പിതൃസ്‌നേഹം
തികച്ചും അപ്രതീക്ഷിതമായിരുന്നു സുമതിയുടെ വേര്‍പാട്. വര്‍ഷങ്ങള്‍ നീണ്ട ജോലിയുടെയും പാസഞ്ചര്‍ വണ്ടികളിലെ മടുപ്പിക്കുന്ന വിരസതയുടെയും നിമിഷങ്ങള്‍ക്കു വിരാമമിട്ടു വീട്ടിലേക്കു ചേക്കേറുമ്പോള്‍ പിന്നെ അവളായിരുന്നു കൂട്ട്. പുസ്തങ്ങളെപ്പോലെ തന്നെ തനിക്കു പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു അവള്‍. മക്കള്‍ രണ്ടും കുടുംബസമേതം വിദേശത്തായതിനാല്‍ വല്ലപ്പോഴും വരുന്ന ഫോണ്‍കോളുകളിലും എപ്പോഴെങ്കിലും വിശേഷദിവസങ്ങളിലെ വരവിലും ഒതുങ്ങി അവരുമായുള്ള ബന്ധം.
അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് എല്ലാവരുമെത്തി. ഒരാഴ്ചത്തെ ലീവേ ഉള്ളൂ എന്നതിനാല്‍ പ്രധാന ചടങ്ങുകളൊക്കെ അതിനിടയില്‍ നടത്തി. മക്കളും ചെറുമക്കളുമൊക്കെ ചേര്‍ന്ന് ആകെ ബഹളമയമായിരുന്നു അന്തരീക്ഷം. അതിനിടയില്‍ അയാള്‍ ആലോചിച്ചു. രണ്ടു ദിവസം കഴിയുമ്പോള്‍ എല്ലാം കഴിയും. പിന്നെ ഈ വലിയ വീട്ടില്‍ തനിക്കു കൂട്ട് പുസ്തകങ്ങളും സുമതിയുടെ ഓര്‍മകളും മാത്രം..
മക്കള്‍ക്കു തിരികെ പോകാനുള്ള ദിവസമെത്തി.
''അല്ല അച്ഛന്‍ ഇനിയും റെഡിയായില്ലേ..?'' മകന്റെ ചോദ്യം അയാളെ ചിന്താകുഴപ്പത്തിലാക്കി. മക്കളാരെങ്കിലും തന്നെ കൂടെ കൊണ്ടുപോകാനുള്ള ഉദ്ദേശത്തിലായിരിക്കണം. കുറച്ചുനാള്‍ നാട്ടില്‍നിന്ന് ഒന്നു മാറിനില്‍ക്കുന്നതും നല്ലതാണ്. എങ്കിലും ഇതുവരെ അക്കാര്യം തന്നോട് ആരും സൂചിപ്പിച്ചില്ലല്ലോ.. ഇനി തിരക്കിനിടയില്‍ പറഞ്ഞിട്ട് മറന്നുപോയതാണോ..
''ഞങ്ങള്‍ ഒത്തിരി ആലോചിച്ചാണ് അച്ഛാ ഈ തീരുമാനത്തിലെത്തിയത്..'' മകന്‍ പറയാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ ആകാംക്ഷയോടെ ചെവിയോര്‍ത്തു.
''ഞങ്ങള്‍ പൊയ്ക്കഴിഞ്ഞാല്‍ ഇവിടെ അച്ഛന്‍ ഒറ്റയ്ക്കാവും..''
മകനോ മകളോ ആരാവും തന്നെ കൂടെ കൊണ്ടുപോകുക എന്ന ചിന്താക്കുഴപ്പത്തിലായിരുന്നു അയാള്‍. ആരുടെ കൂടെ പോകാനും തനിക്കു സന്തോഷമാണ്. എങ്കിലും മകളോടോപ്പം പോകാനാണു കൂടുതലിഷ്ടം. ചെറുപ്പം മുതല്‍ അവളെയായിരുന്നല്ലോ കൂടുതല്‍ ലാളിച്ചുവളര്‍ത്തിയത്. മകളുടെ ശബ്ദമാണ് അയാളെ ചിന്തയില്‍ നിന്നുണര്‍ത്തിയത്.
''എന്തൊക്കെ വാര്‍ത്തകളാ ഓരോ ദിവസവും പത്രങ്ങളില്‍.. അതൊക്കെ വായിക്കുമ്പോള്‍ ഈ വലിയ വീട്ടില്‍ അച്ഛനെ ഒറ്റയ്ക്കാക്കി പോകാന്‍ പേടിയാവുന്നു..''
ചെറിയൊരു ചിരിയോടെ മകളുടെ ക്ഷണം കാത്ത് അയാള്‍ തലയുയര്‍ത്തി.
''അതു കൊണ്ട് അച്ഛാ, ടൗണിലെ 'സ്‌നേഹസദനി'ല്‍ അച്ഛനു വേണ്ടി ഒരു മുറി ഞങ്ങള്‍ ബുക്ക് ചെയ്തു. എല്ലാ സൗകര്യവുമുണ്ട്. വീട്ടിലെ പോലെ തന്നെ അവര്‍ നോക്കും. അച്ഛനെ അവിടെ ആക്കിയിട്ടാവുമ്പോള്‍ ഞങ്ങള്‍ക്കു സമാധാനമായി പോകുകയും ചെയ്യാമല്ലോ..!''
മകളുടെ വാക്കുകള്‍ അവിശ്വസനീയതയോടെയാണ് അയാള്‍ കേട്ടത്. തന്റെ മകള്‍ തന്നെയാണോ ഇതു പറയുന്നത്. എത്രയോ രാത്രികളില്‍ ഈ മകളെ നോക്കാന്‍ വേണ്ടി, അവളുടെ കരച്ചില്‍ മാറ്റാന്‍ വേണ്ടി താനും സുമതിയും ഉറക്കമൊഴിഞ്ഞിരുന്നിട്ടുണ്ട്. അതൊന്നും ഓര്‍ത്തു സമയം കളയാനില്ലായിരുന്നു. എതിര്‍ത്തൊന്നും പറയാനാകട്ടെ അയാളുടെ ശബ്ദം പുറത്തേക്കു വന്നതുമില്ല.
''എന്റെ പുസ്തകങ്ങള്‍..?'' ഒരു ഗദ്ഗദമായി ആ ശബ്ദം മാത്രം പുറത്തേക്കു വന്നു.
സ്വന്തമെന്നു പറയാന്‍ ഇനി അവ മാത്രം. അവയാണു സ്വാര്‍ഥതയില്ലാത്ത ബന്ധുക്കളും വഞ്ചനയില്ലാത്ത സുഹൃത്തുക്കളും..
''പുസ്തകങ്ങള്‍ മൊത്തം എടുത്തിട്ടുണ്ട്. ഇവിടെ ഇട്ടിട്ട് ആരു വായിക്കാനാണ്..'' മകള്‍ പറഞ്ഞു.
''ശരി, എന്നാല്‍ ഇറങ്ങാം. സമയം വൈകി..'' മകന്‍ ധൃതി കൂട്ടി. മക്കള്‍ കൈപിടിച്ച് അച്ഛനെ 'സ്‌നേഹസദന'ത്തിലേക്കു യാത്രയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."