സമ്പൂര്‍ണ്ണ സഊദി വല്‍ക്കരണം: മാളുകളില്‍ സെപ്തംബര്‍ 21 മുതല്‍
റിയാദ്: കഴിഞ്ഞ ദിവസം സമ്പൂര്‍ണ്ണ സ്വദേശി വല്‍ക്കരണം പ്രഖ്യാപിച്ച ഷോപ്പിംഗ് മാളുകളില്‍ അടുത്ത മുഹറം മുതല്‍ ഇത് നടപ്പാക്കുമെന്ന് സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രി പറഞ്ഞു. മാളുകളിലെ സമ്പൂര്‍ണ്ണ സ്വദേശി വല്‍ക്കരണം വഴി ചുരുങ്ങിയത് 35,000 സഊദി യുവതീ-യുവാക്കള്‍ക്കെങ്കിലും തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.
സെപ്തംബര്‍ 21 മുതല്‍ അല്‍ഖസീം പ്രവിശ്യയിലെ മാളുകളില്‍ നടപ്പാക്കി തുടങ്ങുന്ന പുതിയ പദ്ധതി അടുത്ത വര്‍ഷം അവസാനത്തോടെ മുഴുവന്‍ പ്രവിശ്യകളിലെയും എല്ലാ മാളുകളിലും പൂര്‍ണ്ണമായും നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. നേരത്തെ നടപ്പാക്കിയ മൊബൈല്‍ ഫോണ്‍ കടകളിലെ സഊദി വല്‍ക്കരണ തീരുമാനം ആയിരക്കണക്കിന് മലയാളികള്‍ അടക്കമുള്ള വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതിന് ഇടയാക്കിയിരുന്നു. മാളുകളിലെ സമ്പൂര്‍ണ സഊദി വല്‍ക്കരണവും പതിനായിരക്കണക്കിന് വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതിന് ഇടയാക്കുമെന്നാണ് കരുതുന്നത്.
മാളുകള്‍ക്കു പുറമെ അല്‍ഖസീമില്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന മൊബൈല്‍ യൂനിറ്റുകളിലും സഊദി വല്‍ക്കരണം നടപ്പാക്കുന്നതിന് തൊഴില്‍, സാമൂഹിക വികസന മന്ത്രി ഉത്തരവിട്ടിട്ടുണ്ട്. അഞ്ചു മാസത്തിനു ശേഷം മുഹറം ഒന്നു മുതല്‍ ഇത് നിലവില്‍വരും. ഇതിനു ശേഷം മാളുകളിലും മൊബൈല്‍ യൂനിറ്റുകളിലും ജോലി ചെയ്യുന്ന വിദേശികള്‍ക്കും അവരെ ജോലിക്കു വെക്കുന്നവര്‍ക്കുമെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും തൊഴില്‍ മന്ത്രിയുടെ ഉത്തരവ് വ്യക്തമാക്കി.
അതേസമയം, രാജ്യത്തെ ഗതാഗത മേഖലയിലും സമ്പൂര്‍ണ്ണ സ്വദേശി ഒരുക്കങ്ങള്‍ അധികൃതര്‍ ആരംഭിച്ചു. അടുത്തയാഴ്ച്ച ഇത് സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ ഔദ്യോഗിക പ്രഖ്യാപനത്തോടെ പുറത്തു വിടും. ടാക്‌സി വാഹനങ്ങള്‍, ചരക്കു കടത്ത്, കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഗതാഗത സേവനങ്ങള്‍, സ്വകാര്യ വാഹന സര്‍വ്വീസ്, വിദ്യാര്‍ത്ഥികളുടെ യാത്ര തുടങ്ങിയ നിരവധി സേവനങ്ങള്‍ ഗതാഗത മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. എന്നാല്‍ ഏതെല്ലാം തരത്തിലാണ് പൂര്‍ണ്ണ തോതിലുള്ള സ്വദേശി വല്‍ക്കരണം നടപ്പാക്കുകയെന്ന് ഇപ്പോള്‍ വ്യക്തമല്ല.
ഒമ്പതു ലക്ഷത്തോളം സൗദികളാണ് തൊഴില്‍ രഹിതരായി കഴിയുന്നത്. നാലു വര്‍ഷത്തിനുള്ളില്‍ സ്വദേശി തൊഴിലില്ലായ്മ നിരക്ക് 12.1 ശതമാനത്തില്‍ നിന്ന് ഒമ്പതു ശതമാനമായി കുറക്കുന്നതിനും സ്വദേശികള്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും തൊഴില്‍ വിപണിയിലെ വനിതാ പങ്കാളിത്തം 28 ശതമാനമായി വര്‍ധിപ്പിക്കുന്നതിനുമാണ് നിതാഖാത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."