HOME
DETAILS
MAL
ഏഷ്യയില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കാനൊരുങ്ങി യു.എസ്
backup
June 27 2020 | 03:06 AM
വാഷിങ്ടണ്‍: ചൈനീസ് സേനയുടെ ഭീഷണി നേരിടുന്നതിനായി ആഗോളതലത്തില്‍ യു.എസ് സേനാ വിന്യാസത്തില്‍ മാറ്റംവരുത്താന്‍ ആലോചിക്കുന്നതായി സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ. ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ചൈനയുടെ ഭീഷണി നേരിടുന്നതിനാല്‍ ഏഷ്യയില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കാനാണ് യു.എസ് നീക്കം. ഇന്ത്യ യു.എസ് സൈനിക താവളം വന്നേക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ലെങ്കിലും അതിനുള്ള സാധ്യതയിലേക്കാണ് വിദഗ്ധര്‍ വിരല്‍ചൂണ്ടുന്നത്.
ചൈനീസ് സേനയെ നേരിടാന്‍ പാകത്തില്‍ സേനയെ വിന്യസിക്കുമെന്ന് ഞങ്ങള്‍ ഉറപ്പാക്കാന്‍ പോവുകയാണ്. അതിനുള്ള വിഭവങ്ങള്‍ ഞങ്ങള്‍ക്കുണ്ട്-പോംപിയോ പറഞ്ഞു. ജര്‍മനിയിലെ യു.എസ് സൈനികരുടെ എണ്ണം 52,000ത്തില്‍ നിന്ന് 25,000 ആക്കി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പ്രസിഡന്റ് ട്രംപിന്റെ നിര്‍ദേശപ്രകാരം സര്‍ക്കാര്‍ സേനാവിന്യാസത്തില്‍ മാറ്റം വരുത്തുന്നത്. യൂറോപ്പിലെ സൈനികരെ ഏഷ്യയിലേക്ക് മാറ്റാനാണ് നീക്കം.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യക്കും വിയറ്റ്നാമിനും ദക്ഷിണചൈനാ കടലിനുമെല്ലാം ഭീഷണിയായിരിക്കുന്നുവെന്ന് പോംപിയോ ചൂണ്ടിക്കാട്ടി. ആഫ്രിക്ക, ഏഷ്യ, പശ്ചിമേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെല്ലാം യു.എസ് സേനകളുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം ജര്‍മനിയിലെ സൈനികരെ വെട്ടിക്കുറച്ചത് മൂലം യൂറോപ്പിന് റഷ്യയില്‍ നിന്നുമുള്ള ഭീഷണി വര്‍ധിക്കാനിടയുണ്ടെന്ന വാദം തള്ളിക്കളഞ്ഞു. നിലവില്‍ 4,84,000 യു.എസ് സൈനികരെയാണ് വിവിധ രാജ്യങ്ങളിലായി വിന്യസിച്ചിട്ടുള്ളത്. ഇതില്‍ 80,000 പേര് പശ്ചിമേഷ്യയിലാണ്.
യു.എസ് ജി.ഡി.പിയുടെ 3.42 ശതമാനം (61,000 കോടി ഡോളര്‍) പ്രതിരോധത്തിനാണ് ചെലവിടുന്നത്. ചൈന രണ്ടു ശതമാനത്തോളം (2,000 കോടി ഡോളര്‍) ഇതിനായി മാറ്റിവയ്ക്കുന്നുണ്ട്. യൂറോപ്പിലെയും ഏഷ്യയിലെയും പ്രതിരോധ പങ്കാളികള്‍ പ്രതിരോധ ചെലവിന്റെ വലിയൊരു ഭാഗം വഹിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
2021 സാമ്പത്തികവര്‍ഷത്തെ യു.എസ് പ്രതിരോധ ബില്ലില്‍ പെസഫിക് മേഖലയിലെ ഗുവാമില്‍ ഇന്ത്യ, ജപ്പാന്, ആസ്ത്രേലിയ എന്നിവയ്ക്കുവേണ്ടി യുദ്ധവിമാന പരിശീലനം തുടങ്ങണമെന്ന ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്. ഇത് ചൈനയുടെ ഭീഷണി മുന്‍നിര്‍ത്തിയാണ്. 48 ദീര്‍ഘദൂര കപ്പല്‍വേധ മിസൈലുകള്‍ വിന്യസിക്കാനും മേഖലയില്‍ പദ്ധതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."