HOME
DETAILS
MAL
ചക്ക തലയില്‍ വീണതിന് പിന്നാലെ കൊവിഡും; രോഗം ഭേദമായ യുവാവ് മരിച്ചു
backup
June 27 2020 | 03:06 AM
രാജപുരം (കാസര്‍കോട്): തലയില്‍ ചക്ക വീണ് പരുക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയ്ക്കെത്തിയപ്പോള്‍ കൊവിഡ് സ്ഥിരീകരിക്കുകയും പിന്നീട് രോഗം ഭേദമാവുകയും ചെയ്ത ഓട്ടോ ഡ്രൈവര്‍ മരിച്ചു. എണ്ണപ്പാറ മുക്കുഴി കരിയത്ത് കോത്തൂര്‍ റോബിന് (42) ആണ് ഇന്നലെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. മെയ് 19നു ചക്ക പറിക്കുന്നതിനിടെ തലയില്‍ വീണതിനെ തുടര്‍ന്ന് ഇയാളെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ നല്കുന്നതിനു വേണ്ടി നടത്തിയ പരിശോധനയിലാണു കൊവിഡ് കണ്ടെത്തിയത്.
തനിച്ച് പറമ്പിലേക്ക് ചക്ക പറിക്കാന്‍ പോയ റോബിന് തിരിച്ചെത്താത്തതിനെ തുടര്‍ന്നു നടന്ന വീട്ടുകാരുടെ അന്വേഷണത്തിലാണ് ഇയാളെ ബോധരഹിതനായി കാണുന്നത്. സാരമായ പരുക്കേറ്റതിനാല്‍ ശസ്ത്രക്രിയ ആവശ്യമായിരുന്നു. കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലെങ്കിലും കാസര്‍കോട്ടു നിന്നുള്ള രോഗിയായതിനാല്‍ സ്രവപരിശോധന നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഫലം പോസിറ്റീവാകുകയും ചെയ്തു. എന്നാല്‍, വിദേശത്തുനിന്ന് എത്തിയവരുമായോ ഇതര സംസ്ഥാനങ്ങളില്‍നിന്ന് വന്നവരുമായോ റോബിനു സമ്പര്‍ക്കമുണ്ടായിരുന്നില്ല. അതിനിടെ, ആശുപത്രി ചികിത്സയില്‍ കൊവിഡ് ഭേദമാവുകയും ചെയ്തു.
ചക്ക വീണ് പരുക്കേറ്റതിന്റെ ഭാഗമായി നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്നു പരിയാരം മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ കഴിയുന്നതിനിടെയാണ് ഇന്നലെ ഉച്ചയോടെ റോബിന് മരിച്ചത്. പരേതനായ കോട്ടൂര്‍ തോമസ്-റോസമ്മ എന്നിവരുടെ മകനാണ്. ഭാര്യ: അല്‍ഫോണ്‍സ. മക്കള്‍: റിയ, റോണ്‍. സഹോദരങ്ങള്‍: ജോണ്‍, റോയി, റീന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."