ബ്രസീലും മടങ്ങി
കാസന്‍: ജര്‍മനിയുടെയും അര്‍ജന്റിനയുടെയും കണ്ണീരു വീണ കാസന്‍ അരീനയില്‍ നിന്ന് 2018 ലോകകപ്പിന്റെ ഹോട്ട് ഫേവറിറ്റുകളില്‍ ഒന്നായ ബ്രസീലും ഹൃദയം തകര്‍ന്ന് കളം വിട്ടു. 2002ന് ശേഷം സാംബാ താളം കേട്ട് ചിറകടിച്ചുയരാന്‍ കൊതിച്ചിരുന്ന കാനറികളുടെ ചിറകരിഞ്ഞ് ലോകഫുട്‌ബോളിന്റെ ചുവന്ന ചെകുത്താന്‍മാര്‍ റഷ്യന്‍ ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് കുതിച്ചു. 1986ന് ശേഷം സെമി ഫൈനലിലെത്തുന്ന ബെല്‍ജിയത്തിന് ഇത് രണ്ടാം സെമിയാണ്.
ആക്രമണത്തിലെ മൂര്‍ച്ചയും വേഗതയും കൊണ്ട് ബെല്‍ജിയം മത്സരത്തില്‍ മൂന്‍തൂക്കം നേടിയപ്പോള്‍ തോല്‍വിയിലും കാല്‍പന്തുകളിയുടെ മനോഹരിത നിറച്ചുവച്ച് കളിവിരുന്നൊരുക്കിയാണ് ബ്രസീല്‍ റഷ്യയില്‍നിന്ന് പടിയിറങ്ങുന്നത്. 13ാം മിനുട്ടില്‍ ബെല്‍ജിയം താരം അടിച്ച കോര്‍ണര്‍ കിക്ക് രക്ഷപ്പെടുത്തുന്നതിനിടെ ഫെര്‍ണാണ്ടീഞ്ഞോക്ക് പറ്റിയ പിഴവ് സെല്‍ഫ് ഗോളിന്റെ രൂപത്തില്‍ ബ്രസീലിന്റെ തലയില്‍ ഇടിത്തീയായി വീഴുകയായിരുന്നു (1-0). പന്തിനായി മുന്‍കൂട്ടി ഉയര്‍ന്നുചാടിയ കൊംപാനിയുടെ നീക്കമാണ് ഫെര്‍ണ്ടീഞ്ഞോയെ ആശയക്കുഴപ്പത്തിലാക്കിയത്.
കഴിഞ്ഞ നാലു മത്സരങ്ങളില്‍ നിന്ന് രണ്ടു മഞ്ഞക്കാര്‍ഡ് ലഭിച്ചതിനാല്‍ മത്സരത്തിലില്ലാതിരുന്ന കസാമിറോയുടെ വിടവ് ബ്രസീലിന്റെ മധ്യനിരയില്‍ വ്യക്തമായിരുന്നു. കഴിഞ്ഞ മത്സരങ്ങളില്‍ ബ്രസീല്‍ നിരയില്‍ പലരും വാഴ്ത്തപ്പെട്ടിരുന്നെങ്കിലും അവരൊന്നുമല്ല, ആ കളികളിലെ താരം കാസാമിറോ ആയിരുന്നുവെന്ന് തെളിയിക്കാന്‍ നിര്‍ണായക മത്സരത്തിലെ അദ്ദേഹത്തിന്റെ അഭാവം തന്നെ വേണ്ടി വന്നുവെന്നത് ബ്രസീലിന്റെ നിര്‍ഭാഗ്യം. എതിരാളികളുടെ കരുത്തും ദൗര്‍ബല്യവും കണക്കുകൂട്ടി തന്ത്രം മെനയുന്ന ടിറ്റെയുടെ ടീമിലെ ഊതിക്കാച്ചിയ പൊന്നായിരുന്നു കസാമിറോ.
മധ്യനിരയില്‍ വന്ന വന്‍ പിഴവില്‍ നിന്നാണ് രണ്ടാമതും ബ്രസീലിന്റെ വല കുലുങ്ങിയത്. 31ാം മിനുട്ടില്‍ ബ്രസീല്‍ നിരയില്‍നിന്ന് പന്ത് തട്ടിയെടുത്ത് റൊമേലു ലുക്കാക്കു നടത്തിയ അതിവേഗ നീക്കം മധ്യനിരയെയും ഡ്രിബിള്‍ ചെയ്ത് കടന്ന് ബോക്‌സിനു പുറത്ത് കൃത്യതയാര്‍ന്ന പൊസിഷനില്‍ നിന്നിരുന്ന കെവിന്‍ ഡിബ്രൂയിനിലേക്ക്. കൃത്യമായി ലഭിച്ച പാസുമായി ബോക്‌സിലേക്ക് പാഞ്ഞെടുത്ത ഡി ബ്രൂയിന്‍ തൊടുത്ത ഷോട്ട് മാഴ്‌സലോയെയും കുട്ടീന്യയോയും കടന്ന് ഗോളി അലിസനെയും കാഴ്ചക്കാരനാക്കി വലയില്‍ പ്രവേശിച്ചു.
രണ്ടാം പകുതിയില്‍ കണ്ടത് മത്സരത്തില്‍ ഇതുവരെ കാണാതിരുന്ന ബ്രസീലിയന്‍ പോരാട്ട വീര്യത്തെയായിരുന്നു. ബെല്‍ജിയം താരങ്ങള്‍ തീര്‍ത്ത മാര്‍ക്കിങ്ങില്‍ നിന്ന് രക്ഷപ്പെട്ട് നെയ്മര്‍ ഫോം കണ്ടെത്താന്‍ തുടങ്ങിയതും കുട്ടീഞ്ഞോയും മാഴ്‌സലോയും വീറോടെ കളത്തില്‍ നിറഞ്ഞു കളിച്ചതും ബ്രസീലിന്റെ തിരിച്ചുവരവിന്റെ സൂചനകളായി. എന്നാല്‍ ബ്രസീലിയന്‍ മുനകള്‍ പലപ്പോഴും ബെല്‍ജിയന്‍ ഗോളി കുര്‍ട്ടൊയുടെ കൈകളില്‍ തട്ടിയകന്നു.
ആക്രമണത്തിന് മൂര്‍ച്ച കൂട്ടാനായി ജീസസ്, വില്യന്‍, പൗളിഞ്ഞോ എന്നിവര്‍ക്ക് പകരം ഡഗ്ലസ് കോസ്റ്റ, ഫിര്‍മിനോ, റെനറ്റോ എന്നിവരയും ടിറ്റെ രംഗത്തിറക്കി. രണ്ടു ഗോള്‍ നേടിയ ആത്മവിശ്വാസത്തില്‍ പ്രതിരോധത്തിലും വീണു കിട്ടുന്ന അവസരങ്ങളിലും വേഗ നീക്കങ്ങള്‍ കൊണ്ട് ബെല്‍ജിയവും ശ്രദ്ധ കേന്ദ്രീകരിച്ചതോടെ മത്സരം വീറുറ്റതായി.
76ാം മിനുട്ടില്‍ പകരക്കാനായിറങ്ങിയ ആഗസ്റ്റോയുടെ ഹെഡ്ഡര്‍ ഗോളില്‍നിന്നാണ് ബ്രസീല്‍ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടൊപ്പം ആക്രമിച്ചു കളിക്കുന്നതിനും ബെല്‍ജിയം തുല്യ പ്രധാന്യം നല്‍കി. നെയ്മറെ പഴുതടച്ച് പൂട്ടിയിട്ട ഫെല്ലിനിയും വലതു വിങ്ങില്‍ വേഗ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ലുക്കാക്കുവും നിറഞ്ഞു കളിച്ച ഹസാര്‍ഡും ബ്രസീലിനെ വെള്ളം കുടിപ്പിച്ചു. ആക്രമണ നീക്കങ്ങളില്‍ നിലയുറപ്പിക്കുന്നതിനിടെ ആക്രമണകാരികളായ ബെല്‍ജിയം പോരാളികളെ മാര്‍ക്ക് ചെയ്യുന്നതില്‍ ബ്രസീലിന് വന്ന പിഴവിന് വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്. കഴിഞ്ഞ മൂന്നു ലോകകപ്പുകളില്‍ നിന്നു വ്യത്യസ്തമായി എന്തു കൊണ്ടും കപ്പടിക്കാന്‍ യോഗ്യരായിരുന്ന ടിറ്റെയുടെ സംഘത്തിന്റെ മടക്കം തീര്‍ത്തും നിരാശയുളവാക്കുന്നതാണ്.
അവസാന നിമിഷം വരെ മത്സരത്തിന്റെ ജീവന്‍ കൊണ്ടെത്തിച്ചത് ബ്രസീലിയന്‍ നിരക്ക് എന്തു കൊണ്ടും പൊരുതിത്തോറ്റെന്നും ഖത്തറില്‍ വീണ്ടും കാണാമെന്നും പറയാനുള്ള അവകാശം തീര്‍ച്ചയായുമുണ്ട്.
ഉറുഗ്വേക്ക് ശേഷം ബ്രസീല്‍ കൂടി പുറത്തായതോടെ റഷ്യന്‍ ലോകകപ്പ് യൂറോപ്യന്‍ കപ്പായി. സെമിയില്‍ എതിരാളികളായി എത്തുന്ന ഫ്രാന്‍സിനെ നേരിടാന്‍ ബെല്‍ജിയം കോച്ച് റൊബര്‍ട്ടോ മര്‍ട്ടിനസിന് കൂടുതല്‍ തന്ത്രങ്ങള്‍ മെനയേണ്ടി വരുമെന്ന് തീര്‍ച്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."