നിര്‍മാണത്തിലെ അശാസ്ത്രീയത; നാറാത്ത് മഴയില്‍ റോഡ് തകര്‍ന്നു
നാറാത്ത്: നിര്‍മാണത്തിലെ അശാസ്ത്രീയത കാരണം നാറാത്ത് 14-ാം വാര്‍ഡില്‍ റോഡ് തകര്‍ന്നതായി പരാതി. പാറപ്രം സി.പി അബ്ദുള്ള മൗലവി സ്മാരക റോഡാണ് മഴവെള്ളപാച്ചിലില്‍ ഒലിച്ചു പോയത്. നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ പിന്നിടുന്നതിനു മുന്‍പാണ് റോഡ് തകര്‍ന്നത്.
മഴവെള്ള പാച്ചിലില്‍ റോഡില്‍ ആഴമേറിയ കുഴികളും രൂപപ്പെട്ടു. റോഡിനിരുവശവും കെട്ടിയ കരിങ്കല്‍ ഭിത്തികള്‍ തകര്‍ത്തു. ഇതിനടുത്തുള്ള രണ്ടുവീടുകളും അപകടാവസ്ഥയിലാണ്. നാലരലക്ഷം ചെലവഴിച്ച് നാട്ടുകാരാണ് 370 മീറ്റര്‍ റോഡ് നിര്‍മിച്ചത്. പിന്നീട് ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തു. ലോകബാങ്ക് സഹായധനമായി അനുവദിച്ച എട്ടുലക്ഷത്തി എണ്‍പതിനായിരം രൂപ ചെലവഴിച്ചാണ് റോഡ് നവീകരണം തുടങ്ങിയത്. നേരത്തെ നാട്ടുകാര്‍ ഇരുവശത്തും ഓവുചാല്‍ നിര്‍മിച്ചിരുന്നു. എന്നാല്‍ വെള്ളം കുത്തിയൊഴുകുന്ന ചെങ്കുത്തായ റോഡിലെ ചെങ്കല്ലിനാല്‍ കെട്ടിയ ഓവുചാലുകള്‍ കരാറുകാരന് പിന്നീട് പൊളിച്ചുമാറ്റി. റോഡിന്റെനിര്മാണത്തിനൊപ്പം ഇതും നിര്‍മിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും വാഗ്ദാനത്തിലൊതുങ്ങി. നേരത്തെയുണ്ടായ മഴയില്‍ റോഡ് ഭാഗികമായി തകര്‍ന്നു. ഇതിനു ശേഷം കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് റോഡ് പൂര്‍ണമായും തകര്‍ന്നത്.
റോഡ് പണി പൂര്‍ത്തിയായതായി കാണിച്ചുകരാറുകാരന് ഏഴുലക്ഷം രൂപ കഴിഞ്ഞ മാര്‍ച്ചില്‍ കൈപറ്റിയിരുന്നു. ഇതോടെ പണം പാഴായതായി നാട്ടുകാര്‍ പറയുന്നു. ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതരും കരാറുകാരനും സ്ഥലം സന്ദര്‍ശിച്ചു പുനര്‍നിര്‍മാണത്തിനാവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ ഉറപ്പില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും നേരത്തെ നല്കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
ഇരുപതോളം വീട്ടുകാര്‍ ആശ്രയിക്കുന്ന ഏക റോഡാണ് മഴതുടങ്ങുന്നതിനു മുന്‍പു തന്നെ തകര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."