വാട്സ്ആപ് സന്ദേശത്തിന്റെ പേരില്‍ സാക്ഷരതാ പ്രേരകിനെ പിരിച്ചുവിട്ടു
മാനന്തവാടി: സാക്ഷരതാ പ്രേരകിനെ വാട്സപ്പ് മെസേജ് അയച്ചതിന്റെ പേരില്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. തവിഞ്ഞാല്‍ പഞ്ചായത്ത് തലപ്പുഴ തുടര്‍വിദ്യാകേന്ദ്രത്തിലെ സാക്ഷരതാ പ്രേരക് കെ.ടി ജോണിയെയാണ് പിരിച്ചുവിട്ടത്. ഏതാനും ദിവസം മുന്‍പ് അമ്മ മരിച്ച ദുഃഖത്തില്‍ കഴിയുന്ന ജോണിയെ പിരിച്ചുവിട്ടതില്‍ പരക്കെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. വാട്സ് അപ്പിലൂടെ മെസേജ് അയച്ചു എന്ന കാരണം പറഞ്ഞാണ് സാക്ഷരതാ ഡയറക്ടര്‍ ജോണിയെ പിരിച്ചുവിട്ടത്. മുന്‍പ് യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു സാക്ഷരതാ പ്രേരകിനെ പിരിച്ചുവിട്ടിരുന്നു. പിരിച്ചുവിടലിനെ ന്യായീകരിച്ച് കൊണ്ട് വാട്സപ്പില്‍ വന്ന മെസേജിന്നെതിരേ ജോണി മറുപടി നല്‍കിയിരുന്നു. എന്നാല്‍ ന്യായീകരിച്ച് മെസേജ് അയച്ചത് സാക്ഷരതാ വകുപ്പില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനായിരുന്നു. ഇതറിയാതെയാണ് ജോണി മറുപടി നല്‍കിയിരുന്നത്. ഇതേ തുടര്‍ന്ന് ജോണി അറിയാതെ സംഭവിച്ച് പോയതാണെന്നും ക്ഷമിക്കണം എന്നും കാണിച്ച് സാക്ഷരതാ വകുപ്പ് അധികൃതര്‍ക്ക് മാപ്പ് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ ജോണിയെ പിരിച്ചുവിടുകയായിരുന്നു. 20 വര്‍ഷമായി സാക്ഷരതാ പ്രേരക് ആയി ജോണി ജോലി ചെയ്ത് വരുകയായിരുന്നു. നിത്യരോഗിയായ ജോണിതലപ്പുഴ കമ്പി പാലത്തിന് സമീപം വാടക വീട്ടിലാണ് താമസിക്കുന്നത്. അമ്മയും ജോണിയുമായിരുന്നു താമസിച്ച് വന്നിരുന്നത്. എന്നാല്‍ ഫെബ്രുവരി 14 ന് ജോണിയുടെ അമ്മ കക്കടവത്ത് മേരി മരണപ്പെടുകയായിരുന്നു. അതിന്റെ ദുഖത്തില്‍ കഴിയുന്നതിന്നിടക്കാണ് കഴിഞ്ഞ ദിവസം ജോണിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."