ബന്തടുക്ക ടൗണ്‍ കൊതുകുവളര്‍ത്തു കേന്ദ്രമോ..?
കുറ്റിക്കോല്‍: ബന്തടുക്ക ടൗണിലെ കെട്ടിടത്തിനടിയിലെയും ഓവുചാലിലെയും വെള്ളക്കെട്ടുകള്‍ കൊതുകുവളര്‍ത്തു കേന്ദ്രമായി മാറുന്നു. ഓവുചാലുകളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും ചപ്പുചവറുകളും നിറഞ്ഞതോടെ മഴ പെയ്യുന്ന സമയത്ത് ബന്തടുക്കയില്‍ വെള്ളക്കെട്ട് ശക്തമായിരിക്കുകയാണ്.
പെട്രോള്‍ പമ്പിനു സമീപം ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു താഴെയാണ് മാലിന്യങ്ങളടക്കമുള്ള വെള്ളം കെട്ടി നില്‍ക്കുന്നത്. ഇതു കൊതുകുകള്‍ പെരുകാന്‍ കാരണമാവുകയാണ്.
ഒരു മഴ പെയ്താല്‍ ദിവസങ്ങളോളമാണ് ഇവിടെ വെള്ളം കെട്ടി നില്‍ക്കുന്നത്. ഇവിടെയുള്ള ഓവുചാലുകള്‍ക്കു വീതിയില്ലാത്തതും മാലിന്യങ്ങള്‍ നിറഞ്ഞു കിടക്കുന്നതുമാണ് വെള്ളക്കെട്ടിനു കാരണം. ഓവുചാല്‍ പലയിടത്തും മൂടിയ നിലയിലാണ്.
പെട്രോള്‍ പമ്പ് മുതല്‍ ഏണിയാടി വരെയുളള റോഡില്‍ മഴ ശക്തമായി പെയ്താല്‍ നടന്നു പോകാന്‍ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഷോപ്പിങ് കേംപ്ലക്സ് കെട്ടിടത്തിലും ടൗണിന്റെ വിവിധ ഭാഗങ്ങളിലും മാലിന്യം കുമിഞ്ഞുകൂടി കിടക്കുകയാണ്.
മാലിന്യം നീക്കം ചെയ്യാനും ഓവുചാല്‍ വൃത്തിയാക്കാനും പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പും തയാറാവുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."