അഗളിയില്‍ വാഹനത്തിനു നേരെ അജ്ഞാതരുടെ വെടിവയ്പ്
അഗളി: അട്ടപ്പാടി കാവുണ്ടിക്കല്ല് തകരപ്പാടിക്കടുത്ത് സ്വകാര്യ വാഹനത്തിന് നേരെ നടന്ന വെടിവപ്പില്‍ യുവാവിന് പരുക്കേറ്റു. സംഭവത്തില്‍ വാഹനം ഓടിച്ചിരുന്ന കാവുണ്ടിക്കല്ല് സ്വദേശി ഉദയനാണ്(40) പരുക്ക് പറ്റിയത്. പരുക്കേറ്റ ഉദയന്‍ പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ ഗൂളിക്കടവില്‍ പച്ചക്കറി വ്യാപാരം നടത്തിവരികയാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവമുണ്ടായത്. അതേസമയം വെടിവെപ്പുണ്ടായതിനെ തുടര്‍ന്ന് അഗളിയിലും പരിസരങ്ങളിലും പ്രചരിച്ചത് ഉദയനുനേരെ മാവോയിസ്റ്റുകള്‍ വെടിവെച്ചുവെന്നായിരുന്നു. എന്നാല്‍ ഇക്കാര്യം പൊലിസ് നിഷേധിച്ചു. സാമ്പത്തികതാല്‍പ്പര്യത്തോടെ നടന്ന ആക്രമണമാണ് നടന്നതെന്നും പൊലിസ് വിശദീകരിച്ചു. തകരപ്പാടിക്ക് സമീപമുള്ള വളവില്‍ വാഹനത്തിന് നേരെ രണ്ടു തവണ വെടിയുതിര്‍ക്കുകയായിരുന്നു. പിക്കപ്പ് വാനിന്റെ മുന്‍വശം തുളച്ചെത്തിയ വെടിയുണ്ട വണ്ടിയോടിച്ചിരുന്ന ഉദയന്റെ കാലില്‍ തുളഞ്ഞുകയറി. ഒരു വെടിയുണ്ട ബോണറ്റിന് മുകളിലായി തട്ടിയതായി പാടുകള്‍ ഉണ്ട്. റോഡിന്റെ മണ്‍തിട്ടയുടെ മുകളില്‍ നിന്ന് വെടിയുതിര്‍ത്തതാകുമെന്നാണ് നിഗമനം. ഉദയനൊപ്പം മണികണ്ഠന്‍ (32) എന്നൊരാളു കൂടി വാഹനത്തിലുണ്ടായിരുന്നു. വണ്ടിയുടെ മുമ്പില്‍ നിന്ന് പടക്കം പൊട്ടുന്നതുപോലെ ശബ്ദം കേട്ടുവെന്ന് ഇവര്‍ അറിയിച്ചു. പരിക്കേറ്റ ഉദയനെ വാഹനത്തില്‍ കൂടെയുണ്ടായിരുന്നയാള്‍ അഗളി ആശുപത്രിയില്‍ എത്തിച്ചു. പ്രഥമിക പരിശോധനയ്ക്ക് ശേഷം വിദഗ്ധ ചികിത്സക്കായി പെരിന്തല്‍മണ്ണ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പച്ചക്കറി വ്യാപാരിയായ ഉദയന്‍ പതിവായി വെളുപ്പിന് കോയമ്പത്തൂരേയ്ക്ക് ലോഡ് കയറ്റുന്നതിനായി പോകുമായിരുന്നു. രണ്ടു മാസങ്ങള്‍ക്കുമുമ്പ് കോയമ്പത്തൂര്‍ മാങ്കരക്ക് സമീപം പൊലിസ് വേഷമണിഞ്ഞെത്തിയ ആളുകള്‍ ഉദയനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടിരുന്നുവെന്നും സംഭവത്തില്‍ തമിഴ്‌നാട് തുടിയല്ലൂര്‍ പൊലിസ് സ്‌റ്റേഷനില്‍ ഉദയന്‍ പരാതി നല്‍കിയിരുന്നുവെന്നും പൊലീസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."