ഏഴുവയസുകാരനെ മര്‍ദിച്ച സംഭവം കുട്ടിയുടെ പേരിലുള്ള നിക്ഷേപം പിന്‍വലിച്ച സംഭവത്തില്‍ ബാങ്ക് ഉദ്യോഗസ്ഥരും കുടുങ്ങും
കൊച്ചി: തൊടുപുഴയില്‍ ഏഴുവയസുകാരനെ അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദിച്ച കേസുമായി ബന്ധപ്പെട്ട് ബാങ്ക് ഉദ്യോഗസ്ഥരും കുടുങ്ങും. കുട്ടിയുടെ പേരില്‍ നിക്ഷേപിച്ച തുക കൃത്രിമംകാട്ടി പിന്‍വലിക്കാന്‍ കൂട്ടുനിന്നതിനാണ് ബാങ്ക് പ്രതിക്കൂട്ടിലാകുന്നത്. പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ് ഏഴും നാലും വയസുള്ള ആണ്‍കുട്ടികളുടെ പേരില്‍ തുക സമാഹരിച്ച് ബാങ്കില്‍ നിക്ഷേപിച്ചത്. 3.26 ലക്ഷം രൂപവീതമാണ് ഇരുവരുടെയും പേരില്‍ പ്രമുഖ ബാങ്കിന്റെ തൊടുപുഴ ബ്രാഞ്ചില്‍ നിക്ഷേപിച്ചിരുന്നത്.
കുട്ടികള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ പണം തിരിച്ചെടുക്കുന്ന രീതിയിലായിരുന്നു സ്ഥിരനിക്ഷേപം. എന്നാല്‍ കുട്ടികള്‍ക്കും മാതാവിനുമൊപ്പം കഴിഞ്ഞിരുന്ന അരുണ്‍ ആനന്ദ് ബാങ്ക് ജീവനക്കാരെ സ്വാധീനിച്ചാണ് പണം തട്ടിയതെന്ന് കുട്ടിയുടെ മാതാവ് 'സുപ്രഭാത'ത്തോട് പറഞ്ഞു. ഇതേ ബാങ്കിന്റെ പുലാമന്തോള്‍, ബംഗളൂരു ശാഖകളില്‍ അഞ്ചുവര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടുള്ള അരുണ്‍ തുക നിക്ഷേപിച്ചിരുന്ന തൊടുപുഴ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനെ സ്വാധീനിച്ചാണ് മൂത്ത മകന്റെ പേരിലിട്ടിരുന്ന പണം കൈക്കലാക്കിയത്. കുട്ടികളുടെ പേരില്‍ ബാങ്കില്‍ പണം നിക്ഷേപിച്ച വിവരം താന്‍ തന്നെയാണ് അരുണിനോട് പറഞ്ഞതെന്നും യുവതി പറഞ്ഞു.
അതിനിടെ ഭര്‍ത്താവ് മരിച്ച് മൂന്നാംദിവസം അരുണിനെ വിവാഹം കഴിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടെന്നുള്ള ഭര്‍തൃപിതാവിന്റെ വെളിപ്പെടുത്തല്‍ കള്ളമാണെന്നും യുവതി പറഞ്ഞു. ബിജു മരിക്കുന്നതിന് മുന്‍പ് വെറും രണ്ടുതവണമാത്രമാണ് താന്‍ അരുണിനെ കണ്ടിട്ടുള്ളത്. ഭര്‍ത്താവിന്റെ മരണശേഷം കടുത്ത മാനസിക പീഡനമാണ് അവിടെനിന്നും അനുഭവിക്കേണ്ടിവന്നത്. ഭര്‍ത്താവിന്റെ അമ്മ മറ്റൊരു മതവിഭാഗത്തിന്റെ ആരാധനാകാര്യങ്ങളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. വീടുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം പരിപാടിയില്‍ അമ്മ സ്ഥിരമായി പോകുമായിരുന്നു. മരിക്കുന്നതിനുമുന്‍പ് ഭര്‍ത്താവിനെയും ഇപ്രകാരം നിര്‍ബന്ധിച്ചിരുന്നു. ഇതേതുടര്‍ന്നാണ് തിരുവനന്തപുരത്തെ വീട്ടില്‍നിന്നും തന്റെ നാടായ തൊടുപുഴയിലേക്ക് താമസംമാറ്റിയതും അവിടെ വര്‍ക്‌ഷോപ്പ് തുടങ്ങിയതും.
മതപരിപാടിയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധം കൂടി വന്നപ്പോള്‍ എങ്ങനെയും അവിടെനിന്ന് മക്കളെയുംകൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്നും യുവതി പറഞ്ഞു. ഈ സമയത്താണ് അരുണ്‍ രക്ഷകനായി എത്തുന്നത്. താന്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയതാണെന്നും മകളും ആദ്യഭാര്യയും അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണെന്നും പറഞ്ഞു. രണ്ടുമക്കളെയും തന്നെയും സംരക്ഷിച്ചുകൊള്ളാമെന്നും പറഞ്ഞു. മുന്‍കാലത്ത് ഇയാള്‍ ചെയ്ത തെറ്റുകളും ഏറ്റുപറഞ്ഞിരുന്നു. വിശ്വസിച്ചാണ് ഇയാള്‍ക്കൊപ്പം മക്കളെയും കൂട്ടി ഇറങ്ങിതിരിച്ചത്.
തന്റെയും മക്കളുടെയും ആവശ്യത്തിനാണ് മൈനറായ മകന്റെ പേരിലെ നിക്ഷേപം പിന്‍വലിക്കുന്നതെന്നാണ് പറഞ്ഞത്. എന്നാല്‍ ഞങ്ങള്‍ക്കുവേണ്ടി ഈ തുക ചെലവാക്കിയതായി അറിയില്ല. തുക പിന്‍വലിക്കുന്നതിനെ ശക്തമായി എതിര്‍ത്തിട്ടും പ്രയോജനമുണ്ടായില്ല. ഇളയമകന്റെ പേരിലുള്ള നിക്ഷേപം കൂടി പിന്‍വലിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നുന്നുവെന്നും യുവതി പറഞ്ഞു.
ക്രൂരമര്‍ദനത്തിനിരയായ എഴ് വയസുകാരന്റെ നില അതീവഗുരുതരമായി തുടരുകയാണ്. പ്രതി തിരുവനന്തപുരം നന്ദന്‍കോട് സ്വദേശി അരുണ്‍ ആനന്ദിനെ ഇന്ന് തൊടുപുഴ സി.ജെ.എം കോടതിയില്‍നിന്ന് പൊലിസ് കസ്റ്റഡിയില്‍ വാങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."