പി.പി.ഇ കിറ്റ് ധരിക്കുന്നതിനാല്‍ കൊവിഡ് സാധ്യതയില്ലെന്ന്: ഡ്യൂട്ടിയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ക്വാറന്റൈന് വേണ്ട
തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജൂലൈ ഒന്നു മുതല്‍ സര്‍ക്കാര്‍ ക്വാറന്റൈന് ഇല്ല.
പത്തു ദിവസം തുടര്‍ച്ചയായി കൊവിഡ് പോസിറ്റീവായ രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്ന ഐ.സി.യുവില്‍ ജോലിനോക്കുന്ന ഡോക്ടറും നഴ് സും ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പത്തു ദിവസവും ഐസൊലേഷന്‍ വാര്‍ഡില്‍ പത്തുദിവസം തുടര്‍ച്ചയായി ജോലിനോക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏഴു ദിവസവും അവധിയായി പരിഗണിക്കും.
ഇവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നാണു വിദഗ്ധ സമിതിയുടെ നിര്‍ദേശം. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, ലാബ് ടെക്നീഷ്യന്മാര്, നഴ്സിങ് അസിസ്റ്റന്റുമാര്‍, ആശുപത്രി പരിചാരകര്‍, ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കും ഇവ ബാധകമാകും. പി.പി.ഇ കിറ്റ് ധരിക്കുന്നതിനാല്‍ കൊവിഡ് ബാധയേല്‍ക്കാന്‍ സാധ്യതയില്ലെന്ന ഐ.സി.എം.ആറിന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശമെന്ന് ആരോഗ്യവകുപ്പ് വിശദീകരിച്ചു. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ഡ്യൂട്ടി ക്രമീകരണവും ഇതോടെ സാധ്യമാകും.
കൂടാതെ കൊവിഡ് വാര്‍ഡിലെ ഡ്യൂട്ടിക്കു ശേഷം ആശുപത്രിയില്‍ തന്നെ ശുചിത്വ നടപടികള്‍ സ്വീകരിക്കുന്നതിനാല്‍ കൊവിഡ് ഭീഷണി ഇല്ല എന്നും ആരോഗ്യവകുപ്പ് പറയുന്നു.
നേരത്തെ, തുടര്‍ച്ചയായി കൊവിഡ് ഡ്യൂട്ടി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ തന്നെ 14 ദിവസത്തെ ക്വാറന്റൈന് സൗകര്യം ഒരുക്കിയിരുന്നു. ഇത് അടുത്തിടെയാണ് ആരോഗ്യവകുപ്പ് വെട്ടിക്കുറച്ചത്. കൊവിഡ് വാര്‍ഡുകളിലെ ഡ്യൂട്ടി കഴിഞ്ഞ് നേരെ വീടുകളില്‍ ക്വാറന്റൈന് പോകണമെന്ന് നിര്‍ദേശം വന്നതോടെ ആശങ്കയിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. ഇപ്പോള്‍ തന്നെ ഫീല്‍ഡ് ലെവല്‍ സ്റ്റാഫ് ഉള്‍പ്പെടെ 39 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."