എം.എല്‍.എയെ അധിക്ഷേപിച്ച് വാട്‌സ്ആപ് പോസ്റ്റ്; ജീവനക്കാരനെ സ്ഥലം മാറ്റി
മാനന്തവാടി: വാട്‌സ്ആപ്പില്‍ എം.എല്‍.എയെ അധിക്ഷേപിച്ചെന്നാരോപിച്ച് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന സി.ഐ.ടി.യു നേതാവിന് സ്ഥലം മാറ്റം. കെ.എസ്.ആര്‍.ടി.സി.എംപ്ലോയിസ് അസോസിയേഷന്‍ മാനന്തവാടി യൂനിറ്റ് മുന്‍ സെക്രട്ടറിയും ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ വി.എം ഷാജിയെയാണ് കാസര്‍കോട് ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയത്.
ഇത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം ചീഫ് ഓഫിസില്‍ നിന്നും ലഭിച്ചു. ഇതേ സംഭവത്തില്‍ ഇതേ ഓഫിസിലെ സീനിയര്‍ സൂപ്രണ്ടായ സി.ഐ.ടി.യു അംഗത്തിനെതിരേയും എ.ഐ.ടി.യു.സി അംഗമായ കംപ്യൂട്ടര്‍ അസിസ്റ്റന്റിനുമെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന. മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളുവിനെതിരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റ് ഇടുകയും ജോലി സമയത്ത് വാട്‌സ്ആപ്പ് ഉപയോഗിച്ചുവെന്നും കാണിച്ച് കല്ലോടി സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സംഭവത്തില്‍ അധികൃതരുടെ വിശദീകരണം.
ഫേസ്ബുക്കില്‍ മുഖ്യമന്ത്രിക്കെതിരേയുള്ള പോസ്റ്റ് ഷെയര്‍ ചെയ്തതിന് അധ്യപകനെ ഈയടുത്ത് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനെതിരേ അധ്യപക സംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ഇതിനിടെയാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാരനെ സ്ഥലം മാറ്റിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."