ലോക ബാലപുസ്തക ദിനത്തില്‍ ഇടയിലെക്കാട്ടിലെ 'കുഞ്ഞരങ്ങി'ല്‍ വായനാ വസന്തം
തൃക്കരിപ്പൂര്‍: മധ്യവേനലവധിക്കാലം വര്‍ണാഭമാക്കാനും വായനയുടെ വിശാലലോകത്തേക്ക് പറന്നുയരാനും ഇടയിലെക്കാട് ഗ്രാമത്തിലെ കുരുന്നുകള്‍ക്ക് വായനാ വസന്തം. ഇടയിലെക്കാട് എ.എല്‍.പി സ്‌കൂളിന്റെയും ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയത്തിന്റെയും നേതൃത്വത്തിലാണ് കുട്ടികളുടെ അവധിക്കാലത്തെ ടാബിനും കംപ്യൂട്ടറിനും ടെലിവിഷനും മൊബൈല്‍ ഫോണിനും അടിമപ്പെടുത്താതെ വായനയ്ക്കായി മാറ്റിവെക്കുന്നത്.
വിനോദത്തിന്റെയും വിശ്രമത്തിന്റെയും ആഹ്ലാദാരവങ്ങള്‍ക്കൊപ്പം സമഗ്ര ശിക്ഷ കാസര്‍കോട് കുട്ടികള്‍ക്കായി തയാറാക്കിയ കുഞ്ഞരങ്ങ് പ്രവര്‍ത്തന പാക്കേജിന്റെ ഭാഗമായാണ് വേറിട്ട പരിപാടികള്‍ക്ക് ആരംഭം കുറിച്ചത്. മധ്യവേനല്‍ അവധിക്കാലമായ ഏപ്രില്‍, മെയ് മാസങ്ങളില്‍ ഗ്രന്ഥാലയത്തിലെ പുസ്തകങ്ങള്‍ ഏറ്റവും കൂടുതല്‍ വായിക്കുകയും മികച്ച വായനാ കുറിപ്പുകള്‍ എഴുതുകയും ചെയ്യുന്ന പ്രദേശത്തെ എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്ക് വായനാ പക്ഷാചരണക്കാലത്ത് ജൂണില്‍ വായനാവസന്തം പുരസ്‌കാരം സമ്മാനിക്കും.
ഗ്രന്ഥാലയം കഴിഞ്ഞ മൂന്നുവര്‍ഷമായി മാതൃകാപരമായി നടത്തി വരുന്ന വായനാവസന്തം ഇത്തവണ കുഞ്ഞരങ്ങുമായി ബന്ധിപ്പിച്ച് വൈവിധ്യമാര്‍ന്ന പരിപാടികളോടെയാകും നടക്കുക. പ്രതിവാര വായനക്കൂട്ടം സംഗമം, എഴുത്തുകാരുമായി മുഖാമുഖം, കഥാവായന, കവിതാലാപന വേദി, സാഹിത്യ കൃതികളുടെ വ്യത്യസ്ത ആവിഷ്‌കാരങ്ങള്‍, വായനാകുറിപ്പുകളുടെ അവതരണം, നാടന്‍ കളികള്‍, നാടന്‍ കളികളുടെയും നാടന്‍ പലഹാരങ്ങളുടെയും നാട്ടുപാനീയങ്ങളുടെയും മേളകള്‍, പ്രകൃതി നടത്തം തുടങ്ങിയ പരിപാടികളാണ് ഇതിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്.
കുട്ടികളുടെ വായനയിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും രക്ഷിതാക്കളുടെ കൈത്താങ്ങുമുണ്ടാകും. വലിയപറമ്പ് പഞ്ചായത്ത് അംഗം വി.കെ കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം. ഷാജി അധ്യക്ഷനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."