ആര്‍.സി അനുവദിക്കുന്നില്ല അപേക്ഷകരെ വട്ടംചുറ്റിച്ച് മോട്ടോര്‍ വാഹനവകുപ്പ്
കണ്ണൂര്‍: കണ്ണൂര്‍ ആര്‍.ടി ഓഫിസില്‍ പുതിയ വാഹനം രജിസ്‌ട്രേഷന്‍ ചെയ്യാന്‍ അപേക്ഷിച്ചവരെ വട്ടംചുറ്റിക്കുന്നു. പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു നമ്പര്‍കിട്ടിയ നൂറുകണക്കിന് വാഹന ഉടമസ്ഥര്‍ക്കു ഇതുവരെ ഒറിജനല്‍ ആര്‍.സി ലഭിച്ചിട്ടില്ല.
ഇടനിലക്കാരില്ലാതെ അപേക്ഷ നല്‍കിയവര്‍ക്കാണ് ഈ ഗതികേട്. ഡ്രൈവിങ് സ്‌കൂളുകാരും ഏജന്റുമാരും നല്‍കുന്ന അപേക്ഷകള്‍ മാത്രമാണ് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പരിഗണിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. വന്‍തുകയാണ് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന ഇത്തരക്കാര്‍ വാങ്ങുന്നത്. നേരത്തെ ആര്‍.ടി ഓഫിസുകളില്‍ ഇടനിലക്കാര്‍ വേണ്ടെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നുവെങ്കിലും അത് കണ്ണൂരിലെ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ അറിഞ്ഞമട്ടില്ല. സാധാരണക്കാര്‍ നേരിട്ടുകൊടുക്കുന്ന അപേക്ഷകള്‍ പോലും സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാവുന്നില്ല. പലതവണ മടക്കുന്ന ഇത്തരം അപേക്ഷകള്‍ ഒടുവില്‍ എല്ലാം കൃത്യമാക്കി സമര്‍പ്പിച്ചാല്‍ മറ്റെന്തെങ്കിലും കാരണം പറഞ്ഞു ഒഴിവാക്കും. പലതവണ നടന്നു ചെരുപ്പ് തേഞ്ഞാല്‍ ഗതികിട്ടാതെ ഏജന്റുമാരെ ആശ്രയിക്കുകയാണ് പലരും. എ.ജെ രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ക്കാണ് ആര്‍.സി ഇതുവരെ ലഭിക്കാത്തത്. മൂന്നുമാസമായിട്ടും ഇതുവരെ ആര്‍.സി ലഭിക്കാത്ത അപേക്ഷകരുണ്ട്. ആര്‍.സി നല്‍കേണ്ട ലാമിനേഷന്‍ പേപ്പറും മറ്റുസംവിധാനങ്ങളും ഇല്ലാത്തതിനാലാണ് നല്‍കാന്‍ സാധിക്കാത്തതാണെന്നാണ് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാല്‍ എപ്പോള്‍ ലഭിക്കുമെന്ന കാര്യത്തില്‍ ഇവര്‍ക്ക് മറുപടിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."