ്പനി ആണെന്ന് കണ്ടെത്തി. പ്രധാനമന്ത്രിയുടെ നമോ ആപ്പിന്റെ പിന്നില്‍ ഈ കമ്പനി പ്രവര്‍ത്തിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സില്‍വര്‍ ടച്ച് എന്ന ഐ.ടി കമ്പനി വ്യാജ അക്കൗണ്ടുകള്‍ വഴി പ്രാദേശിക വാര്‍ത്തകളെക്കുറിച്ചും രാഷ്ട്രീയ പരിപാടികളെക്കുറിച്ചും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് കണ്ടെത്തിയതായി ഫേസ്ബുക്ക് അറിയിച്ചു. എന്നാല്‍, ഈ ഐ.ടി കമ്പനിയെക്കുറിച്ച് അറിയില്ലെന്നാണ് ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞത്.
സപ്പോര്‍ട്ട്4മോദി (18 ലക്ഷം ഫോളോവേഴ്‌സ്), പോസ്റ്റ് കാര്‍ഡ് ഫാന്‍സ് (13 ലക്ഷം ഫോളോവേഴ്‌സ്), ഏക് നാം നരേന്ദ്രമോദി (15 ലക്ഷം ഫോളോവേഴ്‌സ്) എന്നിവയാണ് അടച്ചുപൂട്ടിയ പ്രധാന ബി.ജെ.പി അനുകൂല പേജുകള്‍. ഇന്ത്യ റിപ്പോര്‍ട്ട് കാര്‍ഡ്, നാഷന്‍ വാണ്ട്‌സ് നമോ, ഹൈദരാബാദിലെ ബി.ജെ.പി എം.എല്‍.എ രാജാ സിങിന്റെ ഔദ്യോഗിക പേജ് എന്നിവയ്ക്കും പൂട്ട് വീണു. ബി.ജെ.പി എം.പിയും ഏഷ്യാനെറ്റ് മേധാവിയുമായ രാജീവ് ചന്ദ്രശേഖരുടെ ഉടമസ്ഥതയിലുള്ള മൈ നാഷന്‍ എന്ന പേജും നീക്കം ചെയ്തവയില്‍ ഉള്‍പ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."