മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊലിസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ പൊലിസ് നയം വ്യക്തമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്‍ക്കുന്ന എസ്.ഐ മുതല്‍ മേലോട്ടുള്ള പൊലിസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ഇന്ന് തുടക്കം.
റെയ്ഞ്ച് തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. ക്രമസമാധാനപാലനവും കുറ്റാന്വേഷണവും കാര്യക്ഷമമാക്കുന്നതിനും പൊലിസിന്റെ പ്രവര്‍ത്തനം ജനോപകാരപ്രദവും സ്ത്രീ സൗഹൃദവുമാക്കുന്നതിനുമുള്ള നിര്‍ദേശം മുഖ്യമന്ത്രി നല്‍കും. പൊലിസിനെതിരേ പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.
ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ പൊലിസ് ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാരിന്റെ പൊലിസ് നയം വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതിനു വിപരീതമായാണ് പൊലിസ് പ്രവര്‍ത്തിച്ചത്. പൊലിസില്‍ സംഘ്പരിവാര്‍ അജന്‍ഡ നടപ്പാക്കുന്നുവെന്ന് പാര്‍ട്ടിയില്‍ തന്നെ ആരോപണമുണ്ട്. സംസ്ഥാനത്തെ മുഖ്യമന്ത്രി ആദ്യമായിട്ടാണ് എസ്.ഐ മുതല്‍ മേലോട്ടുള്ളവരുടെ യോഗം വിളിക്കുന്നത്. തിരുവനന്തപുരം റെയ്ഞ്ച് യോഗമാണ് ഇന്ന് ചേരുക. ടെക്നോപാര്‍ക്കിലെ പാര്‍ക്ക് സെന്ററിലാണ് യോഗം.
കണ്ണൂര്‍ റെയ്ഞ്ചിന്റെ യോഗം 24ന് കണ്ണൂരും എറണാകുളം റെയ്ഞ്ച് യോഗം 29ന് കൊച്ചിയിലും തൃശൂര്‍ റെയ്ഞ്ച് യോഗം 29ന് മലപ്പുറത്തുമാണ് ചേരുക. സംസ്ഥാന പൊലിസ് മേധാവി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗങ്ങളില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."