ഉരുള്‍പൊട്ടല്‍ ഭീഷണി; മണ്ണാര്‍മല നിവാസികള്‍ ഭീതിയില്‍ മണ്ണാര്‍മലയില്‍ ഇന്ന് പ്രതിഷേധ സംഗമം
വെട്ടത്തൂര്‍: ക്രഷര്‍ മാഫിയ ഖനനത്തിനായി നീക്കംനടത്തുന്ന മണ്ണാര്‍മലയില്‍ മഴയെത്തുടര്‍ന്ന് ജനങ്ങള്‍ ഭീതിയില്‍. മലയുടെ അടിവാരത്തുള്ള ആദിവാസി കുടുംബങ്ങള്‍ ഉള്‍പ്പടെ ഉരുള്‍പൊട്ടല്‍ ഭീതിയില്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിതാമസിക്കുകയാണിപ്പോള്‍.
നേരത്തെ 1987ലും 2007ലും ഇവിടെ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. അന്നത്തെ ദുരന്തങ്ങളില്‍ ചിതറിതെറിച്ച കൂറ്റന്‍ പാറക്കല്ലുകള്‍ ഏതുനിമിഷവും നിലംപതിക്കുമെന്ന സ്ഥിതിയില്‍ ജനവാസ മേഖലയോട് അടുത്തെത്തിനില്‍ക്കുന്നതും ഭീതി പരത്തുകയാണ്.
മലഞ്ചേരുവുകളില്‍ നിരവധി കൂറ്റന്‍കല്ലുകളാണ് താഴേക്കുപതിക്കുമെന്ന മട്ടില്‍ നില്‍ക്കുന്നത്. നൂറുകണക്കിന് കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മണ്ണാര്‍മല മദീന റോഡിലെ കൈപള്ളിക്കര, ചേരിങ്ങല്‍ നിവാസികള്‍ക്കാണ് ഭീതി വിതച്ചു നില്‍ക്കുന്നത്. കുറുപ്പത്ത് കരയിലെ തിണ്ടിലിയന്‍കുന്നില്‍ ജിയോളജി വകുപ്പ് സന്ദര്‍ശനം നടത്തി മറ്റൊരു ഭീമന്‍ പാറക്കല്ലും കണ്ടത്തിയിരുന്നു.
കനത്തമഴയോ, മണ്ണൊലിപ്പോ ഉണ്ടായാല്‍വരെ ഈ കല്ലുകള്‍ക്ക് സ്ഥാനചലനം സംഭവിക്കാം. പരിസ്ഥിതി ലോലമായ ഈ പ്രദേശത്താണ് തൊടുപുഴ സ്വദേശി നാട്ടുകാരായ ഭൂഉടമകളില്‍ നിന്നും പാട്ടത്തിനെടുത്ത അറുപത് ഏക്കര്‍ സ്ഥലത്ത് ക്രഷര്‍ തുടങ്ങാനിരിക്കുന്നത്. എന്നാല്‍, അപകട സാധ്യത മുന്‍നിറുത്തി ക്രഷര്‍ പ്രവര്‍ത്തനം തടയിടാന്‍ നാട്ടുകൂട്ടായ്മയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികളും നടക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായി ഇന്ന് വൈകീട്ട് നാലിന് മാട് പ്രദേശത്ത് നടക്കുന്ന പ്രത്യേക സംഗമത്തില്‍ യുവ കലാസാഹിതി ജില്ലാ പ്രസിഡന്റ് എ.പി അഹമ്മദ് മാസ്റ്റര്‍ ഉള്‍പ്പടെ സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."