ഇനി ഫുട്‌സാല്‍ ആരവങ്ങള്‍
ചെന്നൈ: യൂറോ, കോപ്പ അമേരിക്ക ആരവങ്ങള്‍ അവസാനിച്ചപ്പോള്‍ ആവേശം ചോരാതെ ഫുട്‌ബോളിന്റെ ചെറു രൂപമായ ഫുട്‌സാലെത്തുന്നു. ഇതിഹാസ താരങ്ങളുമായെത്തുന്ന പ്രീമിയര്‍ ഫുട്‌സാലിനു ഇന്നു തുടക്കം കുറിക്കും. ഐ.എസ്.എല്‍ മാതൃകയില്‍ വന്‍ താര പരിവേഷവുമായാണ് ടൂര്‍ണമെന്റ് വിരുന്നെത്തുന്നത്. ഇന്നു മുതല്‍ ഈ മാസം 24 വരെയുള്ള ടൂര്‍ണമെന്റില്‍ ഇന്ത്യയിലെ ആറു നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആറു ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, ഗോവ, ബംഗളൂരു എന്നിവയും മലയാളത്തിന്റെ സാന്നിധ്യമായി കൊച്ചിയുമാണ് ടീമുകള്‍. ആറു ടീമുകളെ മുമൂന്നു ടീമുകളുള്ള രണ്ട് ഗ്രൂപ്പായി തിരിച്ചാണ് മത്സരം. ചെന്നൈ, ഗോവ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. കൊച്ചി, ചെന്നൈ, മുംബൈ ടീമുകളുടെ മത്സരങ്ങള്‍ ചെന്നൈയിലും ഗോവ, കൊല്‍ക്കത്ത, ബംഗളൂരു ടീമുകളുടെ മത്സരങ്ങള്‍ ഗോവയിലും നടക്കും.
ഫൈനലടക്കം 15 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍. ഓരോ ടീമും തമ്മില്‍ രണ്ടു തവണ മത്സരിക്കും. ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്. രണ്ടു മത്സരങ്ങളാണ് ഇന്നുള്ളത്. ആദ്യ മത്സരത്തില്‍ ചെന്നൈ ഫൈവ്‌സ് മുംബൈ ഫൈവ്‌സിനെ നേരിടുമ്പോള്‍ രണ്ടാം മത്സരത്തില്‍ ഗോവ ഫൈവ്‌സിന് കൊല്‍ക്കത്ത ഫൈവ്‌സാണ് എതിരാളികള്‍.
ലോക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളായിരുന്ന റൊണാള്‍ഡീഞ്ഞോ, റയാന്‍ ഗിഗ്‌സ്, പോള്‍ സ്‌കോള്‍സ്, ഹെര്‍നന്‍ ക്രെസ്‌പോ, മൈക്കല്‍ സഗാല്‍ഡോ എന്നിവരും ഫുട്‌സാലിലെ ഇതിഹാസ താരമായ ബ്രസീലിന്റെ ഫാല്‍ക്കാവോയും പന്തു തട്ടുന്നു എന്നതാണ് ഫുട്‌സാലിന്റെ പ്രധാന ആകര്‍ഷണം. ഈ മാര്‍ക്വീ താരങ്ങളുള്‍പ്പെടെ 12 പേരാണ് ഒരു ടീമില്‍. വിദേശ താരങ്ങളും അഞ്ചു ഇന്ത്യന്‍ താരങ്ങളുമുള്‍പ്പെട്ടതാണ് ഓരോ ടീമും.
എന്താണ് ഫുട്‌സാല്‍
ഫുട്‌ബോളിന്റെ ചെറു രൂപമെന്നു ഫുട്‌സാലിനെ വിശേഷിപ്പിക്കാം. പ്രധാനമായും ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളിലാണ് മത്സരം അരങ്ങേറുന്നത്. ചെറിയ മൈതാനം, ഫുട്‌ബോളിനേക്കാള്‍ ചെറിയ പന്ത്, ചെറിയ ഗോള്‍ വല എന്നിവയാണ് ഫുട്‌സാലിനുപയോഗിക്കുന്നത്. ഒരു ടീമില്‍ ഗോള്‍ കീപ്പറടക്കം അഞ്ചു പേരാണുണ്ടാവുക. 20 മിനുട്ട് വീതമുള്ള രണ്ടു പകുതികളടക്കം 40 മിനുട്ടാണ് മത്സരത്തിന്റെ ദൈര്‍ഘ്യം. ഫുട്‌ബോളിലുപയോഗിക്കുന്നതു പോലെ ഫൗളുകള്‍ക്ക് മഞ്ഞ, ചുവപ്പ് കാര്‍ഡുകള്‍ ഫുട്‌സാലിനും ഉപയോഗിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."